മലപ്പുറത്ത് താമരക്ക് വാട്ടം; പ്രതീക്ഷകള്‍ തകര്‍ന്ന് ബി.ജെ.പി

By പ്രിയ|Monday April 17th, 2017
2

മലപ്പുറം: കേന്ദ്രഭരണത്തിന്റെ പിന്തുണയില്‍ മലപ്പുറത്തു ശക്തി തെളിയിക്കാനിറങ്ങിയ ബിജെപിക്കു ഊക്കന്‍ തിരിച്ചടി. മുമ്പെങ്ങുമില്ലാത്തവിധം ശക്തമായ പ്രചാരണം കാഴ്ച വെച്ച് മണ്ഡലത്തില്‍ നിറഞ്ഞു നിന്ന ബി.ജെ.പിക്ക് തിളക്കമൊന്നും വോട്ടായി മാറ്റാനായില്ല. മലപ്പുറത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പ് ‘നേട്ടത്തിന്റെ’ നിഴലിലൊതുങ്ങേണ്ടിവന്ന അവസ്ഥയാണ് ഇത്തവണ പാര്‍ട്ടിക്ക്.

മലപ്പുറത്തെ പ്രകടനം മെച്ചപ്പെടുത്തി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ഊര്‍ജം സംഭരിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. കേന്ദ്രഭരണവും നിയമസഭയില്‍ അക്കൗണ്ട് തുറക്കാനായതുമെല്ലാം പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. 2014ല്‍ നേടിയ 64,705 വോട്ടുകളും (7.58 ശതമാനം) പാര്‍ട്ടിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഘടകമായി. ഒരു ലക്ഷത്തിന് മുകളില്‍ വോട്ടുനേടി മണ്ഡലത്തില്‍ ശക്തി തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയാണു പാര്‍ട്ടി പ്രചാരണം നയിച്ചത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മണ്ഡലത്തില്‍ ക്യാമ്പു ചെയ്തു പ്രചാരണത്തിനു നേതൃത്വം നല്‍കി. 90,000 വോട്ടിനു മുകളിലെത്താനാകുമെന്നായിരുന്നു തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍, വോട്ടെണ്ണല്‍ ആദ്യഘട്ടം പിന്നിട്ടപ്പോള്‍ തന്നെ പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു. 65675 വോട്ടാണ് ഇത്തവണ പെട്ടിയിലാക്കാന്‍ സാധിച്ചത്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ 970 വോട്ടിന്റെ വര്‍ധവ് മാത്രമാണ് നേടാനായത്.

ബിജെപി മുന്നോട്ടുവച്ച രാഷ്ട്രീയത്തിന്റെ തിരിച്ചടിയായി തിരഞ്ഞെടുപ്പു ഫലത്തെ വ്യാഖ്യാനിക്കാം. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോടുള്ള എതിര്‍പ്പും ദോഷകരമായി ബാധിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നല്ല ബീഫ് വിതരണം ചെയ്യുമെന്ന ബിജെപി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ ചലനമാണ് മണ്ഡലത്തിലുണ്ടാക്കിയത്. മറ്റു പാര്‍ട്ടികള്‍ ഇതു ബിജെപിക്കെതിരെയുള്ള പ്രചരണായുധമായി ഇരു മുന്നണികളും ഉപയോഗിച്ചു. വടക്കേ ഇന്ത്യയില്‍ ബീഫിനെതിരെ നിലപാടെടുക്കുന്ന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള പ്രഖ്യാപനം മാത്രമാണിതെന്നു കോണ്‍ഗ്രസും സിപിഎമ്മും നിലപാടെടുത്തു. അവരതു ശക്തമായി പ്രചാരണ യോഗങ്ങളില്‍ അവതരിപ്പിച്ചു. വെറുതേ പറഞ്ഞാല്‍ പോര നല്ല ബീഫ് വിതരണം ചെയ്തു കാണിക്കണമെന്നും കുമ്മനം തന്നെ ഉദ്ഘാടനം ചെയ്യണമെന്നുമായിരുന്നു സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്റെ വേങ്ങരയിലെ തിരഞ്ഞെടുപ്പു റാലിയിലെ പ്രഖ്യാപനം. ഇതേതുടര്‍ന്ന്, എന്തു സാഹചര്യത്തിലാണു സ്ഥാനാര്‍ഥി അങ്ങനെ പറഞ്ഞതെന്നു വിശദീകരണം ചോദിക്കുമെന്നു കുമ്മനം രാജശേഖനു വിശദീകരിക്കേണ്ടിവന്നു. ബീഫ് വിഷയത്തില്‍ മലപ്പുറത്തു സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് ശിവസേന രംഗത്തെത്തിയതും തിരിച്ചടിയായി.

കേരളത്തില്‍ ഭരണം പിടിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ നീങ്ങുന്ന ബിജെപിക്ക് ആശ്വാസം പകരുന്നതല്ല മലപ്പുറത്തെ പ്രകടനം. സംസ്ഥാന നേതാക്കളെല്ലാം പ്രചാരണത്തിനിറങ്ങിയിട്ടും വോട്ടുകള്‍ കൂടാത്തത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയേക്കാം. കേന്ദ്രനേതൃത്വത്തിന്റെ വിമര്‍ശനവും നേരിടേണ്ടിവരാം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 11 സീറ്റുകള്‍ നേടണമെന്നു കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും വിശദീകരണം നല്‍കി മടുക്കും പാര്‍ട്ടി നേതൃത്വം.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം