ബാബരി മസ്ജിദ്: വഞ്ചനയുടെ കാല്‍ നൂറ്റാണ്ട്

By സ്വന്തം ലേഖകന്‍|Tuesday December 6th, 2016
2

Babari fotoസ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ബാബരി മസ്ജിദിന്റെ രക്തസാക്ഷിത്വത്തിനു രാഷ്ട്രീയവും സാംസ്‌കാരികവുമായ ഏറെ അര്‍ഥതലങ്ങളുണ്ട്. രക്തരൂഷിതമായ അക്രമപരമ്പരയിലൂടെ മസ്ജിദിനെയും അതുവഴി ഇന്ത്യന്‍ പാരമ്പര്യത്തെയും തല്ലിത്തകര്‍ക്കുന്നവര്‍ ഇന്നു രാജ്യത്തിന്റെ അധികാരം കൈയാളുന്നു. നിരപരാധികളുടെ രക്തം കൊണ്ട് ഹോളിയാഘോഷിച്ച് ദുരന്തങ്ങള്‍ക്കു പശ്ചാത്തലമൊരുക്കിയ രഥയാത്രയുടെ മുഖ്യ തേരാളിയായ എല്‍ കെ അഡ്വാനി രാഷ്ട്രീയപുറമ്പോക്കിലേക്കു തള്ളപ്പെട്ടുവെങ്കിലും അഡ്വാനിയേക്കാള്‍ തീവ്രഹിന്ദുത്വത്തിനു ചേര്‍ന്ന മുഖമുള്ള നരേന്ദ്രമോഡിയാണിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി. ബാബരി മസ്ജിദിന് ഓര്‍ത്തെടുക്കാനുള്ളതത്രയും കൊടുംചതികളാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഇന്ത്യയുടെ പൂങ്കാവനത്തില്‍ വിഷബീജങ്ങള്‍ വിതച്ച ഹിന്ദുത്വമുന്നേറ്റമാണ്, ഇന്ത്യയുടെ ആത്മാവിനൊപ്പം ബാബരിയെയും മുറിപ്പെടുത്തിയത്. 1949ലെ ഡിസംബര്‍ 22ന്റെ അര്‍ധരാത്രി പിന്നിട്ട കറുത്ത ദിനത്തില്‍ മസ്ജിദിനകത്തു വിഗ്രഹം പ്രതിഷ്ഠിച്ചതു മുതല്‍ കൊടുംചതികളുടെ ഘോഷയാത്ര ആരംഭിക്കുന്നു. വാര്‍ത്ത കേട്ടപാടെ വിഗ്രഹം പള്ളിയില്‍നിന്ന് എടുത്തുമാറ്റാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉത്തരവിടാന്‍ മാത്രം ഇന്ത്യന്‍ ജനാധിപത്യ-മതേതരമൂല്യങ്ങള്‍ അന്നു ജീവസ്സുറ്റതായിരുന്നു; എന്നാല്‍, പ്രസ്തുത ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ മാത്രം ഹിന്ദുത്വവര്‍ഗീയത ശക്തവും.

നെഹ്‌റു അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ പന്തിനു വിഗ്രഹം എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് അയച്ച അടിയന്തര കമ്പിസന്ദേശത്തില്‍ ചൂണ്ടിക്കാണിച്ചത്, ”വളരെ മോശമായ അനന്തരഫലങ്ങള്‍ ഉണ്ടാക്കാവുന്ന അപകടകരമായ മാതൃകയാണവിടെ തീര്‍ത്തിരിക്കുന്നത്” എന്നാണ്. അതു പൂര്‍ണമായും ശരിയായിരുന്നു. ആ അപകടത്തില്‍ നിന്നു രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാന്‍ നെഹ്‌റുവിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ സാധിച്ചതുമില്ല. എന്നല്ല, നെഹ്‌റുവിന്റെ പിന്‍മുറക്കാര്‍ ‘അപകടകര’മായ പുതിയ ഉദ്യമങ്ങള്‍ക്കു ചൂട്ടുപിടിക്കുക കൂടി ചെയ്തു. മേല്‍ജാതിക്കാര്‍ക്ക് അധികാരം പിടിച്ചടക്കാനുള്ള നീക്കങ്ങളില്‍ സംഘപരിവാരത്തിന്റെ എക്കാലത്തെയും തുറുപ്പുചീട്ടുകളായിരുന്നു രണോല്‍സുകമായ ഹിന്ദുത്വവികാരവും പരമതവിദ്വേഷവും; വിശിഷ്യാ മുസ്‌ലിം വിദ്വേഷം. ഒരു ജീവിത ദര്‍ശനമെന്ന നിലയില്‍ ഹിന്ദുധര്‍മത്തോടോ അതിന്റെ വിശ്വാസസംഹിതകളോടോ പ്രത്യേകിച്ച് എന്തെങ്കിലും പ്രതിബദ്ധതയുള്ളതായി സംഘപരിവാരം തെളിയിച്ചിട്ടില്ല. ബാബരി മസ്ജിദ് അവര്‍ക്ക് നല്ലൊരു ഇരയായിരുന്നു.

നിരന്തരം കള്ളങ്ങള്‍ പ്രചരിപ്പിച്ചും സംഘര്‍ഷങ്ങളുണ്ടാക്കിയും രഥയാത്ര നയിച്ചും മുന്നേറിയത് ഹിന്ദുത്വരായിരുന്നെങ്കിലും ഭരണകൂടവും മതേതരകക്ഷികളും അവരെ പിന്തുണക്കുകയോ കുറ്റകരമായ മൗനമവലംബിക്കുകയോ ചെയ്തു. പ്രധാനമന്ത്രിയുടെ ഉത്തരവുണ്ടായിട്ടും മസ്ജിദില്‍നിന്നു വിഗ്രഹം നീക്കിയില്ല. അവിടെ മുസ്‌ലിംകള്‍ക്കു പ്രവേശനം നിഷേധിച്ചു വഖ്ഫ് ഭൂമിയില്‍ പൂജയ്ക്ക് സൗകര്യം ചെയ്തുകൊടുത്തു.

Babari masjidമൃദുഹിന്ദുത്വം കൊള്ളാവുന്ന ഒരു കൈയിരിപ്പാണെന്നു തെറ്റിദ്ധരിച്ച രാജീവ് ഗാന്ധി 1986ല്‍ പള്ളിയുടെ വാതിലുകള്‍ പൂജയ്ക്കായി തുറന്നുകൊടുത്തു. ശേഷം നടന്ന കലാപപരമ്പരകളും ഇന്ത്യന്‍ ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട് ആയിരക്കണക്കിനു ക്രിമിനലുകള്‍ ചേര്‍ന്നു പള്ളി പൂര്‍ണമായി തകര്‍ത്തതും ചരിത്രം. അവിടെ തകര്‍ക്കപ്പെട്ടത് ഒരു കെട്ടിടമായിരുന്നില്ല; ഇന്ത്യന്‍ മതേതരത്വത്തിലും ഭരണകൂടത്തിലും നീതിന്യായവ്യവസ്ഥയിലുമുള്ള വിശ്വാസം കൂടിയായിരുന്നു. അധികാരികളുടെ വാഗ്ദാനങ്ങളും നീതിപീഠങ്ങളുടെ മുന്നറിയിപ്പുകളും പാഴ്‌വാക്കുകളായി. ബാബരി മസ്ജിദ് അതു നിലനിന്ന സ്ഥലത്തുതന്നെ പുനര്‍നിര്‍മിക്കുമെന്ന അന്നത്തെ പ്രധാനമന്ത്രിയുടെ വാഗ്ദാനം നിറവേറ്റപ്പെടാതെ, കൊടുംചതികളുടെ ഏടുകളില്‍ മുഖ്യയിനങ്ങളിലൊന്നായി നിലനില്‍ക്കുന്നു.
രാജ്യത്തിന്റെ ക്രിമിനല്‍ നടപടിക്രമം ഇവിടെ പ്രതിക്കൂട്ടിലാവുന്നു. പള്ളി തകര്‍ത്തതാരാണെന്ന ചോദ്യത്തിന്, അന്നു ജീവിച്ചിരുന്ന കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ മനോവിഭ്രാന്തി ബാധിച്ചിട്ടില്ലാത്ത മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഉത്തരമറിയാമായിരുന്നു. എന്നിട്ടും, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഒരു കുറ്റവാളിയെയും ചോദ്യംചെയ്തില്ല, ജയിലിലടച്ചില്ല.

ആറുമാസത്തിനകം അന്വേഷിച്ചു റിപോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്‍ 17 വര്‍ഷമെടുത്താണ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചത്. അതാവട്ടെ, ഇതുവരെ വെളിച്ചം കണ്ടിട്ടുമില്ല. കേസന്വേഷിച്ച സി.ബി.ഐ, സംഘനേതാക്കള്‍ക്കു ശുദ്ധിപത്രം നല്‍കുന്നതിനാണ് വ്യഗ്രത കാണിച്ചത്. വഖ്ഫ് സ്വത്തിന്റെ ഉടമാവകാശം സംബന്ധിച്ച അലഹബാദ് ഹൈക്കോടതി വിധിയാവട്ടെ, ഇന്ത്യന്‍ നീതിന്യായ വ്യവഹാര ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിചിത്രമായ ഒന്നാണ്. യഥാര്‍ഥ അവകാശിക്കും അക്രമത്തിലൂടെ കൈയേറ്റം ചെയ്തവനും നോക്കിനിന്നവനുമിടയില്‍ ഭൂമി തുല്യമായി വീതിച്ചുനല്‍കി!

ഒരു ജനാധിപത്യരാജ്യത്തു ജീവിക്കുന്ന പൗരന്മാര്‍ക്ക് തങ്ങള്‍ക്കു നീതി ലഭിക്കുന്നുവെന്ന ബോധ്യം, രാജ്യത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ്. തങ്ങള്‍ സുരക്ഷിതരല്ല, നിലവിലുള്ള സംവിധാനങ്ങളില്‍നിന്നു നീതി ലഭിക്കില്ല എന്നിത്യാദി ചിന്തകള്‍ ജനങ്ങളെ അസ്വസ്ഥരാക്കും. ഈ അരക്ഷിതബോധം നാടിനെ ദുര്‍ബലപ്പെടുത്തുന്നതിലേക്കു നയിക്കുകയും ചെയ്യും. ബാബരി മസ്ജിദ് വിഷയത്തില്‍ രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ഏതു സര്‍ക്കാരിനാണു സാധിച്ചിട്ടുള്ളത് എന്നു വിലയിരുത്തപ്പെടേണ്ടതാണ്. മറ്റു സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷയാണു ജുഡീഷ്യറി. ബാബരി വിഷയത്തില്‍ അതും പരാജയപ്പെട്ടതാണ് ദുരന്തമായത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യമൂല്യങ്ങളും നിലനില്‍ക്കണമെന്നും ഒരു ഉത്തമ പൗരസമൂഹത്തെ വളര്‍ത്തിയെടുക്കണമെന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഏതൊരാളും ഈ സാഹചര്യത്തെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്. കാരണം, ഏതോ പ്രസംഗം കേട്ട് ആവേശഭരിതരായ ഒരു ജനക്കൂട്ടം യാദൃച്ഛികമായി തകര്‍ത്തതല്ല ബാബരി. 1984ലെ സിഖ് വംശഹത്യയില്‍ കണ്ടപോലെ മികച്ച ആസൂത്രണം അതിലുണ്ടായിരുന്നു. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയും അടിച്ചമര്‍ത്തി അടിമകളാക്കുകയും ചെയ്യാനുള്ള ബ്രാഹ്മണ്യാധിപത്യ സംഘപരിവാര അജണ്ടയുടെ ദീര്‍ഘകാല പദ്ധതികളില്‍ ഒരു അധ്യായം മാത്രമാണത്. ആ പട്ടിക നീണ്ടതാണ്- ഗാന്ധി വധവും ബാബരി ധ്വംസനവും ഗുജറാത്ത് കലാപവുമെല്ലാം ആ പരമ്പരയിലുണ്ട്. ഹിന്ദുത്വവല്‍ക്കരണവും കാവിവല്‍ക്കരണവും നടന്നുകൊണ്ടിരിക്കുന്നു. ഇനിയും തുറന്നിട്ടില്ലാത്ത മഹാദുരന്തങ്ങളുടെ ഏടുകള്‍ ആരു കണ്ടു!

ബാബരിക്കു ശേഷമുള്ള ഇന്ത്യന്‍ മുസ്‌ലിം ചരിത്രം ഏറെ നിരാശാജനകമാണ്. ഒന്നിച്ച് ഒറ്റക്കെട്ടായി വിമോചനത്തിനും ശാക്തീകരണത്തിനും വേണ്ടി പോരാടേണ്ടിയിരുന്ന സമുദായം പക്ഷേ, കൂടുതല്‍ ഭിന്നിക്കുകയാണുണ്ടായത്. മതസംഘടനകള്‍ കൂടുതല്‍ അനുഷ്ഠാനപരമായ ഭിന്നതകളില്‍ കേന്ദ്രീകരിച്ചു; സമുദായത്തിനു മുന്നോട്ടുള്ള വഴി കാണിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു. സമുദായം കൂടുതല്‍ കൂടുതല്‍ അരികുവല്‍ക്കരിക്കപ്പെടുകയും അടിമവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നത് അവര്‍ ഇരുകൂട്ടരും അറിഞ്ഞതേയില്ല. ഭരണവര്‍ഗവുമായുള്ള ബന്ധങ്ങളും അതുവഴി ലഭ്യമാവുന്ന ആനുകൂല്യങ്ങളും അവര്‍ക്കു ജീവവായുവായി മാറി. ഒരു സ്‌കൂള്‍ നടത്തുന്നതിന് ഭൂമി ലഭിച്ചാല്‍, പ്രധാനമന്ത്രി ഒന്നു കെട്ടിപ്പിടിച്ചാല്‍ അവരെന്തും മറക്കും. അതോടെ അവരുടെ നിലപാടുകളുടെ വീര്യം ചോര്‍ന്നുപോവുകയും പ്രതികരണങ്ങള്‍ മെരുക്കപ്പെടുകയും ചെയ്തു. നീതിക്കായി ഉയരുന്ന ശബ്ദങ്ങള്‍ പോലും അവര്‍ക്ക് അരോചകമായത് അങ്ങനെയാണ്. സ്വന്തത്തെക്കുറിച്ചും അവസരങ്ങളെയും വെല്ലുവളികളെയും സംബന്ധിച്ചുമുള്ള തിരിച്ചറിവാണ് അന്തസ്സാര്‍ന്ന നിലനില്‍പ്പിന്റെ ആധാരം. അതു നഷ്ടപ്പെടുന്ന സമൂഹം മൃതമാവും. ‘നിങ്ങളതു മറന്നില്ലേ’ എന്നു സമുദായ വേദികളില്‍നിന്നു പുനര്‍ജനിക്കുന്ന കഴുകന്‍ചോദ്യം, കഴുകനുള്ള ഭക്ഷണമാവാന്‍ അനുസരണയോടെ ഒതുങ്ങിക്കൊടുക്കുന്ന ഇരയുടെ ദീനവിലാപമാണ്. മോഡിയെ പുകഴ്ത്തിയും സമരപാരമ്പര്യങ്ങളെ അനുസ്മരിക്കുന്നതു വിലക്കിയും പെരുന്നാള്‍ ഖുതുബകള്‍ നടത്തുന്നവരും പുതിയ അടിമസാഹിത്യങ്ങള്‍ രചിക്കുകയാണ്. അതിനു മുഖ്യധാരാ മാധ്യമങ്ങളില്‍ അസാധാരണ കവറേജ് ലഭിക്കുമ്പോള്‍ പ്രസംഗകന്‍ ഏറെ സന്തോഷിച്ചിരിക്കണം; അടിമകള്‍ക്ക് തങ്ങളുടെ ശരീരത്തെ വരിഞ്ഞുമുറുക്കിയ ചങ്ങലകള്‍ തിളങ്ങുമ്പോഴുണ്ടാവുന്ന സന്തോഷം !
തിരിച്ചറിവു സമ്മാനിക്കുന്നത് മങ്ങാത്ത ഓര്‍മകളാണ്. ജനതകള്‍ തങ്ങളുടെ അഭിമാനനേട്ടങ്ങള്‍ മറക്കാതെ സൂക്ഷിക്കുന്നു- ആ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍, കൂടുതല്‍ ഉദാത്തമാക്കാന്‍. ദുരന്തങ്ങളെയും അവര്‍ ഓര്‍ക്കുന്നു- അതിലെ പാഠങ്ങള്‍ പഠിക്കാന്‍, അത് ആവര്‍ത്തിക്കാതിരിക്കാന്‍. ദുരന്തങ്ങള്‍ വിസ്മരിക്കുന്നവര്‍, അവയുടെ ആവര്‍ത്തനത്തിനു വഴിയൊരുക്കുകയാണ്.
ബാബരി ധ്വംസനം ഒരിക്കലും മറക്കരുതാത്ത ഒരു മഹാദുരന്തമാണ്. ഒരു രാജ്യത്തെയും അതിന്റെ മൂല്യങ്ങളെയും വീണ്ടെടുക്കാന്‍ നമ്മെ പ്രാപ്തമാക്കേണ്ട ഓര്‍മ; മനുഷ്യമനസ്സില്‍ സ്‌നേഹവും സൗഹാര്‍ദവും അവകാശബോധവും അങ്കുരിപ്പിക്കുന്ന ഓര്‍മ; തിന്മകള്‍ക്കെതിരേ പോരാട്ടവീര്യം പകരുന്ന ഓര്‍മ; ബാബരി മസ്ജിദ്, അതു നിലനിന്ന സ്ഥലത്തുതന്നെ പുനര്‍നിര്‍മിക്കുമ്പോള്‍ മാത്രമേ രാഷ്ട്രഗാത്രത്തിനേറ്റ മുറിവുണങ്ങൂ എന്ന് അധികാരികളെ തെര്യപ്പെടുത്തുന്ന ഓര്‍മ.
ഓര്‍മിക്കുക; ഓര്‍മതന്നെയാണ് ആദ്യ പ്രതിരോധം.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം