യൂത്ത് ലീഗ് നേതാവിന്റെ അമേരിക്കന്‍ യാത്ര വിവാദമാകുന്നു

Thursday September 18th, 2014

CK Subair news photoമലപ്പുറം: യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അമേരിക്കന്‍ അതിഥിയായി ന്യൂയോര്‍ക്കിലേക്കു പോയത് വിവാദമാകുന്നു. യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. സുബൈറാണ് അമേരിക്കന്‍ ക്ഷണം സ്വീകരിച്ച് യാത്രതിരിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തില്‍ നിന്നായിരുന്നു യാത്ര. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പരിപാടിയില്‍ പങ്കെടുക്കുവാനാണ് സൂബൈര്‍ പോയത്. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ യുവജന ക്ഷേമ ബോര്‍ഡില്‍ നിന്ന് ഒരു ലക്ഷം രൂപയും കൈപ്പറ്റി. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ മുഴുവന്‍ ചെലവും വഹിക്കുന്നതിനു പുറമെയാണിത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗവും കൂടിയാണ് സുബൈര്‍. യുവജന ക്ഷേമബോര്‍ഡില്‍ ആര് വിദേശയാത്രനടത്തിയാലും ഒരു ലക്ഷം രൂപ ലഭിക്കുമെന്നാണ് വ്യവസ്ഥ. മൂന്നാം ലോകരാജ്യങ്ങളിലെ യുവനേതാക്കളെ സ്വാധീനിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്ക ലീഡര്‍ഷിപ്പ് പരിപാടി നടത്തുന്നത്.

18 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെ ക്ഷണിച്ചതില്‍ സംസ്ഥാനത്തു നിന്നും സുബൈര്‍ മാത്രമാണ് യാത്ര തിരിച്ചിട്ടുള്ളത്. നേരത്തെ കേരളത്തിലെ എം.എല്‍.എമാരെ അമേരിക്കയിലേക്ക് ക്ഷണിച്ചത് വിവാദമായിരുന്നു. ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇടതു എം.എല്‍.എമാര്‍ ആദ്യം ക്ഷണം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് സമ്മര്‍ദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരും വിവാദം ഭയന്നു ലീഗ് എം.എല്‍.എമാരും യാത്രയില്‍ നിന്ന് പിന്മാറിയിരുന്നു. ലീഗ് എം.എല്‍.എമാരായ കെ.എം. ഷാജി, അഡ്വ.എന്‍. ഷംസുദീന്‍ എന്നിവര്‍ യാത്രയില്‍ നിന്നു പിന്‍മാറിയിരുന്നു. ഗസ്സ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ വിലക്കിനെ തുടര്‍ന്നായിരുന്നു ലീഗ് എം.എല്‍.എമാര്‍ യാത്രയില്‍ നിന്ന് പിന്‍മാറിയത്. പാര്‍ട്ടി അതേ നിലപാട് തുടരുമ്പോള്‍ തന്നെയാണ് സംഘടനയില്‍ പ്രധാനപ്പെട്ട പദവി വഹിക്കുന്ന സുബൈര്‍ അതീവ രഹസ്യമായി അമേരിക്കയിലേക്ക് പുറപ്പെട്ടത്. മുസ്ലിം ലീഗ് നേതൃത്വമോ യൂത്ത് ലീഗ് നേതൃത്വമോ അറിയാതെയാണത്രെ സുബൈറിന്റെ യാത്ര. രണ്ടാഴ്ച നാട്ടില്‍ ഉണ്ടാകില്ലെന്ന് മാത്രമാണ് സുബൈര്‍ സംഘടനയെ അറിയിച്ചിരിക്കുന്നത്. സുബൈറിന്റെ നടപടി പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നതാണെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. സംഘടനയെ അറിയിക്കാതെ അമേരിക്ക സന്ദര്‍ശിച്ചത് സംബന്ധിച്ച് സുബൈറില്‍ നിന്നും പാര്‍ട്ടി വിശദീകരണം ചോദിച്ചേക്കും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം