അമ്മയാകും മുമ്പ് അറിയാന്‍

Saturday April 5th, 2014
2

Pregnancy exerciseഅമ്മയാകാന്‍ പോകുന്നത് കൊണ്ട് അനങ്ങാതിരിക്കണമെന്ന് വൈദ്യശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. പക്ഷേ, ആധുനിക സുന്ദരിമാര്‍ ഗര്‍ഭകാലത്തെ വിശ്രമ കാലമായിട്ടാണ് കാണുന്നത്. എന്നാല്‍, ഈ വിശ്രമം അത്ര നല്ലതല്ലെന്നാണ് ആരോഗ്യശാസ്ത്ര ലോകം നല്‍കുന്ന മുന്നറിയിപ്പ്.

ഒരു വിദേശ മെഡിക്കല്‍ അക്കാദമിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇതെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വിട്ടത്. കുഞ്ഞുങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മൂന്നില്‍ രണ്ട് ഭാഗം സ്ത്രീകളിലും ഗര്‍ഭകാലത്തെ അമിതഭാരവും മൂന്നില്‍ ഒരു ഭാഗം സ്ത്രീകളില്‍ അമിതവണ്ണവും കാണപ്പെടുന്നുണ്ടത്രേ. ഇത് ആരോഗ്യത്തിന് ദോഷമാണെന്നാണ് കണ്ടെത്തല്‍. അമിതഭാരം കുറച്ച് എങ്ങനെ സുഖപ്രസവം സാധ്യമാക്കാമെന്ന സംശയത്തിനും മറുപടിയുണ്ട്.

മുറ്റമടി, കിണറ്റില്‍ നിന്ന് വെള്ളം കോരല്‍, കറിക്ക് അരപ്പ് അരയ്ക്കല്‍ തുടങ്ങി ഗര്‍ഭകാലത്ത് സ്വീകരിക്കാന്‍ കഴിയുന്ന ഇഷ്ടം പോലെ വ്യായാമ മുറകളുണ്ട്. പക്ഷേ, ‘കിണറോ? അത് എങ്ങനെയിരിക്കും’ എന്ന് ചോദിക്കുന്ന മോഡേണ്‍ സുന്ദരിമാരോട് ഒന്നേ പറയാനുള്ളു. വീട്ടില്‍ തന്നെ ചടഞ്ഞു കൂടി ഇരിക്കാതെ പുറത്തേക്കിറങ്ങുക. ദിവസവും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂറെങ്കിലും നടക്കുക. കുഞ്ഞുവാവയുടെ സംരക്ഷണത്തിനായി പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ ഈ ‘നല്ലനടപ്പ്’ തുടര്‍ന്നാല്‍ അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടേണ്ട.

ഗര്‍ഭകാലത്തെ നിങ്ങളുടെ ഭാരം ശരീരഭാര സൂചിക ഉപയോഗിച്ച് കണ്ടെത്തി ഭാരം കൂടുന്നത് നിയന്ത്രിക്കാം. ഒരു മനുഷ്യന്റെ ശരീരഭാര സൂചിക നിശ്ചയിക്കുന്നത് അയാളുടെ ഉയരവും ശരീരഭാരവും കണക്കാക്കിയാണ്. ഉദാഹരണത്തിന്, അഞ്ച് അടി ആറ് ഇഞ്ച് ഉയരമുള്ള സ്ത്രീയുടെ ഭാരം 52 കിലോഗ്രാമിനും 69 കിലോഗ്രാമിനും ഇടയിലായിരിക്കണം. ഗര്‍ഭിണികളായ സ്ത്രീകള്‍ ഈ ഭാരത്തില്‍ നിന്ന് മുമ്പോട്ടോ പിറകോട്ടോ പോകാതിരിക്കാനും ശ്രദ്ധിക്കുകയാണെങ്കില്‍ നന്ന്.

ഗര്‍ഭിണികളായ സ്ത്രീകളുടെ ശരീരഭാരം മേല്‍ പറഞ്ഞിരിക്കുന്ന ശരീരഭാരസൂചികയില്‍ നിന്ന് അധികമാകുമ്പോള്‍ അപകട സാധ്യതകളും കൂടുകയാണ്. സുഖപ്രസവത്തിനു പകരം സിസേറിയനെ അഭിമുഖീകരിക്കുന്നത് അതിലൊന്ന് മാത്രമാണ്. അമ്മയ്‌ക്കെന്നത് പോലെ തന്നെ കുട്ടിയെയും ഈ അമിതഭാരം ബാധിക്കും. അമിതഭാരമുള്ള അമ്മമാരില്‍ പലരും ജന്മം നല്‍കുന്ന കുട്ടിക്ക് സാധാരണയില്‍ കൂടുതല്‍ തടിയുണ്ടാകും.

ഇങ്ങനെ അമിതഭാരവുമായി ജനിക്കുന്ന കുട്ടികള്‍ക്ക് ഹൃദ്രോഗവും, ഡയബെറ്റിസും അടക്കമുള്ള ധാരാളം ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും. അതുകൊണ്ട്, കുഞ്ഞുവാവയുടെ നല്ലതിനു വേണ്ടിയെങ്കിലും ഗര്‍ഭകാലത്ത് അല്‍പ സ്വല്‍പമൊക്കെ വ്യായാമമാകാം.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം