പോലിസുകാരെ മര്‍ദ്ദിച്ച കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസ്

Friday July 4th, 2014
2

Congress MLA karnatakaബാംഗ്ലൂര്‍: പോലീസുകാരെ മര്‍ദിച്ച കോണ്‍ഗ്രസ് എം.എല്‍.എ.ക്കെതിരെ കേസ്. രാത്രിവൈകിയും നഗരത്തിലെ ബാറില്‍ ജന്മദിന പാര്‍ട്ടി നടത്തിയതിനെ ചോദ്യം ചെയ്തതിനാണ് പോലീസുകാരെ കോണ്‍ഗ്രസ് എം.എല്‍.എ. വിജയാനന്ദ് കാശപ്പനവരും അനുയായികളും മര്‍ദിച്ചത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് എം.എല്‍.എ.ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കൂടാതെ എം.എല്‍.എയുടെ അനുയായിയായ സോമശേഖര്‍ഗൗഡയെ കോണ്‍ഗ്രസ് ആറ് മാസത്തേക്ക് പുറത്താക്കി. പോലീസുകാരെ മര്‍ദിച്ച പരാതിയില്‍ ബാഗല്‍കോട്ട ജില്ലയിലെ ഹുങ്കുണ്ട് എം.എല്‍.എ.യായ വിജയാനന്ദ് കാശപ്പനവ അടക്കം പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച അര്‍ധരാത്രി നഗരത്തിലെ ഒരു പ്രമുഖ ബാറില്‍ വിജയാനന്ദ കാശപ്പനവരുടെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം. രാത്രി 11 മണിവരെയാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുള്ളൂവെങ്കിലും രാത്രി ഒരു മണി കഴിഞ്ഞിട്ടും ആഘോഷം തുടരുന്നത് അറിഞ്ഞാണ് പോലീസ് സ്ഥലത്ത് എത്തിയത്. സമയപരിധി കഴിഞ്ഞിട്ടും ആഘോഷം തടയാന്‍ ശ്രമിച്ച പോലീസുകാരെ എം.എല്‍.എ. ഭീഷണിപ്പെടുത്തുകയും സംഭവം വീഡിയോവില്‍ പകര്‍ത്താന്‍ ശ്രമിച്ച പോലീസുകാരനെ മര്‍ദിക്കുകയും ക്യാമറ പിടിച്ചുവാങ്ങുകയും ചെയ്തു.

കബണ്‍പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ കിരണ്‍കുമാര്‍, പ്രശാന്ത് നായിക് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ചടങ്ങ് അവസാനിപ്പിക്കണമെന്ന് പറഞ്ഞതിന് എം.എല്‍.എ. മുഖത്തടിച്ചുവെന്നാണ് പോലീസുകാര്‍ പരാതിനല്‍കിയത്. ആഘോഷം നടക്കുന്ന വിവരമറിഞ്ഞ ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് സംഭവം ക്യാമറയില്‍ പകര്‍ത്താന്‍ പോലീസുകാരെ അയച്ചത്. താന്‍ എം.എല്‍.എ.യാണെന്നും ചടങ്ങ് വീഡിയോവില്‍ പകര്‍ത്താന്‍ അനുവദിക്കില്ലെന്നും ആക്രോശിച്ച് വിജയാനന്ദ് കാശപ്പനവര്‍ പോലീസുകാരെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. പോലീസുകാരെ കൈയേറ്റം ചെയ്യാന്‍ അനുയായിയായ സോമശേഖര്‍ ഗൗഡയുമുണ്ടായിരുന്നു. സംഭവം അറിഞ്ഞ് കൂടുതല്‍ പോലീസുകാരെത്തിയാണ് സോമശേഖര്‍ ഗൗഡയടക്കമുള്ളവരെ അറസ്റ്റുചെയ്ത് നീക്കിയത്. അനുയായികളെ അറസ്റ്റുചെയ്‌തെങ്കിലും രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് എം.എല്‍.എ.ക്കെതിരെ കേസെടുക്കാന്‍ തുടക്കത്തില്‍ പോലീസ് തയ്യാറായില്ല. വിവാദമായതോടെയാണ് കേസെടുത്തത്.

എന്നാല്‍ താന്‍ കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കുകയായിരുന്നുവെന്നും ഇതിനിടയില്‍ പോലീസ് എത്തി ഫോട്ടോ എടുക്കുന്നത് തടയുക മാത്രമാണ് ചെയ്തതെന്നും വിജയാനന്ദ് കാശപ്പനവര്‍ പറഞ്ഞു. പോലീസുകാരെ മര്‍ദിച്ചെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ബാറുകളുടെ പ്രവര്‍ത്തനസമയം 11 മണിക്ക് അവസാനിച്ചിട്ടും എം.എല്‍.എ. നിര്‍ബന്ധിച്ച് ബാര്‍ തുറപ്പിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. നേരത്തേ, മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എ.യായ ബൈരതി ബസവരാജ് തന്റെ കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്രാഫിക്ക് പോലീസിനെ മര്‍ദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബാറിലും പോലീസുകാര്‍ക്ക് മര്‍ദനമേറ്റത്. വിജയാനന്ദ് കാശപ്പനവരെ കോണ്‍ഗ്രസ്സില്‍നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. സംഭവത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം