വനിതാ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ മഞ്ഞപ്പിത്തബാധ; കായിക താരങ്ങളുടെ ഭാവി ഇരുട്ടില്‍

Thursday August 21st, 2014

Sport hostelകൊല്ലം: സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴിലെ ഗേള്‍സ് ഹോസ്റ്റലിലെ മഞ്ഞപ്പിത്തബാധ കായിക താരങ്ങളുടെ ഭാവി ഇരുട്ടിലാക്കുന്നു. ഹോസ്റ്റലിലെ വൃത്തിഹീനമായ അന്തരീക്ഷവും സമീപത്തെ ഗ്രൗണ്ടിലുള്ള കോര്‍പ്പറേഷന്റെ മാലിന്യ നിക്ഷേപവുമാണ് രോഗബാധക്കു കാരണമെന്നാണ് സൂചന. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന ഗേള്‍സ് ഹോസ്റ്റലിലെ 12 കുട്ടികള്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഹോസ്റ്റലിന് സമീപത്തായി കൊല്ലം കോര്‍പ്പറേഷന്‍ നടത്തുന്ന മാലിന്യ നിക്ഷേപമാണ് മഞ്ഞപ്പിത്തം പടരാന്‍ കാരണമെന്നാണ് ആരോപണം. ഹോസ്റ്റലിലെ കിണറുകളിലൊന്ന് മാലിന്യം നിറഞ്ഞതും പരിസരം വൃത്തിഹീനവുമാണ്.

ദേശീയ മത്സരങ്ങളിലടക്കം മാറ്റുരയ്ക്കുന്ന കായിക താരങ്ങളുള്ള ഹോസ്റ്റലില്‍ ആരോഗ്യ വിഭാഗമുള്‍പ്പടെ വേണ്ടത്ര പരിശോധനകള്‍ നടത്താറുമില്ല. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗത്തില്‍ നിന്ന് വഴിപാട് കണക്കെ പേരിനൊരു പരിശോധന മാത്രമാണ് നടന്നതും. നഗരത്തിലെ വിവിധ സ്‌കൂളുകളിലും കോളജുകളിലും നിന്നുമുള്ള ദേശീയ കായിക പ്രതിഭകളടക്കം 59 പേരാണ് ഇവിടെ താമസിക്കുന്നത്. ഹൈപ്പറ്റെറ്റീസ് ബാധിതരായ ഇവരില്‍ ചിലര്‍ക്ക് ഇത്തവണ ഇന്റര്‍നാഷണല്‍ മത്സരങ്ങളിലും ജില്ലാ അത്‌ലറ്റിക് മീറ്റിലുമടക്കം മാറ്റുരയ്ക്കാന്‍ കഴിഞ്ഞേക്കില്ല. കായിക രംഗത്ത് കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തുന്ന ഇവരുടെ ആരോഗ്യ വിഷയങ്ങളില്‍ സര്‍ക്കാരിനും വേണ്ടത്ര ശ്രദ്ധയില്ല.

രോഗബാധിതരായ കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതിനു പകരം കുട്ടികളെ എത്രയും വേഗം വീട്ടിലേക്കയച്ചു ഹോസ്റ്റല്‍ പൂട്ടുകയാണ് അധികൃതര്‍ ചെയ്തത്. സംഭവം വിവാദമായതോടെ കുട്ടികളുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കുമെന്ന്് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃകര്‍ അറിയിച്ചിട്ടുണ്ട്. വെള്ളത്തിലൂടെയാണോ രോഗം പകര്‍ന്നതെന്നറിയാന്‍ സാംപിള്‍ പരിശോധനക്കയച്ചിട്ടുണ്ടെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. കുട്ടികളുടെ കായിക ക്ഷമതയെ തന്നെ ബാധിക്കും വിധം രോഗം ബാധിച്ചിട്ടും അധികൃതരും സര്‍ക്കാരും മൗനം പാലിക്കുന്നതും പ്രതിഷേധത്തിനു വഴിയൊരുക്കുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം