തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റുമായി ബന്ധം പുലര്‍ത്തിയവരും അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. സമീപ പഞ്ചായത്തുകളായ കുഴിമണ്ണ, പുളിക്കല്‍, ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍ ഇവിടങ്ങളിലേക്കും രോഗം വ്യാപിക്കുന്നത് കൂടുതല്‍ ആശങ്കയുണര്‍ത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കോഴിക്കോട് ജില്ലയില്‍ 11 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. വീടുകളില്‍ റൂം ക്വാറന്റീനില്‍ കഴിയുന്നവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്ന സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരേ വീട്ടിലെ തന്നെ നാലും അഞ്ചും പേരിലേക്ക് രോഗം പടരുന്നു. ഇതിന്റെ ഫലമായി കുടുംബത്തെ എഫ്എല്‍ടിസികളിലേക്കോ ആശുപത്രികളിലേക്കോ മറ്റേണ്ടിവരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടിലുള്ള പ്രായമായവരാണ് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കേണ്ടിവരുന്നത്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടി ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കൊവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബീച്ച് ആശുപത്രി കൊവിഡ് സ്പെഷ്യല്‍ ഹോസ്പിറ്റലാക്കി മാറ്റാനുള്ള പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാകും. മറ്റു ഗുരുതരരോഗങ്ങളുടെ ചികിത്സക്കും കൊവിഡ് കേസുകള്‍ക്കും മാത്രമായി മെഡിക്കല്‍ കോളജ് ആശുപത്രി പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.