കോഴിക്കോട്: ജില്ലയിലെ ചെക്യാടും വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടും കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് ഒരു കുടുംബത്തിലെ എട്ട് പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് 98 പേരുടെ സാമ്പിള്‍ പരിശോധിച്ചു. 43 പേര് കൂടി പോസിറ്റീവായി. പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
വാളാട് സ്വദേശിയുടെ മരണാനന്തര ചടങ്ങിന് ശേഷം നാട്ടിൽ രണ്ട് വിവാഹ ചടങ്ങുകളും നടന്നു. ഇതിൽ നിരവധി പേർ പങ്കെടുത്തു. ഇതാണ് വ്യാപനം കൂടാൻ ഇടയാക്കിയത്. ഈ ചടങ്ങുകളിൽ പങ്കെടുത്തവരോട് എല്ലാം ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ബത്തേരിയിലും കേസുകൾ കൂടുകയാണ്. ഇവിടെ രോഗ വ്യാപനത്തിന് ഇടയാക്കിയ മൊത്ത വ്യാപാര സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി. അയൽ സംസ്ഥാനത്ത് നിന്ന് തുടർച്ചയായി ചരക്ക് വാഹനം എത്തുന്ന കടയാണിത്.
കോഴിക്കോട് ഇന്നലെ 12 അതിഥി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 20 ലധികം പേർ വിവാഹ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പാടുള്ളതല്ല. ചെക്യാട് പഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 30 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.
പട്ടാമ്പി ക്ലസ്റ്ററില്‍ കേസുകള്‍ കൂടുന്നു. ഇവിടെ 3703 പേരില്‍ പരിശോധന നടത്തി. ഇന്നലെ വരെ 271 പേര്‍ക്ക് രോഗം കണ്ടെത്തി. പട്ടാമ്പിയില്‍ 7000 വീടുകളില്‍ സര്‍വെ നടത്തി. 122 വീടുകളിലെ രോഗ ലക്ഷണമുള്ളവരില്‍ 10 പേര്‍ക്ക് സ്ഥിരീകരിച്ചു.