കണ്ണൂരിലെ സി.പി.എം.നേതാക്കള്‍ക്കെതിരെ വധഭീഷണി; പോലിസ് കേസെടുത്തു

Sunday September 7th, 2014

FB post against CPM leadersകോഴിക്കോട്: സി.പി.എം നേതാക്കള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ വധ ഭീക്ഷണിയുമായി ആര്‍.സ്.എസ് പ്രവര്‍ത്തകര്‍. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും മകനുമെതിരെ വധഭീക്ഷണി ഉയര്‍ത്തുന്ന നിരവധി പോസ്റ്റുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

ആര്‍.എസ്.എസ് ജില്ലാ ശാരീരിക് പ്രമുഖ് മനോജിന്റെ വധത്തിന് തിരിച്ചടിയുണ്ടാവില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും പക്ഷെ, താഴെക്കിടയില്‍ നേതാക്കളുടെ നിര്‍ദേശം എത്തിയിട്ടില്ലെന്നാണ് പോസ്റ്റുകളില്‍ നിന്നു മനസ്സിലാകുന്നത്. സിപിഎം നേതാക്കള്‍ക്കു നേരെ വധഭീക്ഷണിയും അധിക്ഷേപവും ചൊരിഞ്ഞ് ആര്‍.എസ്.എസ്. ബി.ജെ.പി പ്രവര്‍ത്തകരുടെ നിരവധി പോസ്റ്റുകളാണ് ദിനംപ്രതി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനെയും മകന്‍ ജെയിന്‍ രാജിനെയും വധിക്കുമെന്ന് മുന്നറിയിപ്പു നല്‍കുന്ന പോസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്.
സജി കൃഷ്ണ എന്നയാളുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇങ്ങിനെയായിരുന്നു….
‘ജയരാജാ…അന്ന് നിന്നെ കൊല്ലാതെ വിട്ടത്, ആര്‍.എസ്.എസിന്റെ കഴിവു കേടായി കരുതുന്നെങ്കില്‍ ആ ചിന്ത മാറ്റാന്‍ സംഘത്തിനറിയാം… നിന്റെ മകന്‍ മരണം യാചിക്കുന്നത് കണ്ടില്ലേ’…. എന്നാണ് ഒരു പോസ്റ്റ്. ഇത്തരം പോസ്റ്റുകള്‍ക്കെതിരെ സി.പി.എം നിയമ നടപടിക്ക് ഒരുങ്ങുകയാണ്. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എം.വി ജയരാജന്‍ കണ്ണൂര്‍ എസ്.പിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. ഇതെ തുടര്‍ന്ന് ഐ.ടി.ആക്ട് 66 എ, പോലിസ് ആക്ട് 118ഡി വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു.

ഇതിനിടെ, മനോജിന്റെ കൊലപാതകത്തിനു തൊട്ടു പിന്നാലെ പി ജയരാജന്റെ മകന്‍ ജയിന്‍ രാജ് ഫേസ് ബുക്കിലൂടെ നടത്തിയ പ്രതികരണം ഏറെ വിവാദമാവുകയും കതിരൂര്‍ പോലീസ് സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു. അതെ സമയം, ആര്‍.എസ്എസ് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്ത ആഭ്യന്തര വകുപ്പിനെതിരെ സി.പി.എം പ്രവര്‍ത്തകരടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ സി.പി.എം.നേതാക്കള്‍ക്കെതിരെയുള്ള വധഭീഷണി പോസ്റ്റ് വിവാദമായതോടെ പോസ്റ്റിട്ട സജി കൃഷ്ണ എന്നയാള്‍ ഖേദപ്രകടനവുമായി പുതിയ പോസ്റ്റ് ഇറക്കിയിട്ടുണ്ട്.

 

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം