അറബിക് സര്‍വകലാശാല നിര്‍ദേശം ധനവകുപ്പ് തള്ളി

Tuesday August 18th, 2015

University Educationതിരുവനന്തപുരം: സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം ധനവകുപ്പ് തള്ളി. കേരളീയ സാഹചര്യത്തില്‍ ആശങ്ക ഉയര്‍ത്തുന്നതും വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതുമാണ് അറബിക് സര്‍വകലാശാലയെന്ന വാദമാണ് ധനവകുപ്പ് ഉയര്‍ത്തിയിട്ടുള്ളത്. നേരത്തേ ഇത്തരത്തില്‍ എതിര്‍പ്പ് ഉയര്‍ന്നതിനത്തെുടര്‍ന്ന് പ്രശ്‌നം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വിട്ടിരുന്നു. എന്നാല്‍, കാബിനറ്റ് നോട്ട് അടങ്ങിയ ഫയല്‍ ചീഫ് സെക്രട്ടറി ധനവകുപ്പിന്റെ അംഗീകാരത്തിന് അയച്ചതോടെയാണ് നിര്‍ദേശം തള്ളിയത്. ചീഫ് സെക്രട്ടറി ജിജി തോംസണും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാമും സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശത്തില്‍ ശക്തമായ എതിര്‍പ്പാണ് ഫയലില്‍ രേഖപ്പെടുത്തിയത്.
ഇത്തരമൊരു സര്‍വകലാശാല സ്ഥാപിക്കാനുള്ള നീക്കം സംബന്ധിച്ച് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ നിരന്തരം അന്വേഷിക്കുന്നെന്നും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശങ്കകള്‍ ഉയര്‍ന്നതായും ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

‘കലാപകലുഷിതമായ അന്തരീക്ഷത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനേ സര്‍വകലാശാല ഉപകരിക്കൂ, ഭരണഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന 22 ഭാഷകളില്‍ അറബിയില്ല, അതിനാല്‍ വിദേശ ഭാഷാപഠനത്തിന് സര്‍വകലാശാല സ്ഥാപിക്കാന്‍ കേന്ദ്ര വിദേശകാര്യ മാനവശേഷി മന്ത്രാലയങ്ങളില്‍നിന്ന് അനുമതി വാങ്ങണം, സംസ്ഥാനത്തിന് 96 കോടിയുടെ അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കും, ഇത്തരമൊരു നിര്‍ദേശംതന്നെ അനാവശ്യമാണ്’ എന്നിങ്ങനെയുള്ള അഭിപ്രായമാണ് ഉന്നത ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. സച്ചാര്‍ കമീഷന്റെയും പാലോളി കമ്മിറ്റിയുടെയും ശിപാര്‍ശകള്‍ മുന്‍നിര്‍ത്തിയാണ് അറബി ഭാഷാപഠനത്തിന് സര്‍വകലാശാല എന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധ സമിതി കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാത്ത രീതിയില്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് ഫയല്‍ അയച്ചത്.

കഴിഞ്ഞ ബജറ്റില്‍ സര്‍വകലാശാല സ്ഥാപിക്കുന്നത് ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം സമര്‍പ്പിച്ചപ്പോള്‍ ധനമന്ത്രി എതിര്‍ത്തിരുന്നു. പിന്നീടാണ് സര്‍വകലാശാലക്കായി വിദ്യാഭ്യാസ വകുപ്പ് ഫയല്‍ ധനവകുപ്പിലേക്ക് അയച്ചത്. ഫയല്‍ മടക്കിയപ്പോള്‍ വിദേശ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും അറബി ഭാഷാ പഠനത്തെയും ഗവേഷണത്തെയും പ്രോത്സാഹിപ്പിക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഏജന്‍സികളില്‍നിന്നും ഫണ്ട് കണ്ടത്തൊനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മറുപടി നല്‍കി. സര്‍വകലാശാല തുടങ്ങാന്‍ ആറുകോടിയുടെ ബാധ്യതയാണ് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടിയത്. എന്നാല്‍, 96 കോടി വരുമെന്നാണ് നിര്‍ദേശം നിരസിച്ച് ധനവകുപ്പ് ഫയലില്‍ ചൂണ്ടിക്കാട്ടുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം