തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 79 പേര് രോഗമുക്തി നേടി. 24ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന കോവിഡ് പൊസിറ്റീവ് ആണെന്ന് ഫലം വന്നു. രോഗം ബാധിച്ചവരില്‍ 78 പേര് വിദേശത്തു നിന്നു 26 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി 5 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 9 സി.ഐ.എസ്.എഫുകാര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5244 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 4311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2057 പേരാണ്. 180617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേര് ആശുപത്രികളിലാണ്. ഇന്നു മാത്രം 281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ജില്ലതിരിച്ചുള്ള കോവിഡ് പോസിറ്റീവ് കണക്കുകള്‍: തിരുവനന്തപുരം 4, കോഴിക്കോട് 9, എറണാകുളം 5, തൃശൂര്‍ 26, കൊല്ലം 11, പാലക്കാട് 12, കാസര്‍കോട് 4, ആലപ്പുഴ 5, പത്തനംതിട്ട 13, ഇടുക്കി 5, കണ്ണൂര്‍ 14, മലപ്പുറം 13.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ, കോട്ടയം 8 വീതം, എറണാകുളം4, തൃശ്ശൂര്‍5, പാലക്കാട്3, കോഴിക്കോട് 3, മലപ്പുറം7, കണ്ണൂര്‍ 13, കാസര്‍കോട് 2.
സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 118 ആണ്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ഇന്നു വൈകിട്ട് അഞ്ചുമുതല്‍ ജൂലൈ ആറ് അര്‍ധരാത്രിവരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വ്യാപകമായ ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, ട്രാന്‍സ്പോര്‍ട്ട് ഹബ്ബുകള്‍, ഓട്ടോടാക്സി െ്രെഡവര്‍മാര്‍ എന്നവര്‍ക്ക് ലക്ഷണമില്ലെങ്കില്‍ക്കൂടി പരിശോധന നടത്തും. മാര്‍ക്കറ്റുകളിലും പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍നിന്നുള്ള മെഡിക്കല്‍ ടീമിനെ ഈ പ്രദേങ്ങളില്‍ നിയോഗിക്കും. അടുത്ത മൂന്ന് ദിവസം ക്ലസ്റ്റര്‍ സോണുകളില്‍ വിശദമായ പരിശോധനയും വീടുതോറുമുള്ള സര്‍വേയും നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീവ്രരോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ കുറഞ്ഞത് പതിനായിരം പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃത്യമായ ക്ലസ്റ്റര്‍ മാനേജ്മെന്റ് സ്ട്രാറ്റജി നടപ്പിലാക്കും. അതിനായി കേസുകളും അവരുടെ കോണ്ടാക്റ്റുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്തിരിക്കുന്നു എന്ന് കണ്ടെത്തി കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. ആ പ്രദേശത്തേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ഒരു വഴിമാത്രം എന്ന രീതിയില്‍ നിയന്ത്രിക്കും. വീടുകള്‍ സന്ദര്‍ശിച്ചു ശ്വാസകോശ സംബന്ധമായി രോഗം ഉണ്ടോ എന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും. അതിനു ശേഷം കോണ്ടാക്റ്റ് ട്രേസിങ് നടത്തും. കണ്ടെയ്ന്മെന്റ് സോണുകളില്‍ കേസുകളുടെ എണ്ണം കൂടുകയാണെങ്കില്‍ അതിനെ നേരിടാനുള്ള പദ്ധതിയും തയാറാക്കി. അത്തരം സാഹചര്യത്തില്‍ രോഗികളെ ആശുപത്രികളില്‍ കൊണ്ടുവരുന്നതുതൊട്ട് അവിടെ സൗകര്യം ഒരുക്കുന്നതടക്കമുള്ള പദ്ധതിയാണ്. സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. എന്നാല്‍ ഇത്തവണ വാര്‍ഷാകാഘോഷം ഉപേക്ഷിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ ഇല്ലാഞ്ഞിട്ടല്ല, നാം ഒരു മഹാമാരിയെ നേരിടുന്നതിനാലാണ്. ലോകത്ത് സമ്പത്തു കൊണ്ടും ആധുനിക സൗകര്യങ്ങള്‍ കൊണ്ടും ഉന്നതിയില്‍ നില്ക്കുന്ന രാജ്യങ്ങള്‍ പോലും കോവിഡ് പോരാട്ടത്തില്‍ നമ്മുടെ നേട്ടത്തെ ഉറ്റുനോക്കുകയാണ്.– മുഖ്യമന്ത്രി വിശദീകരിച്ചു.