നിയമസഭാ തിരഞ്ഞെടുപ്പ്; മകനു വേണ്ടി ആര്യാടനും സി.പി.എമ്മും കൈകോര്‍ക്കുന്നു

Friday November 20th, 2015

Aryadanമലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലമ്പൂരിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് സ്വന്തം മകന് നിയമസഭയിലേക്ക് സുരക്ഷിത പാതയൊരുക്കാന്‍ സി.പി.എം. സംസ്ഥാന നേതൃത്വവുമായി രഹസ്യധാരണയിലെത്തി. സി.പി.എം.അണികള്‍ക്ക് അനഭിമതനായ മുന്‍ എം.പി. ടി.കെ. ഹംസയെ മുന്നില്‍ നിറുത്തിയാണ് ആര്യാടനും സി.പി.എമ്മും തന്ത്രങ്ങള്‍ മെനഞ്ഞിരിക്കുന്നത്. ഇതുപ്രകാരം അടുത്ത നിയമസഭയില്‍ നിലമ്പൂരില്‍ നിന്നും ആര്യാടന്‍ മുഹമ്മദിന് പകരം മകന്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കും. ഷൗക്കത്തിന്റെ സുഖവിജയത്തിനായി ടി.കെ. ഹംസയെ ബലിയാടാക്കും. പാര്‍ട്ടിയില്‍ ഒന്നുമല്ലാതായിത്തീര്‍ന്ന ഹംസ ഇത് ലഭിക്കുന്നതു തന്നെ മഹാഭാഗ്യമായി കരുതി മത്സരിക്കുവാനും കുപ്പായം തുന്നിക്കഴിഞ്ഞു. എന്നാല്‍ ആര്യാടന്മാരുടെയും സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെയും ഒത്തുകളിക്കെതിരെ ഇരുപാര്‍ട്ടികളിലെയും നിലമ്പൂരിലെ അണികള്‍ രംഗത്തുവന്നിട്ടുണ്ട്. എന്ത് അടവുധാരണകളുണ്ടാക്കിയാലും ഷൗക്കത്തിനെ നിയമസഭയിലേക്ക് എത്തിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്സിലെ പ്രബലവിഭാഗം. തന്ത്രങ്ങള്‍ പലവിധം ഒരുക്കിയാണ് ആര്യാടന്റെ നീക്കം. ഇതുപ്രകാരം എം.എല്‍.എ. സീറ്റിന്റെ സ്ഥിരം ഭൈമീകാമുകനായി നിരാശപ്പെട്ടിരിക്കുന്ന കെ.പി.സി.സി.സെക്രട്ടറി വി.വി.പ്രകാശിനെ ഡി.സി.സി.പ്രസിഡണ്ടാക്കും. നിലവിലെ ഡി.സി.സി.പ്രസിഡണ്ട് ഇ.മുഹമ്മദ് കുഞ്ഞിയെ തവനൂരില്‍ സി.പി.എം.സ്വതന്ത്ര എം.എല്‍.എ. കെ.ടി.ജലീലിന് മുന്നില്‍ ബലി നല്‍കും. തവനൂരില്‍ കോണ്‍ഗ്രസ്സിന്റെ തോല്‍വി ഉറപ്പാണെങ്കിലും അവസാന കാലത്ത് കിട്ടിയ അവസരംതന്നെ മഹാഭാഗ്യം എന്നു കരുതി തൃപ്തിപ്പെടാനാണ് മുഹമ്മദ് കുഞ്ഞിയോട് ആര്യാടന്റെ നിര്‍ദ്ദേശം. മറ്റൊരു ഭീഷണിയാകുമായിരുന്ന കെ.എസ്.യു. സംസ്ഥാന പ്രസിഡണ്ട് വി.എസ്.ജോയിയെ കോഴിക്കോട്ടേക്ക് നാടുകടത്തുകയും ചെയ്തിട്ടുണ്ട്.

അതേ സമയം സി.പി.എമ്മിലാകട്ടെ കണ്ണൂര്‍ കഴിഞ്ഞാല്‍ മികച്ച സംഘടനാ സംവിധാനം മലപ്പുറത്തുണ്ടെങ്കിലും വി.എസ്.പക്ഷം ശക്തമായി ഹംസയെ എതിരിടാന്‍ ഒരുങ്ങിയിട്ടുണ്ട്. വി.എസിനെതിരെ ഹംസ നടത്തിയ നികൃഷ്ട ജീവി പദപ്രയോഗമാണ് നിലമ്പൂരില്‍ സ്വാധീനമുള്ള വി.എസ്.പക്ഷത്തെ ഹംസയുടെ ആജന്മശത്രുവാക്കിയിരിക്കുന്നത്. കഴിഞ്ഞ 6 മാസമായി വിഭാഗീയതയില്‍ പൊറുതിമുട്ടുന്ന നിലമ്പൂര്‍ സി.പി.എമ്മില്‍ ഹംസയുടെ സ്ഥാനാര്‍ത്ഥിത്വം വെള്ളിടി വെട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സി.പി.എമ്മിലെ ഈ കിടമല്‍സരമാണ് ആര്യാടന്‍ മുഹമ്മദിന്റെ ലക്ഷ്യവും. കോണ്‍ഗ്രസ്സുകാര്‍ പാരവെക്കുകയാണെങ്കിലും മകന്റെ സുഖവിജയം സി.പി.എമ്മിലൂടെ ഉറപ്പിക്കാനാണ് ടി.കെ.ഹംസയെ ബലിയാടാക്കി ആര്യാടന്‍ ലക്ഷ്യം വക്കുന്നത്. കഴിഞ്ഞ രണ്ടുതവണ നിലമ്പൂരില്‍ മത്സരിച്ച ഇടതു സ്ഥാനാര്‍ഥിയായിരുന്ന മുന്‍ കെ.പി.സി.സി. അംഗം പ്രൊഫ. തോമസ് മാത്യു ഇത്തവണയും നിലമ്പൂരില്‍ അങ്കത്തിനെത്തിയാല്‍ തിരിച്ചടിയാവുമെന്ന ഭയമാണ് ആര്യാടനെ നേരത്തെതന്നെ സി.പി.എമ്മുമായി ഒത്തുതീര്‍പ്പിലെത്താന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 5000 വോട്ടിന്റെ നിസാര ഭൂരിപക്ഷത്തിനാണ് ആര്യാടന്‍ കഷ്ടിച്ച് തോമസ് മാത്യുവിനെ പരാജയപ്പെടുത്തി നിയമസഭയില്‍ കടന്നുകൂടിയത്. അതേ സമയം നിലവിലെ നിലമ്പൂരിലെ രാഷ്ട്രീയ അവസ്ഥയും ആര്യാടന്റെ പുതിയ തന്ത്രങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ലാവ്‌ലിന്‍ കേസിലെ ഉപകാരസ്മരണക്കായാണ് പിണറായിയുടെ പിന്‍സീറ്റ് നിയന്ത്രണത്തിലുള്ള സി.പി.എം. സംസ്ഥാന കമ്മിറ്റിയും ഇത്തരമൊരു ധാരണക്ക് സമ്മതം മൂളിയിട്ടുള്ളത്.

Aryadan_shoukath
ഷൗക്കത്ത്

കഴിഞ്ഞ 10 വര്‍ഷമായി നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റായും മുനിസിപ്പല്‍ ചെയര്‍മാനായും ഷൗക്കത്ത് നടത്തിയ ഭരണം കോണ്‍ഗ്രസ്സുകാരെപ്പോലും വെറുപ്പിച്ചു കഴിഞ്ഞു. ഷൗക്കത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നിലമ്പൂരില്‍ നടപ്പാക്കിയ ജ്യോതിര്‍ഗമയ, ആയിരം വീട് പദ്ധതി, സ്ത്രീധന രഹിത ഗ്രാമം തുടങ്ങിയവയെല്ലാം പരാജയപ്പെട്ടു. പദ്ധതികളെല്ലാം പൊളിഞ്ഞതോടെ മലപ്പുറത്തെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം പേടിച്ച് പത്രസമ്മേളനങ്ങളൊക്കെ തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് ഷൗക്കത്ത് മാറ്റിയത്. കോണ്‍ഗ്രസിന്റെ പ്രാദേശിക കമ്മിറ്റികള്‍ പോലും അറിയാതെ മുനിസിപ്പാലിറ്റിക്കു പുറത്തുള്ള ആദിവാസികളെ രഹസ്യമായി നിലമ്പൂര്‍ നഗരത്തിലെത്തിച്ച് ഓണാഘോഷത്തിന് പൊലിമ സൃഷ്ടിച്ചതും പ്രദേശത്ത് വന്‍ എതിര്‍പ്പിനിടയാക്കിയിരുന്നു. സ്വന്തം പബ്ലിസിറ്റിക്കായി ആദിവാസികളെ ദുരുപയോഗപ്പെടുത്തിയ ഷൗക്കത്ത് മുനിസിപ്പല്‍ ചെയര്‍മാനായിരിക്കെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഒരു ഒ.പി. ഡോക്ടറെ നിയോഗിക്കാതിരുന്നതും രാത്രികാലങ്ങളില്‍ നീതി മെഡിക്കല്‍ സ്റ്റോറുകളിലെ ഫാര്‍മസിസ്റ്റിന് ശമ്പളം കൊടുക്കാന്‍ കഴിയാതെ പൂട്ടിയതും കോണ്‍ഗ്രസുകാര്‍ തന്നെയാണ് ചോദ്യം ചെയ്യുന്നത്. ശക്തരായ എതിരാളികളില്ലാത്തതാണ് നിലമ്പൂരില്‍ ആര്യാടന്‍ കുടുംബാധിപത്യത്തിനു കാരണം. നിലമ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ ഒരു മുനിസിപ്പാലിറ്റിയടക്കം 8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കഴിഞ്ഞ തവണ പൂര്‍ണ്ണമായും യു.ഡി.എഫിന്റെ കൈവശമായിരുന്നെങ്കില്‍ ഇത്തവണ മൂന്നെണ്ണം എല്‍.ഡി.എഫ് പിടിച്ചെടുത്തു. വഴിക്കടവ്, മൂത്തേടം, കരുളായി എന്നിവിടങ്ങളില്‍ ആര്യാടന്റെ തന്ത്രങ്ങള്‍ അമ്പേ പരാജയമായിരുന്നു. ഇവിടെ ഇടതുമുന്നണി അധികാരത്തിലേറി. കെ.എസ്.യു.സംസ്ഥാന പ്രസിഡണ്ട് വി.എസ്.ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിലും അമരമ്പലത്തും ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് യു.ഡി.എഫ് അധികാരത്തിലെത്തിയിരിക്കുന്നത്. ഏറനാട് നിയമസഭാ മണ്ഡലത്തിലാണെങ്കിലും ആര്യാടന്റെ നിയന്ത്രണത്തിലുള്ള ചാലിയാര്‍ പഞ്ചായത്ത് ഭരണം 20 വര്‍ഷത്തിനുശേഷം യു.ഡി.എഫിനു നഷ്ടമാകുകയും ചെയ്തു. ഇവിടെ എല്‍.ഡി. എഫ്. ഭരണം പിടിച്ചെടുത്തത് ആര്യാടനെ ഞെട്ടിച്ചിരിക്കുകയാണ്.

ഇതിനിടെ നിലമ്പൂരില്‍ കണ്ണുള്ള വി.എസ്.ജോയിയെയും ആര്യാടന്‍ തിരുവമ്പാടിയിലേക്ക് സമ്മര്‍ദ്ദം ചെലുത്തി അയച്ച് മകന് സുഗമപാതയൊരുക്കുന്ന പദ്ധതിയും പൂര്‍ത്തിയാക്കി. ആര്യാടഭക്തനായ മറ്റൊരു നിലമ്പൂര്‍ കെ.പി.സി.സി. സെക്രട്ടറി വി.എ.കരീമടക്കമുള്ള നിരവധി പ്രമുഖ നേതാക്കളെ ഒഴിവാക്കിയാണ് ആര്യാടന്‍ നീങ്ങുന്നത്. നിലമ്പൂര്‍ മണ്ഡലത്തിലെ രണ്ടു പ്രമുഖ ലീഗ് നേതാക്കളെ കാലുവാരിയ കോണ്‍ഗ്രസിന് അടുത്ത തെരഞ്ഞെടുപ്പില്‍ പണി കൊടുക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക ലീഗ് നേതൃത്വം. മരുത ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ പരാജയപ്പെട്ട ചേറൂര്‍ ഉസ്മാന്‍, കരുളായി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സിദ്ദിഖ് എന്നിവര്‍ അടക്കമുള്ളവരാണ് കോണ്‍ഗ്രസ് കാലുവാരലില്‍ വീട്ടിലിരിക്കേണ്ട ഗതിയിലായത് സി.പി.എം.മുന്‍ ജില്ലാ കമ്മിറ്റി അംഗവും ദീര്‍ഘകാലം നിലമ്പൂര്‍ എ.സി.സെക്രട്ടറിയുമായ പി.ടി. ഉമ്മറിനെ മുന്‍നിറുത്തിയാണ് സി.പി.എമ്മിന്റെ ആര്യാടന്റെ നീക്കം പുരോഗമിക്കുന്നത്. പി.ടി.ഉമ്മറിനെ തരംതാഴ്ത്തുന്നതിലേക്ക് നയിച്ച സാമ്പത്തിക ക്രമക്കേടുകള്‍ക്ക് കാരണമായി പാര്‍ട്ടി കണ്ടെത്തി നടപടിയെടുത്ത ഇദ്ദേഹത്തെ പിന്തുണച്ച് നിലമ്പൂരിലെ സി.പി.എമ്മില്‍ ആര്യാടന്‍ സമര്‍ത്ഥമായി വിഭാഗീയതയും ഉണ്ടാക്കികഴിഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം