തിരുവനന്തപുരം: 10, 11, 12 ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കാനുള്ള ക്രമീകരണങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിക്കും.
പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകര്‍ക്ക് ഓണ്‍ലൈനായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പു ആരംഭിച്ച പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കും. ഇതിനു പുറമെ പ്രത്യേക അവധിക്കാല പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംവിധാനം ഉപയോഗിച്ച് നടത്തും. ‘സമഗ്ര’ പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിന്‍ വഴി ഇതിനാവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് ഇത് മെയ് 14ന് ആരംഭിക്കും.
സ്കൂളുകള്‍ തുറക്കാന്‍ വൈകുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍പോലും ജൂണ്‍ ഒന്നുമുതല്‍ കുട്ടികള്‍ക്കായി പ്രത്യേക പഠനപരിപാടി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. വിക്ടേഴ്സ് ചാനല്‍ തങ്ങളുടെ ശൃംഖലയിലുണ്ട് എന്നുറപ്പാക്കാന്‍ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ഡിടിഎച്ച് സേവന ദാതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുപുറമെ വെബിലും മൊബൈലിലും ഈ ക്ലാസുകള്‍ ലഭ്യമാക്കും. ഇത്തരത്തില്‍ ഒരു സൗകര്യവും ഇല്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഹൈടെക് പദ്ധതിയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഉപകരണങ്ങളുടെ പരിപാലനം സ്കൂളുകള്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.