ലോക്ക്ഡൗണിലേക്ക് മടങ്ങണമെന്ന് സംസ്ഥാനങ്ങള്‍; കേന്ദ്രസര്‍ക്കാറിന് വിയോജിപ്പ്

ചികിത്സയിലുള്ളവരുടെ എണ്ണം ഇന്ത്യയില്‍ ദിവസേനെ നാലു ശതമാനം വീതം ഉയരുകയാണ്. നിലവിലെ രോഗബാധിതരുടെ കാര്യത്തില്‍ ഇന്ത്യയ്ക്കും ബ്രസിലിനുമിടയില്‍ ഒരു ലക്ഷത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്. സ്ഥിതി അതീവഗുരുതമാണെന്നിരിക്കെയാണ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിക്കുന്നത്.

Thursday July 23rd, 2020

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് മടങ്ങണം എന്ന സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശത്തോട് യോജിക്കാതെ കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കണം. മാസ്‌ക്ക് ധരിക്കണം, കൈകള്‍ ശുചിയാക്കണം. ഇതു വഴി പോരാട്ടവുമായി മുന്നോട്ടു പോകണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള രോഗികളില്‍ മൂന്നിലൊന്നില്‍ കൂടുതലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. മൂന്നിലൊന്ന് പേര്‍ മഹാരാഷ്ട്രയിലാണുള്ളത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,26,167 പേരാണ്.

തമിഴ്‌നാട്ടില്‍ 51,765 പേരും, കര്‍ണ്ണാടകയില്‍ 47,075 പേരും, ആന്ധ്രയില്‍ 31,763ഉം, തെലങ്കാനയില്‍ 11,155ഉം, കേരളത്തില്‍ 8825 പേരും ചികിത്സയിലുണ്ട്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെ 1,51,484 പേരാണ് ചികിത്സയിലുള്ളത്. അതായത് രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നില്‍ ഒന്നില്‍ കൂടുതല്‍ രോഗികള്‍ അഞ്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. മൂന്നിലൊന്ന് പേര്‍ മഹാരാഷ്ട്രയില്‍ ആണെന്നിരിക്കെ മറ്റു സംസ്ഥാനങ്ങളില്‍ എല്ലാം കൂടി 30 ശതമാനം രോഗികള്‍ മാത്രമാണുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണം ഇന്ത്യയില്‍ ദിവസേനെ നാലു ശതമാനം വീതം ഉയരുകയാണ്. നിലവിലെ രോഗബാധിതരുടെ കാര്യത്തില്‍ ഇന്ത്യയ്ക്കും ബ്രസിലിനുമിടയില്‍ ഒരു ലക്ഷത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്.

സ്ഥിതി അതീവഗുരുതമാണെന്നിരിക്കെയാണ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിക്കുന്നത്. മണിപ്പൂര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പശ്ചിമബംഗാളിലും ഉത്തര്‍പ്രദേശിലും ആഴ്ചയില്‍ രണ്ടു ദിവസം ലോക്ക്ഡൗണാണ്. എന്നാല്‍ ലോക്ക്ഡൗണിലേക്ക് മടങ്ങണം എന്ന നിര്‍ദ്ദേശത്തോട് തല്‍ക്കാലം കേന്ദ്രത്തിന് യോജിപ്പില്ല. കൊവിഡ് വാക്‌സിന്‍ നവംബറോടെ ആയിരം രൂപ നിരക്കില്‍ ലഭ്യമാക്കാനാകും എന്ന സൂചനകളിലാണ് ഇനി എല്ലാ പ്രതീക്ഷയും. എന്നാല്‍ രാജ്യത്ത് വരാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം നിയന്ത്രണങ്ങളോടെ മുന്നോട്ടു കൊണ്ടുപോകും എന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും. സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ടമില്ലാതെ ആഘോഷം നടത്തുമ്പോഴും കൊവിഡ് മുന്നണി പോരാളികളെയും രോഗം ഭേദമായ ചിലരെയും ക്ഷണിക്കണം എന്നാണ് നിര്‍ദ്ദേശം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം