ഡല്‍ഹി: മതേതര ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാണംകെടുത്താന്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ഹിന്ദുത്വഫാഷിസ്റ്റുകള്‍ ഒരു ആരാധനാലയം തകര്‍ത്തതിന്റെ സ്മരണയ്ക്ക് ഇന്നേക്ക് 21 വയസ്സ് പൂര്‍ത്തിയാവുന്നു. 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്കൊപ്പം രാജ്യത്തിന്റെ അഭിമാനവും വീണുടഞ്ഞത് ആ ഞായറാഴ്ചയിലായിരുന്നു. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ വധത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനമെന്ന് രാഷ്ട്രപതി കെ ആര് നാരായണന് വിശേഷിപ്പിച്ച ദുരന്തമായിരുന്നു അത്.
പരമോന്നത നീതിപീഠമായ സുപ്രിംകോടതിയെപ്പോലും വെല്ലുവിളിച്ചു നടത്തിയ നടപടിക്ക് ഉത്തരവാദികളായവര്‍ ഇന്നും സൈ്വരജീവിതം നയിക്കുകയാണ്. എല്‍ കെ അദ്വാനി, അടല്‍ ബിഹാരി വാജ്പേയി, മുരളിമനോഹര്‍ ജോഷി, ബാല്‍താക്കറെ, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍ എന്നിവരാണു മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്നു സംഭവത്തെക്കുറിച്ചന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന് കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമ വ്യവസ്ഥകള്ക്കായിട്ടില്ല.
പള്ളി തകര്‍ക്കുന്നതില്‍ നേരിട്ടു പങ്കുവഹിച്ച സംഘപരിവാര നേതാക്കള്‍ക്കു പുറമേ കര്‍സേവകര്‍ മസ്ജിദ് തകര്‍ക്കുമ്പോള്‍ കേവലം 11 കിലോമീറ്റര്‍ മാത്രം അകലെ സജ്ജമായിരുന്ന സേനയെ പ്രദേശത്തേക്കു വിടാതെ ധ്വംസനം പൂര്‍ത്തിയാവുന്നതുവരെ പൂജാമുറിയില്‍ വാതിലടച്ചിരുന്ന പ്രധാനമന്ത്രി പി വി നരസിംഹറാവു, 1989ല്‍ മസ്ജിദിന്റെ ഭൂമിയില്‍ ശിലാന്യാസത്തിന് അനുമതി കൊടുത്ത മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി തുടങ്ങിയ ‘മതേതര’നേതാക്കളും കുറ്റത്തില്‍ തങ്ങളുടെതായ പങ്കു വഹിച്ചവരാണ്.
റാവു നിയോഗിച്ച ലിബര്‍ഹാന്‍ കമ്മീഷന് ഖജനാവില്‍ നിന്നു വലിയൊരു തുക ചിലവഴിച്ചാണു 16 വര്‍ഷങ്ങള്‍ക്കു ശേഷം നല്കിയ റിപോര്‍ട്ടിലാണു സംഘപരിവാര നേതാക്കള്‍ ഗൂഢാലോചന നടത്തിയാണ് മസ്ജിദ് തകര്‍ത്തതെന്നു വ്യക്തമാക്കിയത്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ. ആദ്യം അദ്വാനിക്കും കൂട്ടര്‍ക്കുമെതിരേ ഗൂഢാലോചനക്കുറ്റം ചുമത്താതിരുന്നതും സംശയമുയര്‍ത്തുന്നതാണ്. പിന്നീട് ഗൂഢാലോചനക്കുറ്റം ചുമത്തിയതോടെ അലഹബാദ് ഹൈക്കോടതി സി.ബി.ഐ. നടപടി റദ്ദാക്കുകയും ചെയ്തു. ഇതിനെതിരേ സി.ബി.ഐ. സമര്‍പ്പിച്ച അപ്പീല്‍ ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്്.
ബാബരി മസ്ജിദ് ഭൂമിയുടെ അവകാശത്തര്‍ക്കവും സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ബാബരി മസ്ജിദ് നിലകൊണ്ടിരുന്ന 2.77 ഏക്കര്‍ ഭൂമി ഹിന്ദു, മുസ്ലിം, നിര്‍മോഹി അഖാറയ്ക്കുമായി വീതിച്ചു കൊടുക്കണമെന്ന് 2010 സപ്തംബര്‍ 30ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ഈ വിധി 2011 മെയ് 9ന് സുപ്രിംകോടതി സ്റ്റേ ചെയ്തു. 1993 ജനുവരിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 67.703 ഏക്കര്‍ ഭൂമിയില്‍ 1994ലും 2002 മാര്‍ച്ചിലുമായി സുപ്രിംകോടതി പുറപ്പെടുവിച്ച സ്റ്റാറ്റസ്കോ നിലനിര്‍ത്താനും സുപ്രിംകോടതി വിധിച്ചു.
ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിലെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ഇന്നും പൂജാകര്‍മങ്ങള്‍ തടസ്സമില്ലാതെ നടക്കുന്നുണ്ട്. നാലര നൂറ്റാണ്ടോളം മുസ്ലിംകള് ആരാധന നടത്തിയിരുന്ന പള്ളിയില്‍ അവര്‍ക്ക് ആരാധന നിഷേധിക്കുകയും പൂജയ്ക്ക് അനുമതി നല്‍കുകയും ചെയ്ത ഫൈസാബാദ് കോടതിവിധി വൈപരീത്യം ഇന്നും തുടരുന്നു. 14 കമ്പനി സായുധ പോലിസുള്പ്പെടെ താല്‍ക്കാലിക ക്ഷേത്രത്തിന്റെ സംരക്ഷണത്തിനായി കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടുകൊണ്ടിരിക്കുന്നത്.
ബാബരി വിഷയത്തില്‍ നീതി പുലരുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ മുസ്ലിംകളും മതേതര പ്രേമികളും.
English summary
നിങ്ങളുടെ അഭിപ്രായങ്ങള്‍
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.