കോവിഡ് വ്യാപനം; പൊന്നാനി താലൂക്കില്‍ ജൂലായ് 6 വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

ഇന്ന് വൈകുന്നേരം 5 മുതല്‍ ജുലൈ 6 അര്‍ധരാത്രി വരെയാണ് ട്രിപ്പള്‍ ലോക്ക്ഡൗണ്‍. പ്രദേശത്തെ 1500 പേരെ പ്രാഥമിക ഘട്ടത്തില്‍ ടെസ്റ്റിന് വിധേയമാക്കും.

Monday June 29th, 2020

പൊന്നാനി: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചു.  ഇന്ന് വൈകുന്നേരം 5 മുതല്‍ ജുലൈ 6 അര്‍ധരാത്രി വരെയാണ് ട്രിപ്പള്‍ ലോക്ക്ഡൗണ്‍. പ്രദേശത്തെ 1500 പേരെ പ്രാഥമിക ഘട്ടത്തില്‍ ടെസ്റ്റിന് വിധേയമാക്കും. രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ സേവനം അനുഷ്ടിച്ചിരുന്ന ആശുപത്രികളില്‍ ജൂണ്‍ 5ന് ശേഷം പോയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അവലോകനയോഗത്തിന് ശേഷം മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ പരിശോധിക്കും, കൊവിഡ് പരിശോധനക്കായി സ്വകാര്യ ആശുപത്രികളുടെ സഹായം തേടും. ഇതിനുള്ള അനുമതി സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. തവനൂര്‍, കാലടി, നന്നംമുക്ക്, വെളിയങ്കോട് പഞ്ചായത്തുകളും കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തും.

വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നാണ് സ്രവ പരിശോധന നടത്തുന്നത്. കൊവിഡ് ബാധിതരുമായി പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്കമുണ്ടായി 14 ദിവസം പൂര്‍ത്തിയാകാത്ത 500 പേര്‍, ആശാവര്‍ക്കര്‍മാര്‍, കൊവിഡ് വളണ്ടിയര്‍മാര്‍, പൊലീസ്, കച്ചവടക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന 500 പേര്‍, ഇതിന് പുറമെ 60 വയസിന് മുകളില്‍ പ്രായമുള്ള 250 പേര്‍, സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളിലെ 250 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സ്രവ പരിശോധനയാണ് ഇന്ന് നടത്തുക. ഇതിനാവശ്യമായ പരിശോധനാ കിറ്റുകള്‍ ജില്ലയിലെത്തിക്കും.

നിലവില്‍ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചിട്ടില്ലങ്കിലും ജില്ലയില്‍ രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ആളുകള്‍ അനാവശ്യമായി പുറത്ത് ഇറങ്ങുന്നതും, കൂട്ടം കൂടന്നതും ഒഴിവാക്കാനും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്, കണ്ടയ്‌ന്മെന്റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്ശനമാക്കുകയും ചെയ്തു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 466 ആയി. 224 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം