മുസ്‌ലിം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ സഞ്ചാരങ്ങള്‍

By ശഫീഖ് വഴിപ്പാറ|Thursday June 26th, 2014

Muslim girls educationമലേഷ്യന്‍ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ പരമോന്നത സ്ഥാനമായ റെക്ടര്‍ പദവിയിലില്‍ ഇപ്പോഴുള്ളത് പ്രൊഫ. സലീഖ ഖമറുദ്ദീന്‍ എന്ന വനിതയാണ്. യൂറോ കേന്ദ്രിത വിദ്യാഭ്യാസ വ്യവസ്ഥിതിക്കു സമാന്തരമായി മുസ്‌ലിം ബൗദ്ധികലോകം രൂപപ്പെടുത്തിയെടുത്ത അറിവിന്റെ ഇസ്‌ലാമീകരണം എന്ന ആലോചനയുടെ സുപ്രധാന സംരഭമായി 1983ല്‍ സ്ഥാപിതമായ ആ സര്‍വ്വകലാശാലയുടെ നിയന്ത്രണം, അമേരിക്കയില്‍ നിന്നും നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രൊഫ. സലീഖ ഖമറുദ്ദീന്‍ എന്ന മലേഷ്യക്കാരിയുടെ കൈകളിലെത്തുന്നത് കഴിഞ്ഞ വര്‍ഷമാണ്. ‘ബാജു ഖുറോം’ എന്ന അച്ചടക്കമുള്ള മലേഷ്യന്‍ മുസ്‌ലിം വേഷം ധരിച്ച് കാന്വസിലെത്തുന്ന അവര്‍, പാണ്ഡിത്യവും വിശുദ്ധിയും പക്വതയും കൊണ്ട് ലോക അക്കാഡമിക് സമൂഹത്തിന്റെ ശ്രദ്ധ നേടിയിരിക്കുന്നു. മുസ്‌ലിം ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി അവിടെ പഠിക്കുന്നു. അമുസ്‌ലിംകളും പഠിക്കുന്നുണ്ട്. മുസ്‌ലിംകള്‍ പിന്തുടരുന്നത് പൂര്‍ണമായ ഇസ്‌ലാമിക ജീവിതം. എഴുന്നൂറ് ഏക്കറിലധികം സ്ഥലത്തായി പരന്നുകിടക്കുന്ന കാമ്പസില്‍ മുപ്പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെങ്കിലും ഇതുവരെ പെണ്‍കുട്ടികള്‍ക്കെതിരായ ഒരു കയ്യേറ്റവും പറഞ്ഞുകേട്ടിട്ടില്ലെന്നാണ് അവിടെ പഠിക്കുന്ന സുഹൃത്ത് പറഞ്ഞത്. ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ കൈവിട്ടുപോയ പ്രതാപങ്ങളെ മൂല്യത്തോടെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമേ അവര്‍ക്കുള്ളൂ.

അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നൂറുക്കണക്കിന് മുസ്‌ലിം പെണ്‍കുട്ടികള്‍ ബിരുദബിരുദാനന്തര പഠനത്തിലും ഗവേഷണത്തിലുമായി മുഴുകിയത് കാണാം. അച്ചടക്കമുള്ള മുസ്‌ലിം വേഷം ധരിക്കുന്നവരും അല്ലാത്തവരും അവരിലുണ്ട്. ബിരുദ പഠനം വരെ പെണ്‍കുട്ടികള്‍ക്ക് സ്വന്തം കാമ്പസും ക്ലാസ്മുറിയുമാണ്. വൈകുന്നേരം ആറുമണിയായാല്‍ പെണ്‍കുട്ടികള്‍ സ്വന്തം ഹോസ്റ്റലില്‍ തന്നെ ഉണ്ടാകണം. മൂല്യമുള്ള ജീവിതം നയിച്ച് ഭാവികാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള എല്ലാ അന്തരീക്ഷവും ഒരുക്കുന്നു. ഡിബേറ്റുകളിലും ഉന്നത മത്സര പരീക്ഷകളിലും ആ പെണ്‍കുട്ടികള്‍ മറ്റുള്ളവരുടെ ഒപ്പമോ മുന്നിലോ എത്തുന്നു. ഇന്ത്യയിലെ വിവിധ കേന്ദ്രയൂനിവേഴ്‌സിറ്റികളിലും ഐ.ഐ.ടികളിലും മെഡിക്കല്‍എഞ്ചിനീയറിംഗ് കോളേജുകളിലുമെല്ലാം ഇതുപോലുള്ള കാഴ്ചകള്‍ ഒരു സ്വാഭാവികതയായി തീര്‍ന്നിരിക്കുന്നു. താന്‍ വിശ്വസിക്കുന്ന സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനം കാണുകയും അത് ഒരു വിട്ടുവീഴ്ചയുമില്ലാതെ കാത്തുപോരുകയും ചെയ്യുന്നവരുടെ സംസ്‌കാരം കാമ്പസുകളില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.

ആഗോളദേശീയ തലങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ നിര്‍മിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഈ ചടുലമായ അടയാളങ്ങളോടൊപ്പം തന്നെയാണ് കേരളത്തിലെ കാമ്പസുകളുടെയും സഞ്ചാരം. കേരളത്തിലെ ചില ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ എഴുപതും എണ്‍പതും ശതമാനം വരെ പെണ്‍സാന്നിധ്യമുണ്ട്. മലബാറിലെ പല ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളും മുസ്‌ലിം പെണ്‍കുട്ടികളാണ് കയ്യടക്കിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ ഇല്ലാത്ത ഒരു ക്ലാസ്മുറിയും കാണാനാകില്ല. ആണ്‍കുട്ടികളില്ലാത്ത ക്ലാസ് മുറികള്‍ വേണമെങ്കില്‍ കാണാം. വിവാഹം കഴിഞ്ഞവരും പഠനം പാതിവഴിയില്‍ ഇടാന്‍ തയ്യാറല്ല. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കോളജിലേക്ക് വരുമ്പോള്‍ ലഞ്ച് ബോക്‌സ് തയ്യാറാക്കി കയ്യില്‍ കൊടുക്കുന്ന അമ്മായിഅമ്മമാരെ കുറിച്ച് അഭിമാനത്തോടെ അവര്‍ ക്ലാസില്‍ പറയും. പരീക്ഷ കഴിയുന്നത് വരെ കോളജിനു പുറത്ത് മകളെ/മകനെയും നോക്കി കാത്ത് നില്‍ക്കുന്ന നല്ല പാതിയെ കിട്ടിയ സന്തോഷം അവര്‍ക്കുണ്ട്. ജോലി ചെയ്ത് കുടുംബം പുലര്‍ത്താനല്ല പലരും ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നത്. സാമൂഹ്യമായ അവബോധം ആര്‍ജ്ജിച്ചെടുക്കുകയും അറിവിന്റെ വിവിധ മേഖലകള്‍ പരിചയപ്പെടുകയുമാണ് അവര്‍.

ഈ യാഥാര്‍ത്ഥ്യത്തെയാണ് ഇനി സമുദായ സംവിധാനങ്ങള്‍ അഭിസംബോധന ചെയ്യേണ്ടത്. ഒരു ജനതയുടെ സാമൂഹ്യമായ ഉന്നമനത്തിന് എല്ലാവിഭാഗങ്ങളും അതിനനുസരിച്ചുള്ള വളര്‍ച്ച നേടിയിരിക്കണം. ശരീരത്തിന്റെ ഏതെങ്കിലും ഒരു അവയവം മാത്രം വളര്‍ന്നാല്‍ ശരീരം വിരൂപമാകും. ഓരോന്നിനും അര്‍ഹമായ വളര്‍ച്ച കിട്ടുമ്പോഴാണ് സൗന്ദര്യം യാഥാര്‍ത്ഥ്യമാകുന്നത്. കുടംബത്തിന്റെയും വീടിന്റെയും ആരോഗ്യകരമായ പുരോഗതി പെണ്ണിന്റെകൂടി പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നു. അവളുടെ കാഴ്ചപ്പാടിലും നിലപാടിലും പക്വതയുണ്ടെങ്കില്‍ പുതിയ കാലത്തിന്റെ സങ്കീര്‍ണതകളെ കുടുംബങ്ങള്‍ക്ക് അതിജയിക്കാനാകും. മറിച്ച്, ആണ്‍ മാത്രം എല്ലാം നേടിയവനായാല്‍ അത്ര എളുപ്പത്തില്‍ അത് സാധ്യമാകണമെന്നില്ല.

പഠിക്കാനും ഗവേഷണം നടത്താനുമായി പുറത്തിറങ്ങിയ പെണ്‍കുട്ടികളുടെ സാമൂഹ്യ/ധാര്‍മിക സുരക്ഷയെ കുറിച്ചാണ് ഇനിയുള്ള ആലോചന. സാമൂഹ്യമാറ്റത്തിന്റെ പ്രധാന തെളിവായി മുമ്പിലുള്ള ഈ പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ചു തന്നെയാണോ വളരുന്നത്?. ഏതു മേഖലയിലും ഏതു സാഹചര്യത്തിലുമെത്തിയാലും ജീവിതത്തിന്റെ ശരിയായ ദിശയറിഞ്ഞു തുഴയുന്ന എത്രയോ പെണ്‍കുട്ടികള്‍ ഇവിടെയുണ്ട്. കുടുംബത്തില്‍ നിന്നും സ്വന്തമായ സ്രോതസ്സുകളില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത മനസ്സുറപ്പില്‍ അഭിമാനികളായി ഉയര്‍ന്നു നില്‍ക്കുന്ന അവരെ കുറിച്ചല്ല, സാഹചര്യങ്ങളുടെ അനൂകൂല നേരങ്ങളെ ആഘോഷമാക്കുന്നവരെ കുറിച്ചാണ് ആശങ്കയുയരുന്നത്.

ധാര്‍മികതയെ പെടുന്നനെ ചോര്‍ത്തിക്കളയുന്നതില്‍ പ്രധാനം ശരീരപ്രധാനമായ പ്രണയ ബന്ധങ്ങളാണ്. കാമ്പസില്‍ പോകാതെ തന്നെ അത്തരം അവസരങ്ങള്‍ ഏറെയുള്ള ചുറ്റുപാട് ഇപ്പോഴുണ്ടെന്നത് നേരാണ്. വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ കഴിയുന്നവള്‍ക്ക് ഒരു മിസ്സ്ഡ്‌കോള്‍ വന്നാല്‍ മതി എല്ലാം തുടങ്ങാന്‍. ജീവിതത്തിന്റെ അധാര്‍മിക വഴികള്‍ തിരഞ്ഞുനടന്ന് കണ്ടെത്തുന്നവരെ കുറിച്ചല്ല ഇവിടെ പറഞ്ഞത്. ദുര്‍ബല സാഹചര്യങ്ങളെ പ്രതിരോധിക്കുന്നവരെപ്പറ്റിയാണ്. സമുദായസംവിധാനങ്ങള്‍ അഭിസംബോധന ചെയ്യേണ്ടത് ഈ സങ്കീര്‍ണതയെയാണ്.

സ്ത്രീകള്‍ക്കുള്ള ആത്മീയ/മത പഠന ക്ലാസുകളും അനുബന്ധ പരിപാടികളും പ്രാദേശികമായി ഒട്ടേറെ നടക്കുന്നുണ്ട്. ഒരു പക്ഷേ, മുമ്പുള്ളതിനെക്കാള്‍ പതിമടങ്ങ് പരിപാടികളാണ് വനിതകളെ ലക്ഷ്യമാക്കിയുള്ളവ. അത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവരെ ശ്രദ്ധിച്ചാല്‍, ഭൂരിഭാഗവും ഇരുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവരാണെന്ന് ബോധ്യമാകും. മക്കളെ സ്‌കൂളിലേക്കും കോളജിലേക്കുമൊക്കെ പറഞ്ഞയച്ച് ബാക്കി സമയം ഇതുപോലുള്ള പരിപാടികളുമായി കഴിയുന്നവരാണിവര്‍. നല്ല കാര്യം. പക്ഷേ, കാമ്പസുകളിലെത്തിയ കൗമാരപ്പെണ്‍കുട്ടികള്‍ എവിടെ പോകുന്നു?. അത്തരം പരിപാടികളില്‍ അവരും ഹാജറാകേണ്ടതല്ലേ. അവര്‍ക്കുള്ള പ്രത്യേക പരിപാടികളൊന്നും നമ്മുടെ അജണ്ടയില്‍ അധികം വന്നിട്ടില്ലെന്നു തോന്നുന്നു. അവരുടെ അഭിരുചിയും ആവശ്യവും പരിഗണിച്ചുള്ള പദ്ധതികളാണ് ഉണ്ടാകേണ്ടത്. ബിരുദബിരുദാനന്തര വിദ്യാര്‍ത്ഥിനികളെയും ഗവേഷണ വിദ്യാര്‍ത്ഥിനികളെയുമെല്ലാം ലക്ഷ്യമാക്കിയുള്ള ക്ലാസുകളും ക്യാമ്പുകളും നടക്കണം. ജീവിതത്തിന്റെ ദാര്‍ശനികമായ മാനങ്ങള്‍ അവരും കേള്‍ക്കട്ടെ. വിവാഹ പൂര്‍വ്വ ജീവിതത്തെയും വിവാഹാനന്തര ജീവിതത്തെയും കുറിച്ച് പെണ്‍കുട്ടികളില്‍ ഗൗരവമാര്‍ന്ന ബോധ്യം ഉണ്ടാക്കിയെടുക്കണം. മാതാപിതാക്കള്‍ നിര്‍മിച്ചെടുക്കേണ്ടതാണ് കുട്ടിയുടെ അടിസ്ഥാന സ്വഭാവം. ഒരു കുട്ടി എങ്ങനെയായി മാറണമെന്ന് തീരുമാനിക്കുന്നതില്‍ മുഖ്യ പങ്ക് വീടിനു തന്നെയാണ്. വരച്ചവരയില്‍ മക്കളെ നിര്‍ത്തുന്ന പഴഞ്ചന്‍ നിലപാട് ഇനി പ്രായോഗികമല്ല. മക്കളുടെ ഏറ്റവും അടുത്ത സുഹൃത്ത് മാതാവും പിതാവുമായിരിക്കണം. ഏതു കാര്യവും തുറന്നുപറയാനുള്ള അവസരം വീട്ടിലുണ്ടാകണം. ഒരു തീന്‍മേശയ്ക്കു ചുറ്റും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബത്തിലെ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിക്കുകയും തുറന്ന മനസ്സ് രൂപപ്പെടുകയും പരസ്പര സ്‌നേഹം ഉണ്ടാകുകയും ചെയ്യും. കോളജിലേക്ക് നാളെ ഏതു വസ്ത്രം ധരിച്ചാണ് പോകേണ്ടത് എന്നുവരെ മാതാവിനോടും പിതാവിനോടും ചോദിക്കുന്ന ഒരു സാഹചര്യം. സ്‌നേഹമുള്ളിടത്തേ അത് സാധ്യമാകൂ. മറിച്ച്, ഇന്ന രീതിയില്‍ വസ്ത്രം ധരിച്ചേ പോകാവൂ എന്ന് അകന്ന മനസ്സുമായി കല്പിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. ഇതെല്ലാം പറഞ്ഞുകൊടുക്കുന്ന പരിശീലന പരിപാടികള്‍ ഒരുക്കേണ്ടത് സമുദായ സംവിധാനങ്ങളാണ്.

കടപ്പാട് – (ചന്ദ്രികഡെയ്‌ലി.കോം)

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം