ഹിന്ദു ഫാഷിസത്തെ എതിര്‍ക്കുന്നവരെ കേന്ദ്രസര്‍ക്കാറിന് ഭയമാണെന്ന് അരുന്ധതി റോയി

ഹിന്ദു ഫാഷിസം ഈ രാജ്യത്തെ പ്രതിസന്ധിയിലാക്കുകയും അതുവഴി കോടിക്കണക്കിന് ജനങ്ങളുടെയും വിരോധഭാസമെന്ന് പറയട്ടെ സ്വന്തം അണികളുടെയും കൂടി ജീവിതത്തെ ഇരുളിലാഴ്ത്തുകയും ചെയ്തു. പുതിയ രാഷ്ട്രീയ ഉണര്‍വുകള്‍ സാംസ്‌കാരികമായും സാമ്പത്തികമായും അതുപോലെ രാഷ്ട്രീയപരമായും വ്യക്തമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നകൊണ്ടാണ് ഈ അറസ്റ്റുകളെന്നും അരുന്ധതി വിമര്‍ശിച്ചു.

Wednesday July 29th, 2020

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസറും മലയാളിയുമായ ഹാനിബാബുവിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത് കേന്ദ്രസര്‍ക്കാറിന്റെ ഭീതി കാരണമാണെന്ന് എഴുത്തുകാരി അരുന്ധതി റോയി. വിനാശകരമായ ഹിന്ദു ഫാഷിസത്തെ എതിര്‍ക്കുന്നവരെ സര്‍ക്കാരിന് ഭയമാണ്. ജാതിവിരുദ്ധ രാഷ്ട്രീയം ഹിന്ദുഫാഷിസത്തിന് ബദലാകുമെന്ന തിരിച്ചറിവ് സര്‍ക്കാറിന് ഉണ്ടായതിന്റെ തെളിവാണ് തുടര്‍ച്ചയായി നടക്കുന്ന അറസ്റ്റുകളെന്നും അരുന്ധതി റോയി വിമര്‍ശിച്ചു. ഹാനി ബാബുവിന്റെ അറസ്റ്റ് ഭീമ കൊറേഗാവ് കേസില്‍ എന്‍ഐഎയുടെ അറസ്റ്റ് പരമ്പരകളില്‍ ഏറ്റവും പുതിയതാണെന്ന് അരുന്ധതി പറയുന്നു. ഈ കേസില്‍ ആക്റ്റിവിസ്റ്റുകളുടെയും അക്കാദമിസ്റ്റുകളുടെയും അഭിഭാഷകരുടെയും അറസ്റ്റുകള്‍ ഈ സര്‍ക്കാരിന്റെ നിലപാടുകളുടെ പ്രകടിത രൂപമാണ്. ഇവര്‍ പ്രതിനിധീകരിക്കുന്ന മതേതര, ജാതി വിരുദ്ധ, മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം ഹിന്ദുഫാഷിസത്തിന് ബദലാകുമെന്ന് സര്‍ക്കാരിന് അറിയാമെന്നും അരുന്ധതി പറയുന്നു. ഹിന്ദു ഫാഷിസം ഈ രാജ്യത്തെ പ്രതിസന്ധിയിലാക്കുകയും അതുവഴി കോടിക്കണക്കിന് ജനങ്ങളുടെയും വിരോധഭാസമെന്ന് പറയട്ടെ സ്വന്തം അണികളുടെയും കൂടി ജീവിതത്തെ ഇരുളിലാഴ്ത്തുകയും ചെയ്തു. പുതിയ രാഷ്ട്രീയ ഉണര്‍വുകള്‍ സാംസ്‌കാരികമായും സാമ്പത്തികമായും അതുപോലെ രാഷ്ട്രീയപരമായും വ്യക്തമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നകൊണ്ടാണ് ഈ അറസ്റ്റുകളെന്നും അരുന്ധതി വിമര്‍ശിച്ചു.

കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സെപ്തംബറ് 10നാണ് പുനെ പൊലീസ് ഹാനി ബാബുവിന്റെ നോയിഡയിലെ വീട് റെയ്ഡ് ചെയ്തത്. എന്‍ഐഎ കേസ് ഏറ്റെടുക്കുന്നതിന് മുന്‍പായിരുന്നു ഇത്. കേസില്‍ അറസ്റ്റിലായ ആരെയെങ്കിലും അറിയാമോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നോട് ചോദിച്ചതെന്ന് ഹാനി ബാബു അന്ന് പറയുകയുണ്ടായി. ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും സായിബാബ മോചന കമ്മിറ്റിയുടെ കുറിപ്പുകളും രണ്ട് പുസ്തകങ്ങളും അവര്‍ പിടിച്ചെടുത്തു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സായിബാബയുടെ മോചനത്തിനായി ശബ്ദമുയര്‍ത്തിയവരില്‍ ഹാനി ബാബുവുമുണ്ടായിരുന്നു. ജാതി വിവേചനങ്ങള്‍ക്കെതിരെയും കലാലയങ്ങളിലെ വിയോജിപ്പിന്റേതായ ശബ്ദങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതിനെതിരെയും ഹാനി ബാബു എന്നും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ ജൂലൈ 15നാണ് ചോദ്യംചെയ്യലിന് മുംബൈയില്‍ ഹാജരാവാന്‍ നോട്ടീസ് ലഭിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമയം നീട്ടിനല്‍കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും അനുവദിച്ചില്ല. ജൂലൈ 23ന് ഹാജരായി. ഹാനിയുടെ ട്രാക്ക് റെക്കോര്‍ഡ് ക്ലിയര്‍ ആണെന്ന് എന്‍ഐഎ തന്നെ പറയുന്നു. ഹാനി ബാബുവിന്റെ ലാപ്‌ടോപ്പില്‍ നിന്ന് ഒരു ഫോള്‍ഡര്‍ കിട്ടിയിട്ടുണ്ടെന്നാണ് എന്‍ഐഎ പറയുന്നതെന്ന് ഭാര്യ ജെന്നി വെളിപ്പെടുത്തി. കുറെ ഫയലുകള്‍ അടങ്ങിയ ഫോള്‍ഡര്‍ കമ്പ്യൂട്ടറില്‍ ഹൈഡ് ചെയ്തു വെച്ച രീതിയിലായിരുന്നുവെന്നും അതിലെ രേഖകളില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം വ്യക്തമാണെന്നുമാണ് എന്‍ഐഎ പറയുന്നത്. എന്നാല്‍ അങ്ങനെയൊരു ഫയല്‍ താന്‍ സൂക്ഷിച്ചിട്ടില്ലെന്ന് ഹാനി ബാബു പറഞ്ഞിട്ടും എന്‍ഐഎ ഇക്കാര്യം ചോദ്യംചെയ്യലില്‍ ആവര്‍ത്തുകയായിരുന്നുവെന്ന് ജെന്നി പറയുന്നു. നിങ്ങള്‍ അല്ലെങ്കില്‍ പിന്നെ ആരാണ് ഇത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇട്ടത്, വേറെ ആരെങ്കിലും നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നൊക്കെ എന്‍ഐഎ സംഘം ഹാനിയോട് ചോദിച്ചു. വിദ്യാര്‍ഥികളെയോ അധ്യാപകരെയോ സംശയമുണ്ടോയെന്നും ചോദിച്ചു. കൂടുതല്‍ ആളുകളെ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നാണ് അവര്‍ നോക്കുന്നതെന്ന് സംശയമുണ്ടെന്നും ജെന്നി പറഞ്ഞു.

1818 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറെഗാവില്‍ നടന്ന യുദ്ധത്തില്‍ പെഷവാ ബാജിറാവു രണ്ടാമന്റെ സൈന്യത്തിന് മേല്‍ ദലിതുകള്‍ നേടിയ വിജയം എല്ലാ വര്‍ഷവും ആഘോഷിക്കാറുണ്ട്. എന്നാല്‍ 2018 ജനുവരി 1ന് നടന്ന വിജയാഘോഷത്തിന് നേരെ ഒരു വിഭാഗം ആക്രമണം നടത്തുകയും ഒരു ദലിത് യുവാവ് അടക്കം രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഘര്‍ഷത്തിന് പിന്നില്‍ നക്‌സലുകളാണെന്നാണ് മഹാരാഷ്ട്രയിലെ അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹാനി ബാബു അടക്കം അക്കാദമിസ്റ്റുകളും സാമൂഹ്യ പ്രവര്‍ത്തകരും അഭിഭാഷകരും അടങ്ങുന്ന 12 പേരെയാണ് എന്‍ഐഎ ഇതുവരെ അറസ്റ്റ് ചെയ്തത്. ഹാനി ബാബുവിന് മുന്‍പ് സുധ ഭരദ്വാജ്, സോമ സെന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവത്ത്, അരുണ്‍ ഫെറേറ, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍നോണ്‍ ഗോണ്‍സാല്‍വ്‌സ്, വര വര റാവു, ആനന്ദ് തെല്‍തുംഡെ, ഗൗതം നവ്‌ലാഖ എന്നിവരാണ് ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മിക്കവരുടെയും വീടുകളില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്ന് മാവോയിസ്റ്റ് ബന്ധത്തിന്റെ തെളിവ് ലഭിച്ചെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം