മുസ്ലിംലീഗ് മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നത് അതിമോഹമെന്ന് കുഞ്ഞാലിക്കുട്ടി

വെല്‍ഫയര്‍ പാര്‍ട്ടി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയിരുന്നതാണ് അതുകൊണ്ടു തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ അവരുടെ നിലപാടിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Tuesday June 23rd, 2020

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയെ ആര് നയിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്നും മുസ്ലീംലീഗ് മുഖ്യമന്ത്രിപദം ആഗ്രഹിക്കുന്നത് അതിമോഹമാണെന്നും മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. കൂട്ടായ പ്രവര്‍ത്തനമാണ് കേരളത്തിലുള്ളതെന്നും യു.ഡി.എഫില്‍ പ്രശ്‌നങ്ങള്‍ വലിച്ചുനീട്ടാതെ പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

യു ഡി എഫിനുള്ളിലും സ്വന്തം പാര്‍ട്ടിക്കുള്ളിലും നിരവധി എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള തിരഞ്ഞെടുപ്പ് സഹകരണ സാധ്യതയും അദ്ദേഹം തള്ളിയില്ല. വെല്‍ഫയര്‍ പാര്‍ട്ടി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയിരുന്നതാണ് അതുകൊണ്ടു തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ അവരുടെ നിലപാടിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കില്ലെന്നും ഇത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണെന്നും യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന യൂത്ത്‌ലീഗ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. പാര്‍ട്ടിയിലെ പല പ്രമുഖ നേതാക്കളും കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവരാണ്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണത്തില്‍ യു ഡി എഫിനുള്ളില്‍ മൊത്തത്തില്‍ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് ഇതിനോട് യോജിപ്പില്ല. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയിലാണ് കുഞ്ഞാലിക്കുട്ടി ഈ നീക്കം നടത്തുന്നതെന്നും അതാണ് ചാനല്‍ അഭിമുഖത്തില്‍ സഹകരണ സാധ്യത കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

മുസ്ലീംലീഗ് ഇടതുപക്ഷത്തേക്ക് ഇല്ലെന്നും മുസ്ലീംലീഗ് നേതാവ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷപദവിയിലേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവരണമെന്നും പറഞ്ഞു. ആരോഗ്യമന്ത്രിയ്‌ക്കെതിരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയ വിമര്‍ശനത്തിന്റെ ഭാഗമാണ്. പക്ഷേ അതില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം