പുതിയ ഹയര്‍സെക്കന്ററി ബാച്ച് അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളുന്നു

By സ്വന്തം ലേഖകന്‍|Monday June 23rd, 2014

SSLC students 2014തിരുവനന്തപുരം: എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് ഉപരിപഠനം ഉറപ്പാക്കാന്‍ ഹയര്‍സെക്കന്ററി ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളുന്നു. ഈ വര്‍ഷം അപേക്ഷിച്ച വിദ്യാര്‍ഥികളുടെ എണ്ണം അനുസരിച്ച് പുതുതായി 2974 ബാച്ച് അനുവദിക്കേണ്ടിവരും. നിലവില്‍ ലഭ്യമായ സ്‌കൂളുകളില്‍ ഇത്രയും ബാച്ച് അനുവദിക്കുക അശാസ്ത്രീയമാണെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് ഇത്തവണ 5.12 ലക്ഷം വിദ്യര്‍ഥികളാണ് ഏകജാലക സംവിധാനം വഴി പ്ലസ് വണ്ണിന് അപേക്ഷ നല്‍കിയിരിക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് വിവിധ കോഴ്‌സുകളില്‍ ഉപരിപഠനത്തിന് ലഭ്യമായ മുഴുവന്‍ സീറ്റുകളില്‍ പ്രവേശനം നല്‍കിയാലും സംസ്ഥാനത്ത് 1.48 ലക്ഷം വിദ്യാര്‍ഥികള്‍ പുറത്താകും. ഇവര്‍ക്ക് അവസരം നല്‍കണമെങ്കില്‍ പുതുതായി 2974 ഹയര്‍ സെക്കന്ററി ബാച്ച് അനുവദിക്കണം. എയിഡഡ്, ഗവണ്‍മെന്റ് മേഖലയില്‍ സംസ്ഥാനത്ത് ആകെയുള്ളത് 1429 സ്‌കൂളുകള്‍. ഇതില്‍ കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള വടക്കന്‍ ജില്ലകളില്‍ 917 സ്‌കൂളുകളുണ്ട്. ഇവിടെ ആകെ ലഭ്യമായ സീറ്റിനേക്കാള്‍ 1.08 ലക്ഷം അപേക്ഷകര്‍ കൂടതലാണ്.  ഇത്രയും കുട്ടികള്‍ക്ക് പഠനാവസരം നല്‍കാന്‍ പുതുതായി 2091 ബാച്ചുകളാണ് വേണ്ടത്.
ഈ കണക്കുപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും പുതിയ ബാച്ചുകള്‍ അനുവദിക്കേണ്ടി വരും. ഒരു സ്‌കൂളില്‍ നാല് ബാച്ച് വരെ കൊടുക്കണം. മലപ്പുറം ജില്ലയില്‍ മാത്രം 587 ബാച്ച് വേണം. നിലവിലെ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിച്ചാല്‍ ഇത്രയും ബാച്ചുകള്‍ അനുവദിക്കാന്‍ കഴിയില്ല. കുറച്ച് സ്‌കൂളുകള്‍ മാത്രമാണ് പുതിയ ബാച്ചിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് പുതിയ ബാച്ച് അനുവദിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എല്ലാവര്‍ഷവും അനുവദിക്കാറുള്ള അധിക സീറ്റ് ഇത്തവണ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതോടെ പുതിയ ബാച്ച് അനുവദിച്ചാലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് സീറ്റാവും സംസ്ഥാനത്ത് ഉണ്ടാവുക. പുതിയ ബാച്ചുകള്‍ അനുവദിച്ച് കൈകഴുകാമെന്ന സര്‍ക്കാറിന്റെ ചെപ്പടി വിദ്യ വിലപ്പോവില്ലെന്നു തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം