കോവിഡ് പ്രതിരോധം; സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കി

Tuesday May 5th, 2020

തിരുവനന്തപുരം: കോവിഡ് 19 രോഗപ്രതിരോധത്തിന് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വകാര്യ മേഖലയിലെ ആശുപത്രി മാനേജ്‌മെന്റുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇതിനുള്ള പദ്ധതി ചര്‍ച്ച ചെയ്തു. രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നും മലയാളികള്‍ വരികയാണ്. സര്‍ക്കാര്‍സ്വകാര്യ മേഖലകള്‍ ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. നേരത്തെ തന്നെ പല ആശുപത്രികളും അവരുടെ സൗകര്യം പൊതുകാര്യത്തിനായി വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാരും സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരും ഒരുമിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ശരിയായ ഏകോപനത്തോടെ വികേന്ദ്രീകൃത രീതിയിലാണ് ഇക്കാര്യങ്ങള്‍ മുന്നോട്ടു പോകേണ്ടത്. ഇതിന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ മോണിറ്ററിങ് സംവിധാനം ഉണ്ടാക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് ചേര്‍ന്നുള്ള സംയുക്തനീക്കമാണ് വേണ്ടത്.

പ്രായമായവര്‍, മറ്റു രോഗികള്‍, വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവര്‍ തുടങ്ങിയവരുമായൊക്കെ ഡോക്ടര്‍മാര്‍ക്ക് സംവദിക്കാന്‍ ടെലിമെഡിസിന്‍ സംവിധാനം ഉറപ്പുവരുത്തും. ഈ സംവിധാനത്തിലേയ്ക്ക് വരാന്‍ തയ്യാറാകുന്ന ഡോക്ടര്‍മാരുടെ ലിസ്റ്റ് പഞ്ചായത്തടിസ്ഥാനത്തില്‍ തയ്യാറാക്കും. ആവശ്യമായ കിറ്റ്, മരുന്ന്, ജീവനക്കാര്‍ക്കുള്ള പരിശീലനം എന്നിവ സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരും ആ നിലക്കാണ് ചിന്തിക്കുന്നത്. പിപിഇ കിറ്റ്, മാസ്‌ക് എന്നിവ കേരളത്തില്‍ തന്നെ നിര്‍മിക്കാന്‍ തുടങ്ങിയതിനാല്‍ ആ പ്രശ്‌നം പരിഹരിക്കാനാകും.

അടുത്ത മൂന്നോ നാലോ മാസത്തെ നിലയും പ്രതീക്ഷിക്കാവുന്ന അധിക ചികിത്സാഭാരവും കണക്കാക്കി പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, ഓക്‌സിജന്‍ സിലിണ്ടര്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ പരമാവധി കരുതണം. സര്‍ക്കാരിന്റ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സഹകരണമുണ്ടെന്നും ഒപ്പമുണ്ടെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Chief Minister Pinarayi Vijayan said that the cooperation of private hospitals has been facilitated to provide more facilities for the prevention of Kovid 19. The project was discussed in a video conference with the private sector hospital management. Malayalees are coming in from outside the country.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം