കോവിഡ് 19; സമൂഹവ്യാപനം വെല്ലുവിളിയാകുന്നതെങ്ങിനെ?

By spl|Sunday April 12th, 2020

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 9000 ത്തോട് അടുക്കുകയാണ്. 280ല്‍ അധികം മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ സമൂഹവ്യാപനം നടന്നതായി ഐ.സി.എം.ആര്‍ സംശയം ഉന്നയിക്കുകയും ചെയ്തതോടെ രാജ്യം ഇപ്പോള്‍ മുള്‍മുനയിലാണ്. വമ്പന്‍ രാജ്യങ്ങളെപ്പോലും വിറപ്പിക്കുന്ന കോവിഡ് ഇന്ത്യയെ എങ്ങോട്ട് നയിക്കുമെന്ന ആശങ്കയാണ് ജനങ്ങളിലും സര്‍ക്കാരിനും. സമൂഹവ്യാപനത്തിന്റെ പേടി രാജ്യമാകെ പടര്‍ന്നു. വിദേശത്തുനിന്നും കേരളത്തില്‍ എത്തി ആദ്യം രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് അടക്കം പുറത്തുവിട്ടു. ഇപ്പോഴും രോഗം സ്ഥിരീകരിക്കുന്നവര്‍ പോയ സ്ഥലങ്ങളും സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്തി അവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തുന്നു. ഇത്തരത്തില്‍ കണ്ടെത്തുന്നവരില്‍ രോഗം സ്ഥിരീകരിച്ചാല്‍ എവിടെ നിന്നും ആരില്‍നിന്നുമാണ് രോഗം പകര്‍ന്നതെന്ന് കൃത്യമായി പറയാനാകും.

കോവിഡ് വ്യാപനത്തെ ഇത്തരത്തില്‍ മൂന്നായി തിരിക്കാം. ഒന്നാംഘട്ടത്തില്‍ കോവിഡ് പടര്‍ന്നുപിടിച്ച രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവര്‍ക്ക് മാത്രം അണുബാധ ഉണ്ടാകുന്നു. നേരത്തേ കോവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായി അടുത്തിടപഴകിയവര്‍ക്കായിരിക്കും രണ്ടാം ഘട്ടത്തില്‍ രോഗം സ്ഥിരീകരിക്കുക. ഇവരെ െ്രെപമറി കോണ്ടാക്ടുകള്‍ എന്നും വിളിക്കാം. രോഗികളുമായി സമ്പര്‍ക്കം വന്നവരുമായി ഇടപഴകുന്ന മറ്റുള്ളവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതാണ് മൂന്നാം ഘട്ടം. ഇവരെ സെക്കന്‍ഡറി കോണ്ടാക്ട് എന്നു വിളിക്കാം. ഈ ഘട്ടത്തെ പ്രാദേശിക വ്യാപനം എന്നും പറയുന്നു. ഇതിനുപുറത്തേക്ക് രോഗം പടര്‍ന്നാല്‍ ഈ ഘട്ടത്തെ സമൂഹ വ്യാപനം എന്നുപറയുന്നു.

സമൂഹവ്യാപന ഘട്ടത്തില്‍ രോഗിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന കണ്ടെത്തല്‍ പ്രയാസമാകും. രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ മാത്രമേ എവിടെനിന്നോ അയാളുടെ ശരീരത്തില്‍ വൈറസ് ബാധ പ്രവേശിച്ചു എന്നത് അറിയാന്‍ കഴിയൂ. സ്രോതസ് കണ്ടെത്താന്‍ കഴിയില്ലെന്ന് മാത്രമല്ല, സമൂഹത്തിന്റെ മറ്റു പല സ്ഥലങ്ങളില്‍ നിന്നും രോഗികളെ കണ്ടെത്തുകയും ചെയ്യുന്നു. മരണവും രോഗബാധിതരുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിക്കും.1, 2, 4, 8, 16 എന്നീ ഭയാനകമായ ഇരട്ട അക്കത്തിലൂടെയായിരിക്കും രോഗബാധ മറ്റുള്ളവരിലേക്ക് കൈമാറുക എന്നതാണ് ഭീതി ഉയര്‍ത്തുന്ന മറ്റൊരു കാര്യം. കൂടുതല്‍ കൂടുതല്‍ പേരിലേക്ക് വൈറസ് പകരും. ഇതുവഴി ദിവസങ്ങള്‍ക്കുള്ളില്‍ ആയിരങ്ങളിലേക്ക് രോഗബാധയെത്തും.

രോഗം ബാധിച്ച വ്യക്തികള്‍ തങ്ങളുടെ യാത്രാ വിവരങ്ങള്‍ മറച്ചുവെക്കുന്നതും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടാത്തതും കൂടുതല്‍ പേരിലേക്ക് രോഗം പകരാന്‍ കാരണമാകും. രാജ്യമെമ്പാടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഐ.സി.എം.ആര്‍ പരിശോധിച്ച 800 സാമ്പിളുകളില്‍നിന്നും സമൂഹ വ്യാപനത്തിനുള്ള സാധ്യതകള്‍ കണ്ടെത്തിയിരുന്നില്ല. പരിശോധിക്കുന്ന സാമ്പിളുകളില്‍ 20 മുതല്‍ 30 ശതമാനം വരെ പോസിറ്റീവ് ആകുകയും അവയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ വരുമ്പോഴുമാണ് സമൂഹവ്യാപനം നടന്നതായി ഉറപ്പിക്കാന്‍ കഴിയൂ എന്ന് ആരോഗ്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചിരുന്നു. ജനസാന്ദ്രത കൂടുതലുള്ള ഇന്ത്യയില്‍ സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ അവ മറച്ചുവെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം