റൊഡോള്‍ഡിന്യോയും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്

Saturday August 30th, 2014

ronoldoചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇപ്പോള്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ ഫലപ്രദമാവുകയാണെങ്കില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡിന്യോയുടെ സാന്നിധ്യമുണ്ടാവും സൂപ്പര്‍ ലീഗില്‍. ബോളിവുഡ്താരം അഭിഷേക് ബച്ചന്റെയും പ്രശാന്ത് അഗര്‍വാളിന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈ ടൈറ്റന്‍സാണ് ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയിട്ടുള്ള റൊണാള്‍ഡിന്യോയുമായി ചര്‍ച്ച നടത്തിവരുന്നത്. റൊണാള്‍ഡിന്യോയുടെ ഏജന്റും സഹോദരനുമായ റോബര്‍ട്ടോ ഡി അസ്സിസുമായാണ് ചെന്നൈ ടീം ചര്‍ച്ചകള്‍ നടത്തിവരുന്നത്. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ കൂടി കളിക്കാന്‍ സൗകര്യപ്രദമായ വിധം രണ്ടു വര്‍ഷത്തെ കരാറാണ് 34 കാരനായ റൊണാള്‍ഡിന്യോയുമായി ടൈറ്റന്‍സ് ഒപ്പിടാന്‍ ശ്രമിക്കുന്നത്. അമേരിക്കയില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ റൊണാള്‍ഡിന്യോ ഇന്ത്യയിലേയ്ക്ക് വരുമെന്നു തന്നെയാണ് ടൈറ്റന്‍സിന്റെ പ്രതീക്ഷ. അടുത്ത വര്‍ഷം മുതല്‍ അമേരിക്കയില്‍ കളിക്കാനാണ് റൊണാള്‍ഡിന്യോ പദ്ധതിയിടുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ലീഗാണെങ്കില്‍ ഒക്‌ടോബര്‍ 12ന് ആരംഭിച്ച് ഡിസംബര്‍ 20ന് അവസാനിക്കുകയും ചെയ്യും. റൊണാള്‍ഡിന്യോയുടെ സാന്നിധ്യമുണ്ടാവുകയാണെങ്കില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ താരമൂല്യം ഇരട്ടിക്കുമെന്ന് ഉറപ്പ്. പ്രഥമ ലീഗിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുമെന്നും ഉറപ്പാകും. ഡല്‍ഹിയുമായി കരാര്‍ ഒപ്പിട്ട മുന്‍ ഇറ്റാലിയന്‍ സൂപ്പര്‍ താരം ഡെല്‍ പിയറോയാണ് ഇതുവരെ സൂപ്പര്‍ലീഗിലെത്തിയ പ്രധാന താരം.
ബെര്‍നാഡ് മെന്‍ഡി, ക്രിസ്റ്റിയന്‍ ഹിഡാല്‍ഗോ, ഗെന്നാരോ ബ്രാസിഗ്ലിയാനോ, ബോയന്‍ യോര്‍ഡിച്ച്, എഡ്വാര്‍ഡോ സില്‍വ, ബ്രൂണോ പെലിസ്സൊരി, ജെയ്‌റോ സുവാരസ് എന്നിവരാണ് ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ടൈറ്റന്‍സിലെ മറ്റ് വിദേശ താരങ്ങള്‍.
1999 മുതല്‍ ബ്രസീല്‍ ടീമില്‍ അംഗമായ റൊണാള്‍ഡിന്യോ മഞ്ഞപ്പടയ്ക്കുവേണ്ടി 97 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചത്. 33 ഗോളുകള്‍ നേടുകയും ചെയ്തു. 2002ല്‍ ലോകകിരീടം ചൂടിയ ടീമിലെ അംഗമായിരുന്നു. റൊണാള്‍ഡോ, റൊണാള്‍ഡിന്യോ, റിവോള്‍ഡോ സഖ്യത്തിന്റെ മികവിലാണ് അന്ന് ബ്രസീല്‍ കപ്പ് നേടിയത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. പെലെ തയ്യാറാക്കിയ എക്കാലത്തെയും നൂറ് മിച്ച താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനും റൊണാള്‍ഡിന്യോയ്ക്ക് കഴിഞ്ഞിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം