വീഥി കീഴടക്കാന്‍ വരുന്നു ‘കൊറാന്‍ഡോ’

Sunday September 28th, 2014
2

Mahindra Corandoമുംബൈ: മിനി എസ് യു വികളുടെ കടുത്ത പോരാട്ടത്തിന് ഒന്നാംതരം മറുപടിയുമായി മഹീന്ദ്രയുടെ കൊറാന്‍ഡോ വരുന്നു. ഏതാനും മാസങ്ങള്‍ക്കകം പ്രതീക്ഷിക്കാവുന്ന കൊറാന്‍ഡോ പ്രീമിയം മിനി എസ് യു വി നിരയിലെ മഹീന്ദ്രയുടെ പ്രഥമ വാഹനമായിരിക്കും. കൊറാന്‍ഡോ ഒരു മഹീന്ദ്രയല്ല. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയന്‍ വാഹന നിര്‍മാതാക്കളായ സാങ് യോങ് 1983 മുതല്‍ ഇറക്കിവരുന്ന വാഹനമാണ്. ‘ഭാഗ്യം’ എാണ് കൊറാന്‍ഡോ എന്ന കൊറിയന്‍ വാക്കിന്റെ അര്‍ത്ഥമത്രെ. കൊറാന്‍ഡോയിലൂടെ ഈ ഭാഗ്യം മഹീന്ദ്രയ്ക്കുമുണ്ടാകുമോ എന്നാണു പ്രതീക്ഷ. മഹീന്ദ്ര സാങ് യോങ് ഏറ്റെടുത്തിട്ട് രണ്ടോ മൂന്നോ കൊല്ലമായിട്ടേയുള്ളൂ. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ ഇരു വാഹനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. കൊറാന്‍ഡോയെ മഹീന്ദ്രയുമായി ബന്ധിപ്പിക്കുന്ന മുഖ്യ ഘടകം എന്താണെന്ന് അറിയണമെങ്കില്‍ 1983 കൊറാന്‍ഡോ കണ്ടു നോക്കണം.

കാഴ്ചയില്‍ എം എം 540 പോലെയുണ്ട്. കാരണമുണ്ട്. അമേരിക്കന്‍ കമ്പനിയായ വില്ലീസിന്റെ ജീപ്പ് സി ജെ 7 എന്ന മോഡലിന്റെ ചുവടു പിടിച്ചാണ് സാങ് യോങ് ആദ്യ കൊറാന്‍ഡോ ഇറക്കിയത്. മഹീന്ദ്രയാകട്ടെ എം എം 540 മുതല്‍ ഇന്നിറങ്ങുന്ന ഥാര്‍ വരെ ഏതാണ്ട് ഒട്ടുമിക്ക വാഹനങ്ങളും ഇതേ അമേരിക്കന്‍ മോഡലിനെ അധികരിച്ചാണ് നിര്‍മിക്കുന്നത്. ഇതു തന്നെ സാദൃശ്യത്തിനു പിന്നില്‍. അതു കൊണ്ടു തന്നെ എല്ലാ മഹീന്ദ്രകളുടെയും ഡി എന്‍ എ തന്നെ കൊറാന്‍ഡോയ്ക്കുമുണ്ട്. ഡി എന്‍ എ ഒന്നാണെങ്കിലും മഹീന്ദ്ര മോഡലുകളെക്കാള്‍ വേഗത്തില്‍ ആധുനികത പുല്‍കാന്‍ കൊറാന്‍ഡോക്ക് ആയിട്ടുണ്ട്. ജീപ്പ് അധിഷ്ഠിത രൂപം 1983 മുതല്‍ 1996 വരെയേ ഇറങ്ങിയുള്ളൂ. 96 ല്‍ രണ്ടാം തലമുറ കൊറാന്‍ഡോ വന്നു. പൂര്‍ണമായും ബോഡിയുള്ള മൂന്നു ഡോര്‍ കൊറാന്‍ഡോ കാഴ്ചയില്‍ മാത്രമല്ല സാങ്കേതികതയിലും ആധുനികമായി. മെഴ്‌സെഡിസുമായി അക്കാലത്ത് സാങ് യോങിനുള്ള ബന്ധങ്ങള്‍ മുതലെടുത്ത് ഒട്ടേറെ ബെന്‍സ് സാങ്കേതികതകള്‍ കൊറാന്‍ഡോയിലേക്ക് പകര്‍ന്നു. ഡ്രൈവ് ട്രെയിനിലൊക്കെ സമൂല പരിഷ്‌കാരങ്ങളുണ്ടായി. 2.3 ലീറ്ററും 3.2 ലീറ്ററുമുള്ള പെട്രോള്‍ എന്‍ജിനുകളും ഒരു 2.9 ലീറ്റര്‍ ഡീസല്‍ എന്‍ജിനും ബെന്‍സ് മോഡലുകളില്‍ നിന്നു പറിച്ചു നട്ടു. ലോകം മുഴുവന്‍ കൊറാന്‍ഡോ കയറ്റുമതി ചെയ്തു. സ്റ്റീയറിങ് വീല്‍ ആര്‍ച്ച് ഡാഷ് ബോര്‍ഡിന്റെ രണ്ടു വശങ്ങളിലും ഉള്ള രൂപകല്‍പന ലെഫ്റ്റ് ഹാന്‍ഡ്, റൈറ്റ് ഹാന്‍ഡ് മോഡലുകളിലേക്ക് വളരെപ്പെട്ടെന്നു നിര്‍മാണം വഴിമാറ്റിവിടാന്‍ സഹായകമായി. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും കൊറാന്‍ഡോ ജനപ്രീതി നേടി.

2004 കാലികമായ മാറ്റങ്ങളുണ്ടായ രണ്ടാം തലമുറ 2010 വരെ ഇറങ്ങി. ഇതിനിടെ റഷ്യയിലും ഇറാനിലും വിയറ്റ്‌നാമിലും പോളണ്ടിലുമൊക്കെ കൊറാന്‍ഡോ നിര്‍മിക്കപ്പെട്ടു. സുഖകരമായ ഡ്രൈവിങ്ങും കരുത്തുള്ള എന്‍ജിനും കാറിനൊത്ത സൗകര്യങ്ങളുമായിരുന്നു ഈ ചെറു നാലുവീല്‍ ഡ്രൈവിന്റെ ജനപ്രീതിക്കു പിന്നില്‍. മൂന്നാം തലമുറ കൊറാന്‍ഡോ ഇറങ്ങിയതോടെ വാഹനം കൂടുതല്‍ കാറിനു തുല്യമായി. വീല്‍ബേസ് തെല്ലു കൂടി, സൗകര്യങ്ങളും. ടു വീല്‍, ഫോര്‍ വീല്‍ മോഡലുകളും പുതിയ എന്‍ജിനുകളും ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമൊക്കെയെത്തി. സുരക്ഷയ്ക്കായി 6 എയര്‍ബാഗുകളും എബിഎസ് ബ്രേക്കുകളഉം മറ്റു സംവിധാനങ്ങളുമെത്തി. എന്നാല്‍ ഏറ്റവും വലിയ മാറ്റം ഷാസിയിലുറപ്പിച്ച ബോഡിക്കു പകരം ഒറ്റ ഷെല്ലായി നിര്‍മിക്കുന്ന മോണോകോക് ബോഡിവന്നു എന്നതാണ്. പതിവു രാജ്യങ്ങള്‍ക്കു പുറമെ ഉക്രൈന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും കൊറാന്‍ഡോ അസംബ്ലി ചെയ്യപ്പെട്ടു.

ഈ കൊറാന്‍ഡോയുടെ പരിഷ്‌കൃത രൂപമാണ് ഇന്ത്യയിലെത്തുന്നത്. 2012 ല്‍ ആദ്യമായിറങ്ങിയ ഈ രൂപാന്തരം അക്കൊല്ലത്തെ മികച്ച മിനി എസ് യു വി പുരസ്‌കാരങ്ങള്‍ പലതും നേടി. ഇന്ത്യയിലിറങ്ങുന്ന കൊറാന്‍ഡോയ്ക്ക് 1998 സി സി നാലു സിലന്‍ഡര്‍ ഡീസല്‍ മോഡലായിരിക്കും. നാലു വീല്‍ മോഡലും പ്രതീക്ഷിക്കാം. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടി ട്രോണിക് ഓട്ടമാറ്റിക് ഗീയര്‍ ബോക്‌സുകള്‍. പൂജ്യത്തില്‍ നിന്നു നൂറിലെത്താന്‍ 10 സെക്കന്‍ഡ്. ഇ എസ് പി, ആന്റി റോളിങ് മെക്കാനിസം എന്നിവയൊക്കെയുണ്ട്. രണ്ടു ടണ്‍ ഭാരംവലിച്ചു കൊണ്ടു പോകാനും പറ്റും. വലിയ പരിഷ്‌കാരം അഞ്ചു ഡോറുള്ള മോഡലും ലഭ്യമാണ് എന്നതായിരിക്കും. ഇന്ത്യയില്‍ 15 ലക്ഷം രൂപയായിരിക്കും ഏകദേശ വില.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം