‘കെ.എസ്.ആര്‍.ടി.സി’: കര്‍ണാടക – കേരളം പോര് രൂക്ഷമാകുന്നു

Sunday November 30th, 2014

KSRTC busതിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. എന്ന പേര് കര്‍ണാടകക്ക് ട്രേഡ്മാര്‍ക്കായി നല്‍കിയതിനെതിരേ കേരള ആര്‍.ടി.സി. നിയമനടപടിക്കൊരുങ്ങുന്നു. കര്‍ണാടകയുടെ അപേക്ഷ പ്രകാരം ചെന്നൈയിലെ ട്രേഡ്മാര്‍ക്ക് ഏജന്‍സിയാണ് കെ.എസ്.ആര്‍.ടി.സിയെന്ന ചുരുക്കെഴുത്ത് അവര്‍ക്കു നല്‍കിയത്. ഇതിനെതിരെ ആദ്യം ദേശീയ ട്രേഡ്മാര്‍ക്ക് രജിസ്ട്രിയെ സമീപിക്കുമെന്നും രജിസ്ട്രിയില്‍ നിന്ന് അനുകൂലമായ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നു കെ.എസ്.ആര്‍.ടി.സി. എം.ഡി. ആന്റണി ചാക്കോ അറിയിച്ചു.

1953 മുതല്‍ കേരള സര്‍ക്കാരിനു കീഴിലുള്ള ബസ്സുകള്‍ സര്‍വീസ് തുടങ്ങിയിരുന്നു. അന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി. എന്ന പേരുതന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, 1974ല്‍ സ്ഥാപിതമായ കര്‍ണാടക ആര്‍.ടി.സിക്കാണ് ഇപ്പോള്‍ ചെന്നൈയിലെ ട്രേഡ്മാര്‍ക്ക് ഏജന്‍സി കെ.എസ്.ആര്‍.ടി.സിയെന്ന ട്രേഡ്മാര്‍ക്കിന്റെ അംഗീകാരം നല്‍കിയിരിക്കുന്നത്. നേരത്തേ ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷനായി കേരളം അധികൃതരെ സമീപിക്കാതിരുന്നതാണ് ഇപ്പോഴത്തെ തിരിച്ചടിക്കു കാരണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തത് പ്രശ്‌നം രൂക്ഷമാക്കിയ സാഹചര്യത്തില്‍ വേണാട്, മലബാര്‍, തിരുകൊച്ചി എന്ന പേരുകളും കേരളം ഇതിനൊപ്പം രജിസ്റ്റര്‍ ചെയ്യും. കേരളത്തിന്റെ തെക്ക്-മധ്യ-വടക്കു മേഖലകളില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കാണ് ഇത്തരത്തില്‍ പേരു നല്‍കിയിരിക്കുന്നത്. ഒപ്പം വോള്‍വോ ബസ്സുകള്‍ക്കായി കേരളം ഉപയോഗിച്ചുവരുന്ന ‘ഗരുഡ’ എന്ന ട്രേഡ്മാര്‍ക്കിന് ആന്ധ്രപ്രദേശും അംഗീകാരം നേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആദ്യം മുതല്‍ തന്നെ ഗരുഡ എന്ന പേര് ഉപയോഗിച്ചു വരുന്നതു തങ്ങളാണെന്നു കാണിച്ച് കേരളം രജിസ്ട്രിയെ സമീപിക്കും.

കെ.എസ്.ആര്‍.ടി.സി. എന്ന ചുരുക്കെഴുത്ത് കേരളത്തിന്റെ ബസ്സുകള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നു കാണിച്ച് കഴിഞ്ഞ ദിവസമാണ് കര്‍ണാടക കേരളത്തിനു കത്തു നല്‍കിയത്. ഇതിനു ശേഷമാണ് കേരളത്തിനു സംഭവത്തിന്റെ ഗൗരവം ബോധ്യമായത്. അതേസമയം, ഏറെക്കാലമായി കേരളം ഉപയോഗിച്ചുവരുന്ന ട്രേഡ്മാര്‍ക്ക് കുറുക്കുവഴികളിലൂടെ തട്ടിയെടുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നു ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. അതിജീവനത്തിനായി പാടുപെടുന്ന കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ഇനി സ്വന്തം പേരിനായും പോരാടേണ്ടി വരും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം