മലപ്പുറം: മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ മുന്‍കരുതലുകള്‍ പാലിച്ചുള്ള എസ്എസ്എല്‍സി പരീക്ഷയായിരുന്നു ഇക്കുറി നടന്നത്. മഹാമാരിക്കാലത്തെ ഈ പരീക്ഷ വ്യത്യസ്തമായ രീതിയില്‍ എഴുതി ശ്രദ്ധ നേടിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച്.എസ്.മങ്കട സ്കൂളിലെ ഹാരൂണ്‍ കരീം ടികെ എന്ന കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥി. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പരീക്ഷ എഴുതുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉത്തരവ് നേടിയാണ് ഹാരുണ്‍ ഈ നേട്ടത്തിലേക്ക് നടന്നടുത്തത്. മാത്രമല്ല, സ്െ്രെകബിന്റെ സഹായമില്ലാതെ പരീക്ഷ എഴുതിയ ഹാരൂണ്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡുകളും നേടി. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനിടെ ഹാരൂണിന്റെ കാര്യം മന്ത്രി സി. രവീന്ദ്രനാഥ് എടുത്തു പറയുകയും ചെയ്തു.
ഇന്‍വിജിലേറ്റര്‍ മനോജ് വായിച്ചു കൊടുത്ത ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കംപ്യൂട്ടറില്‍ ടൈപ്പ് ചെയത് അവ പ്രിന്റ് ചെയ്ത് മറ്റ് കുട്ടികളുടെ ഉത്തരക്കടലാസുകള്‍ക്കൊപ്പം നല്‍കുകയായിരുന്നു ഹാരൂണ്‍. ജി.എച്ച്.എസ്.മങ്കട സ്കൂളില്‍ ഹാരൂണിനായി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ‘എന്നെക്കൊണ്ട് തന്നെ ചെയ്യാന്‍ കഴിയുന്ന ഒരു കാര്യത്തിന് എന്തിന് മറ്റുള്ളവരുടെ സഹായം തേടണം എന്നാണ്’ ഹാരൂണിന്റെ പക്ഷം. പ്ലസ്ടു കമ്പ്യൂട്ടര്‍ സയന്‍സ് പൂര്‍ത്തിയാക്കിയ ശേഷം സ്റ്റാന്‍ഡ് ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിടെക് ചെയ്യാനാണ് ഹാരുണ്‍ തയാറെടുക്കുന്നത്.