കണ്ണൂരില്‍ കുടുംബത്തിലെ എട്ട് പേര്‍ക്കും കോവിഡ്; കാരണം കോറന്റൈന്‍ ലംഘനമെന്ന്

Sunday April 12th, 2020

കണ്ണൂര്‍: സംസ്ഥാനത്ത് തന്നെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട് രോഗമുക്തരായവര്‍ ഏറ്റവും കൂടുതലുള്ള കണ്ണൂരില്‍ ഒരു വീട്ടിലെ എട്ടുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പ് അധികൃതരെ നിരാശയിലാഴ്ത്തുന്നു. ജില്ലയില്‍ ഒരാഴ്ച മുമ്പു വരെ വിദേശ നാടുകളില്‍ നിന്നെത്തിയവരിലായിരുന്നു കൊറോണ ബാധ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഏപ്രില്‍ 5ന് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള ആദ്യ കേസ് റിപോര്‍ട്ട് ചെയ്യപ്പെട്ടു. ചെറുവാഞ്ചേരി സ്വദേശി 81കാരനാണു പരിശോധനയില്‍ വൈറസ് ബാധ കണ്ടെത്തിയത്. എന്നാല്‍ അഞ്ചുദിവസം പിന്നിടുമ്പോഴേക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടെ എണ്ണം 10 ആയി ഉയര്‍ന്നു. ഇവരില്‍ ഒരാള്‍ക്കൊഴികെ രോഗം പകര്‍ന്നിരിക്കുന്നത് സ്വന്തം വീടുകളില്‍ വച്ചാണ് എന്നതാണ് ഏറെ സങ്കടകരം. ഒരു വീട്ടിലെ എട്ടുപേര്‍ക്കും വൈറസ്ബാധയുണ്ടായി. ഗള്‍ഫില്‍ നിന്നെത്തിയ കുട്ടിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മറ്റുള്ളവരും കൊറോണ ബാധിതരായത്. കുട്ടി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് തന്നെ വീട്ടിലുള്ള 81കാരന്‍ രോഗബാധിതനായി എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വിദേശത്തു നിന്നു വന്ന കുട്ടിയെ ശരിയായ രീതിയില്‍ ഹോം ക്വാറന്റൈനിലിരുത്തുന്നതില്‍ മുതിര്‍ന്നവര്‍ പരാജയപ്പെട്ടതാണു ഇതിനു കാരണമെന്നാണ് ജില്ലാ കലക്്ടര്‍ ടി വി സുഭാഷ് പറയുന്നത്. കുട്ടിയെ ഒറ്റയ്ക്ക് ഒരു മുറിയില്‍ ഇരുത്തുന്നതിനു പകരം, ഏറെക്കാലത്തിനു ശേഷം നാട്ടിലെത്തിയ കുട്ടിയോടുള്ള സ്‌നേഹവാല്‍സല്യം വേണ്ടുവോളം പ്രകടിപ്പിച്ചുകാണും വീട്ടിലെ മറ്റുള്ളവര്‍. മാര്‍ച്ച് 15നാണ് 11കാരന്‍ 13കാരനായ സഹോദരനും മാതാവിനുമൊപ്പം ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയത്. മാതാവിന്റെ രണ്ടു സഹോദരങ്ങള്‍ ഇവരെ കാറില്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു.

ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വിമാനത്താവളത്തില്‍ നിന്നു നാട്ടിലെത്തിയ ശേഷവും ആരോഗ്യപ്രവര്‍ത്തകര്‍ ഇവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും ഇല്ലല്ലോ എന്നു കരുതിയാവണം, കുട്ടികള്‍ ഉള്‍പ്പെടെ വീടിനു പുറത്തിറങ്ങിയതായാണ് വിവരം. ഒരാളില്‍ വൈറസ് പ്രവേശിച്ച് 28 ദിവസം വരെ രോഗലക്ഷണങ്ങള്‍ കണ്ടില്ലെന്നു വരാമെന്ന മുന്നറിയിപ്പുകളും ഇവിടെ അവഗണിക്കപ്പെട്ടു. നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നുവെങ്കില്‍ വീട്ടിലെ മറ്റ് ഏഴു പേര്‍ക്ക് രോഗബാധ ഒഴിവാക്കാമായിരുന്നു എന്നതാണ് സത്യം. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആളുകളും ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും കലക്ടര്‍ അറിയിച്ചു. വൈകുന്നതിനനുസരിച്ച് രോഗവ്യാപന സാധ്യതയും കൂടും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ സൂക്ഷ്മതയോടെ പാലിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു. അല്ലാത്തപക്ഷം, ലോക്ക് ഡൗണ്‍ കാലത്ത് പതിനായിരങ്ങള്‍ വീടുകളില്‍ അടച്ചുപൂട്ടിക്കിടക്കുന്നതും ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും പോലിസുമൊക്കെ രാപ്പകല്‍ ഭേദമന്യേ കഷ്ടപ്പെടുന്നതുമെല്ലാം വെറുതെയാവും. അതുകൊണ്ട് ഒരിക്കല്‍ കൂടി പറയുന്നു; ജാഗ്രത കൈവിടാതിരിക്കുക, നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക, നിങ്ങള്‍ക്കു വേണ്ടി മാത്രമല്ല, നാടിനും നാട്ടാര്‍ക്കും വേണ്ടിയെന്നാണ് കലക്ടറുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം