കൊച്ചി: നടി ഷംന കാസിമിന്റെ വീട്ടിലേക്ക് ഫോൺ ചെയ്തെന്ന സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ച മൂന്ന് സ്ത്രീകളെ പോലിസ് വിട്ടയച്ചു. പ്രതികളുടെ അടുത്ത ബന്ധുക്കളായ സ്ത്രീകളെയാണ് നിരപരാധികളെന്ന് കണ്ടെത്തി വിട്ടയച്ചത്. ഏഴാം പ്രതി ഷെരീഫിന്റെ ഭാര്യയോട് നാളെ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ ഈ സ്ത്രീകളുടെ പങ്കാളിത്വമുണ്ടന്ന് സംശയത്തെ തുടര്‍ന്നാണ് പോലിസ് കൂടുതല്‍ അന്വേഷണം നടത്തുന്നത്. ഷംനയുടെ വീട്ടിലേക്ക് സ്ത്രീ വിളിച്ചിരുന്നതായുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മുഖ്യ പ്രതികളുടെ അടുത്ത ബന്ധുക്കളായ മൂന്ന് സ്ത്രീകളെ പോലിസ് വിളിച്ചുവരുത്തി ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചു. ഇതിനിടെ ഏഴാം പ്രതി ഷെരീഫിന്റെ ഭാര്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതികൾക്കെതിരെ മൊഴി നൽകാൻ പോലീസ് സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് ആരോപണം.
പ്രതികൾക്കെതിരെ മൊഴി നൽകിയില്ലെങ്കിൽ കേസിൽ പ്രതി ചേർക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നു, താന്‍ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ഷെരീഫിന്റെ ഭാര്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഇവരോട് നാളെ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്ലാക് മെയിലിംഗുമായി ബന്ധപ്പെട്ട് ഒരു പരാതി കൂടി പോലിസിന് ലഭിച്ചു. മലപ്പുറം സ്വദേശിയായ യുവതിയാണ് ഇന്നലെ പരാതി നൽകിയത്. ഷംനയുടെ കേസില്‍ മൂന്നാം പ്രതി ശരത്, അഞ്ചാം പ്രതി അബൂബക്കര്‍, ആറാം പ്രതി ഹാരിസ് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പുറത്തിറങ്ങിയ ഇവരെ മോഡലുകളെ തട്ടിപ്പിനിരയാക്കിയെന്ന കേസില്‍ പോലിസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇവർ നാളെ വീണ്ടും ജാമ്യാപേക്ഷ നൽകും.