യൂത്ത്‌ലീഗിലും എം.എസ്.എഫിലും കുഞ്ഞാലിക്കുട്ടി- കെ എം ഷാജി വടംവലി

എം എസ് എഫ് നിരീക്ഷനും കെ എം ഷാജിയും അനുകൂലിയുമായ പി എം സാദിഖലിയുടെ ഇടപെടലുകളാണിപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരിക്കുന്നതത്രെ. എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപനം ‘ചന്ദ്രിക’പത്രത്തില്‍ വന്നപ്പോള്‍ മാത്രമാണ് സംസ്ഥാന ഭാരവാഹികള്‍ അറിയുന്നത്.

Monday June 29th, 2020

കോഴിക്കോട്: കെ എം ഷാജിയുടെ നിയമസഭാ അംഗത്വം കോടതിവിധിയുടെ കാരുണ്യത്തിലേക്ക് നീങ്ങവേ ലീഗില്‍ സ്വാധീനമുറപ്പിക്കാന്‍ കെ എം ഷാജി വിദ്യാര്‍ത്ഥി യുവജനസംഘടനകളില്‍ അനുകൂല വിഭാഗങ്ങളെ സൃഷ്ടിച്ചു തുടങ്ങിതയായി സൂചന. എം എസ് എഫില്‍ ഷാജിയുടെ ഇടപെടല്‍ കുഞ്ഞാലിക്കുട്ടി വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുകയാണത്രെ. യൂത്ത്‌ലീഗ്, എം.എസ്.എഫ് ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളിലുള്‍പ്പെടെ തമ്മിലടി രൂക്ഷമായതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.

എം എസ് എഫ് നിരീക്ഷനും കെ എം ഷാജിയും അനുകൂലിയുമായ പി എം സാദിഖലിയുടെ ഇടപെടലുകളാണിപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരിക്കുന്നതത്രെ. എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപനം ‘ചന്ദ്രിക’പത്രത്തില്‍ വന്നപ്പോള്‍ മാത്രമാണ് സംസ്ഥാന ഭാരവാഹികള്‍ അറിയുന്നത്. സംസ്ഥാന കമ്മറ്റിയാണ് ജില്ലാ കമ്മറ്റികളെ തെരെഞ്ഞെടുക്കേണ്ടത് എന്നിരിക്കെയാണ് സംസ്ഥാനകമ്മറ്റി പോലുമറിയാതെ കഴിഞ്ഞ ദിവസം കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ എം എസ് എഫ് നിരീക്ഷകന്‍ കെ എം ഗഫൂര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലീഗ് ജില്ലാ ജന.സെക്രട്ടറി യു എ ലത്തീഫ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. കെ എം ഗഫൂര്‍ കടുത്ത ഷാജി അനുകൂലിയാണ്. എം എസ് എഫ് സംസ്ഥാന പ്രസിഡന്റിനേയും ട്രഷറേയും തെരെഞ്ഞെടുത്തത് നേരത്തെ തന്നെ വിഭാഗീയത രൂക്ഷമാക്കിയിരുന്നു. പതിനൊന്ന് ജില്ലകളിലെ എതിരഭിപ്രായം കണക്കിലെടുക്കാതെയായിരുന്നു സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനേയും ട്രഷററായി സി കെ നജാഫിനേയും തെരെഞ്ഞെടുത്തത്. സാമ്പത്തിക ക്രമക്കേടുകളില്‍ ആരോപണം നിലനില്‍ക്കെയായിരുന്നു എം എസ് എഫിന്റെ സംസ്ഥാന ഭാരവാഹിത്വം കെ എം ഷാജി അനുകൂലി എന്ന പരിഗണനയില്‍ നജാഫിന് നല്‍കിയതത്രെ.

വിദ്യാര്‍ത്ഥി യുവജന സംഘടനകളില്‍ സ്വാധീനമുണ്ടാക്കി കെ എം ഷാജിയുടെ ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനം നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നാണ് കുഞ്ഞാലിക്കുട്ടി വിഭാഗം പറയുന്നത്. തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ കോടതിവിധി അനുകൂലമല്ലെങ്കില്‍ ലീഗില്‍ ശക്തമായ സ്വാധീനമുറപ്പിക്കാനാണ് കെ എം ഷാജിയുടെ ശ്രമം. ഇതിനായി യൂത്ത് ലീഗ് എംഎസ്എഫ് വിഭാഗങ്ങളില്‍ അനുകൂലികളെ കുത്തിക്കയറ്റുകയാണെന്ന് ലീഗിലുള്‍പ്പെടെ അഭിപ്രായമുയര്‍ന്നിരുന്നു. കഴിഞ്ഞ ഭാരവാഹി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ നിരീക്ഷകന്‍ പി എം സാദിഖലിയെ കോഴിക്കോട് ലീഗ് ഹൗസില്‍ പൂട്ടിയിട്ട സംഭവത്തില്‍ തുടങ്ങിയ
ശക്തമായ വിഭാഗീയതയാണ് സംഘടനയില്‍ തുടരുന്നത്. മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹികളെ ഏകപക്ഷീയമായി തെരെഞ്ഞെടുത്തതിനെതിരെ മലപ്പുറം ജില്ലാ ലീഗ് പ്രസിഡന്റും ലീഗ് ഉന്നതാധികാര സമിതി അംഗവുമായ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പരാതിനല്‍കിയിരിക്കുകയാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം. യൂത്ത് ലീഗില്‍ പികെ ഫിറോസിനെ മാറ്റി ഷാജി അനുകൂലിയെ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ യൂത്ത് ലീഗിലും പോര് രൂക്ഷമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പി കെ ഫിറോസിനെ ദേശീയ നേതൃത്വത്തിലേക്ക് മാറ്റണമെന്ന അഭിപ്രായം ഷാജി വിഭാഗം ഉയര്‍ത്തിക്കഴിഞ്ഞു. ഷാജി അനുകൂലിയായ മലപ്പുറത്ത് നിന്നുള്ള മുജീബ് കാടേരിയെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം