ന്യൂഡല്‍ഹി: പുകവലി ശീലമുള്ളവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധയേല്‍ക്കാനും ഗുരുതരമാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുകവലിക്കുമ്പോള്‍ വിരലും ചുണ്ടും തമ്മില്‍ സമ്പര്‍ക്കമുള്ളതുകൊണ്ട് കയ്യില്‍ നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. പുകവലിക്കെതിരെ മാത്രമല്ല പുകയില ഉത്പന്നങ്ങള്‍ക്കെതിരെയും മുന്നറിയിപ്പുണ്ട്. കൊറോണ വൈറസ് കൂടുതലായും ശ്വാസകോശത്തെയാണ് ബാധിക്കുക എന്നതുകൊണ്ട് ഇവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. കോവിഡ് ബാധിച്ച് മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്.
പുകവലിക്കുന്നവരിലും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലും ഹൃദയ, ശ്വാസകോശ, അര്‍ബുദ രോഗങ്ങളുണ്ടായേക്കും. ഇതോടൊപ്പം കോവിഡ് കൂടി ബാധിക്കുമ്പോള്‍ സ്ഥിതി ഗുരുതരമാകും എന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുകവലിക്ക് പുറമേ ഖൈനി, ഗുഡ്ക, പാന്‍ മസാല, ഹുക്ക എല്ലാം അപകടകരമാണ്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ അശ്രദ്ധമായി തുപ്പുന്നതും വൈറസ് വ്യാപനത്തിന് കാരണമാകും. പുകവലിക്കുന്നരില് പ്രതിരോധ ശേഷി കുറവായതിനാല്‍ വൈറസുകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തിന് ശേഷി കുറയുമെന്നും മുന്നറിയിപ്പുണ്ട്.