ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗണ്‍ മരണനിരക്ക് കുറച്ചു. ഇന്ത്യ ഭദ്രമായ നിലയിലാണ്. കോവിഡ് മരണനിരക്കില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം അണ്‍ലോക്ക്-2 ലേക്ക് കടന്നിരിക്കുന്നു. പനിയുടെയും ചുമയുടെയും ജലദോഷത്തിന്റെയും സമയമാണിത്. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്താണ്. അണ്‍ലോക്ക് ആരംഭിച്ചപ്പോള്‍ പലയിടത്തും ജാഗ്രതക്കുറവ് ഉണ്ടായി. ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. ജനങ്ങള്‍ ജാഗ്രതക്കുറവ് കാട്ടരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ലോക്ഡൗണിനൊപ്പം ശക്തമായ മുന്‍കരുതലെടുത്തത് ഇന്ത്യയ്ക്കു കരുത്തായി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ ആരും നിയമത്തിനു മുകളിലല്ല. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ അവസാനം വരെ നീട്ടി. 80 കോടി കുടുംബങ്ങള്‍ക്ക് 5 കിലോ അരിയോ ഗോതമ്പോ നല്‍കും. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി അതിഥി തൊഴിലാളികള്‍ക്കു തുണയാകും.