കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം സ്വര്‍ണക്കടത്തുകാരാണെന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. രണ്ടോ മൂന്നോ തവണ വിളിച്ചു. നടിമാരായ ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ ഇവര്‍ ആവശ്യപ്പെട്ടെന്നും ധര്മജന് പറഞ്ഞു. കൊച്ചിയില്‍ പോലീസിന് മൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാജി പടിക്കരയാണ് എന്റെ നമ്പര്‍ കൊടുത്തത്. അഷ്കര്‍ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. അതിനാല്‍ കാര്യമായെടുത്തില്ല. പിന്നീട് നടിമാരായ ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ ചോദിച്ചു. അവരെ പരിചയപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല” ധര്മജന് ബോള്‍ഗാട്ടി വിശദീകരിച്ചു.
ഷംനയോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. പ്രൊഡക്ഷന്‍ കണ്ട്രോളര് എന്തുകൊണ്ടാണ് തന്റെ നമ്പര്‍ നല്‍കിയതെന്ന് അറിയില്ല. തന്റെ നമ്പര്‍ പ്രതികളുടെ ഫോണില്‍ കണ്ടാണ് പോലീസ് കഴിഞ്ഞ ദിവസം വിളിച്ചത്. എല്ലാ കാര്യങ്ങളും പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും ധര്മജന് പ്രതികരിച്ചു. കേസിലെ മുഖ്യപ്രതികളിലൊരാളായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസിനെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കൊച്ചിയില്‍ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇതോടെ കേസില്‍ എട്ട് പേര് അറസ്റ്റിലായി. മൂന്ന് പേര് കൂടി പിടിയിലാവാനുണ്ടെന്ന് ഐ ജി വിജയ് സാക്കറെ പറഞ്ഞു. പ്രതികള്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഷംന കേസിന് സമാനമായി നാല് കേസുകള്‍ കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മടങ്ങിയെത്തിയ ഷംന കാസിമിന്റെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തില്‍ സംതൃപ്തരാണെന്ന് ഷംനയുടെ മാതാവ് പറഞ്ഞു.