ജനപക്ഷ രാഷ്ട്രീയത്തിന്റെ 11 വയസ്

എസ്.ഡി.പി.ഐ സ്ഥാപക ദിനത്തിൽ ദേശീയ പ്രസിഡന്റ് എം കെ ഫൈസി എഴുതിയ സന്ദേശം

By എം കെ ഫൈസി|Sunday June 21st, 2020

നിർഭയ രാഷ്ട്രീയത്തിന്റെ ജനപക്ഷ മുഖമായി രൂപം കൊണ്ട സോഷ്യൽ ഡമോക്രാടിക് പാർട്ടി ഓഫ് ഇന്ത്യ 11 വർഷം പിന്നിട്ടുകയാണ്. വർഗീയ രാഷ്ട്രീയത്തിന്റെ ഭീകരമായ വളർച്ചയും എതിർപ്പുകളുടെ ദൗർബല്യവും മതേതര ചേരികളുടെ നിസ്സംഗതയും ശക്തിപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിലാണ് എസ്ഡിപിഐ നിലവിൽ വരുന്നത്. ഇന്ത്യ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളെ മുൻഗണനയനുസരിച്ച് ഉള്ളടങ്ങിയിട്ടുള്ളതായിരുന്നു പാർട്ടി ഉയർത്തിയ മുദ്രാവാക്യം. ‘വിശപ്പിൽ നിന്നും മോചനം ഭയത്തിൽ നിന്നും മോചനം. ‘പാർട്ടി ഉയർത്തുന്ന സാമൂഹ്യ ജനാധിപത്യം എന്ന രാഷ്ട്രീയ ആശയത്തിന് ഏറെ പ്രസക്തിയുള്ള സമയത്താണ് ഇന്നുള്ളത്. രാജ്യത്ത് നിലനിന്നിരുന്ന എല്ലാ ജനാധിപത്യ സങ്കൽപ്പങ്ങളും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ ഓരോന്നായി വർഗീയ ഫാഷിസത്തിന് കീഴൊതുങ്ങിക്കൊണ്ടിരിക്കുന്നു. ജനങ്ങൾ പ്രതീക്ഷയോടെ കണ്ടിരുന്ന കോടതികളെ വരെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ആർഎസ്എസും സംഘപരിവാരവും നടത്തിയിരുന്ന ആസൂത്രിതമായ കലാപങ്ങൾ സർക്കാർ തന്നെ സ്പോൺസർ ചെയ്യുന്ന കാഴ്ചയാണ് ഡൽഹിയിലും യുപിയിലും നടന്ന മുസ്‌ലിം വിരുദ്ധ കലാപത്തിൽ കണ്ടത്. അക്രമികൾക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നതോടൊപ്പം ഇരകൾക്കെതിരെ കേസെടുക്കാനും അവരെ ജയിലിലടക്കാനുമാണ് സർക്കാർ സംവിധാനങ്ങൾ ശ്രമിച്ചത്.

സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യമുള്ളത്. അടിസ്ഥാനപരമായി കാർഷിക രാജ്യമായ ഇന്ത്യയുടെ കാർഷിക മേഖല അപ്പാടെ തകർന്നിരിക്കുന്നു. അതിനെ രക്ഷിക്കുന്നതിനോ ഉത്പാദനരംഗം സജീവമാക്കുന്നതിനോ സർക്കാരിന് പദ്ധതികളില്ല. കുടിയേറ്റ തൊഴിലാളികൾ ഭക്ഷണവും വെള്ളവും ലഭിക്കാതെ വഴിയരികിൽ മരിച്ചു വീഴുന്ന കാഴ്ച നിത്യസംഭവമാണ്. അവരുടെ തൊഴിലവകാശങ്ങൾ നിഷേധിക്കപ്പെട്ടു. അതേസമയം, കോർപ്പറേറ്റുകൾക്ക് ശതകോടികളാണ് സർക്കാർ ഇളവ് ചെയ്ത് നൽകുന്നത്. പൊതുമേഖല അപ്പാടെ വിൽപ്പനക്ക് വെച്ചിരിക്കുന്നു. നമ്മുടെ മണ്ണ് മാത്രമല്ല; ബഹിരാകാശം വരെ വിറ്റുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ഉൽപാദനക്ഷമതയെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് പകരം പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ റോളിലാണ് കേന്ദ്ര സർക്കാറുള്ളത്. കർഷക ആത്മഹത്യ, തൊഴിലില്ലായ്മ, പണപ്പെരുപ്പം, പട്ടിണി, ദാരിദ്ര്യം എന്നിവയിലെല്ലാം ഇന്ത്യ റെക്കോർഡുകൾ തകർത്തു കൊണ്ടിരിക്കുകയാണ്. അതിർത്തി രാജ്യങ്ങളുമായി വലിയ സംഘർഷത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. നമ്മുടെ ഭൂമിക്കുമേൽ ചൈനയും നേപ്പാളും വരെ അവകാശവാദം ഉന്നയിക്കുകയാണ്. പൊങ്ങച്ചത്തിൽ മാത്രം അഭിരമിക്കുന്ന അധികാരികൾ നമ്മുടെ സൈന്യത്തെ കൊലക്കുകൊടുത്തു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. പക്വവും സൗഹൃദപരവുമായ വിദേശ നയത്തിന് പകരം വൈകാരിക ദേശീയതയാണ് സർക്കാർ പ്രചരിപ്പിക്കുന്നത്.

കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ലോകം മുഴുവൻ സർക്കാർ തലത്തിൽ തന്നെ വിപുലമായ സംവിധാനങ്ങൾ ഒരുക്കുമ്പോൾ തങ്ങളുടെ വർഗീയ അജണ്ടകൾക്ക് എതിരു നിൽക്കുന്നവരെ വേട്ടയാടുന്നതിലാണ് ഇന്ത്യൻ സർക്കാർ ശ്രദ്ധയൂന്നുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യ വിഭവമുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിലെ ജനങ്ങളെ കോവിഡിൽ നിന്നും രക്ഷപ്പെടുത്താൻ കാര്യക്ഷമമായ ഒരു ഇടപെടലും സർക്കാർ നടത്തിയിട്ടില്ല. പകരം പരിഹാസ്യമായ ചില പ്രഖ്യാപനങ്ങൾ നടത്തുകയാണ് ചെയ്തത്. രാജ്യം നിർണ്ണായകമായ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും അതിനെ ചോദ്യം ചെയ്യാനോ ബദൽ ഉയർത്താനോ കഴിയാത്തവിധം ദുർബലമാണ് പ്രതിപക്ഷം. വർഗീയ ഫാഷിസത്തിന് കീഴൊതുങ്ങുകയോ അവരുടെ പ്രലോഭനത്തിൽ സ്വന്തത്തെ തന്നെ പണയപ്പെടുത്തുകയോ ചെയ്തവരാണ് അവരിൽ കൂടുതലും.

രാജ്യത്തെ വിഭജിക്കുന്ന ഹിന്ദുത്വ ഫാഷിസത്തോട് രാജിയാവാത്ത നിലപാടാണ് എസ്ഡിപിഐ ഉയർത്തിപ്പിടിക്കുന്നത്. പിന്നിട്ട പതിനൊന്ന് വർഷം അതിന് സാക്ഷിയാണ്.  രാഷ്ട്രീയ ഉത്തരവാദിത്വം വർധിച്ചിരിക്കുന്നുവെന്ന സന്ദേശമാണ് പതിനൊന്നാം വാർഷികത്തിൽ പങ്കുവെക്കാനുള്ളത്. കേവലമായ ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവർത്തനമല്ല  എസ്.ഡി.പി.ഐ നടത്തിയിട്ടുള്ളത്. അരികുവൽക്കരിക്കുകയും വിവേചനത്തിന് ഇരയാവുകയും ചെയ്ത ഒരു ജനതയുടെ ഭയവും വിശപ്പും അകറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടിയാണ്. പ്രതിസന്ധിയിലകപ്പെട്ടവരെ സഹായിച്ചും അവർക്ക് രക്ഷാപ്രവർത്തനം നടത്തിയും രാഷ്ട്രീയ പ്രവർത്തനത്തിന്റെ വാർപ്പു മാതൃകകളെ പൊളിച്ചെഴുതാൻ എസ്ഡിപിഐക്കായിട്ടുണ്ട്. അതോടൊപ്പം പരിധിയില്ലാത്ത ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടവും എസ്ഡിപിഐയെ വേറിട്ട് നിർത്തുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം