ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ അധ്യക്ഷനായി അനുരാഗ് ഠാക്കൂര്‍ നിയമിതനായി

Sunday May 22nd, 2016

anurag-thakurമുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ അധ്യക്ഷനായി 41 കാരനായ അനുരാഗ് ഠാക്കൂറിനെ നിയമിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ബോഡി യോഗത്തിലാണ് ബിസിസിഐ സെക്രട്ടറിയായിരുന്ന ഠാക്കൂറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. തെരഞ്ഞടുപ്പ് ഏകകണ്ഠമായിരുന്നു. ബിസിസിഐയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന വിശേഷണത്തോടെയാണ് ഠാക്കൂര്‍ ഈസ്ഥാനത്ത് നിയമിതനാകുന്നത്.

പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാനായതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന ദിനമായ ഇന്നലെ വരെ മറ്റാരും പത്രിക നല്‍കിയിരുന്നില്ല. ബിസിസിഐയുടെ 34 ആമത് പ്രസിഡന്റാണ് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള അനുരാഗ് ഠാക്കൂര്‍.

കിഴക്കന്‍ മേഖലയുടെ പ്രതിനിധി എന്നനിലയിലാണ് ലോക്‌സഭയിലെ ബിജെപി എംപി കൂടിയായ ഠാക്കൂര്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയിരിക്കുന്നത്. കിഴക്കന്‍ മേഖലയിലെ ബംഗാള്‍, അസാം, ജാര്‍ഖണ്ഡ്, ത്രിപുര എന്നീ രാജ്യങ്ങളിലെ എല്ലാ പ്രതിനിധികളുടേയും പിന്തുണ ഠാക്കൂറിന് ലഭിച്ചു. മേഖലാടിസ്ഥാനത്തിലെ ഊഴമനുസരിച്ച് ഇത്തവണ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള അധികാരം കിഴക്കന്‍ മേഖലയ്ക്കായിരുന്നു.

മെയ് പത്തിനാണ് ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. 12 ന് അദ്ദേഹത്തെ എതിരില്ലാതെ ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായി തെരഞ്ഞെടുത്തു.

ഐപിഎല്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ലോധ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി ബിസിസിഐയ്ക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് അനുരാഗ് ഠാക്കൂര്‍ ബോര്‍ഡിന്റെ പ്രസിഡന്റായി എത്തുന്നത്. ഇത് എങ്ങനെ പരിഹരിക്കാം എന്നതാകും ഠാക്കൂര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം