ലീഗ് നേതാക്കളുടെ ട്രസ്റ്റ് വ്യാജ രേഖയുണ്ടാക്കി വഖഫ് സ്വത്ത് തട്ടിയെന്ന് സമസ്ത

Sunday June 14th, 2020

തൃക്കരിപ്പൂര്‍(കാസര്‍ഗോഡ്): മുസ്‌ലിം ലീഗ് നേതാക്കള്‍ ഭാരവാഹികളായ ട്രസ്റ്റ് വ്യാജരേഖയുണ്ടാക്കി വഖഫ് ഭൂമി കൈക്കലാക്കിയതായി പരാതി. സമസ്തയുടെ കീഴില്‍ തൃക്കരിപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാമിഅ സഅദിയ ഇസ്‌ലാമിയയുടെ പേരിലുള്ള രണ്ട് ഏക്കര്‍ മൂന്ന് സെന്റ് വഖഫ് ഭൂമി മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ട്രഷറുമായ തൃക്കരിപ്പൂര്‍ ആര്‍ട്‌സ്& സയന്‍സ് കോളജ് (TASC) ട്രസ്റ്റിന്റെ പേരില്‍ തട്ടിയെടുത്തെന്നാണു പരാതി. ആറു കോടി വിലമതിക്കുന്ന ഈ ഭൂമി വെറും മുപ്പത് ലക്ഷം രൂപ രേഖയില്‍ കാണിച്ചാണു മുസ്‌ലിംലീഗ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള കോളജ് ട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തെടുത്തത്.

ഇതു സംബന്ധിച്ച് സമസ്ത കേരള ജംഇയത്തുല്‍ ഉലമാ കാസര്‍ഗോഡ് ജില്ലാ മുശാവറ കമ്മറ്റി അംഗവും, എസ്‌കെഎസ്എസ്എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറിയും, ജാമിഅ സഅദിയ്യ വൈസ് പ്രസിഡണ്ടുമായ താജുദ്ധീന്‍ ദാരിമി പടന്നയാണ് പരാതി നല്‍കിയിരിക്കുന്നത്. ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കോളജ് ട്രസ്റ്റിന്റെ പേരില്‍ മൂന്ന് കോടിയോളം ഓഹരി പിരിച്ചതായും പുറത്ത് വന്നിട്ടുണ്ട്. വന്‍തുക നല്‍കിയവര്‍ പങ്കുവച്ച വിവരങ്ങളുടെ ശബ്ദരേഖ പരാതി നല്‍കിയവരുടെ കൈവശമുണ്ട്. ടാസ്‌ക് കോളജ് കമ്മറ്റിയിലും സഅദിയ കമ്മറ്റിയിലും സ്ഥാനമുറപ്പിച്ച ലീഗ് നേതാക്കള്‍ ആസൂത്രിതമായ് വഖഫ് ഭൂമി കൈയടക്കുകയായിരുന്നു. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായി ജനുവരിയില്‍ ആലോചന യോഗം ചേരുകയും 51 ശതമാനം ജാമിയയുടെ പേരിലും 49 ശതമാനം കോളജിനും നല്‍കാന്‍ താല്‍കാലിക ധാരണയായിരുന്നു. കോളജിന്റെ നഷ്ടമായ അഫിലിയേഷന്‍ തിരിച്ചെടുക്കാനുള്ള നടപടിയായാണ് യോഗത്തില്‍ അവതരിപ്പിച്ചത്. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ തീരുമാനം ജില്ലാ മുഷാവറ ചര്‍ച്ച ചെയ്യുകയും സംസ്ഥാന സമിതിയുടെ അനുമതി ലഭിക്കുന്ന മുറക്ക് മറ്റ് നടപടികളിലേക്ക് നീങ്ങാമെന്നുമായിരുന്നു യോഗത്തിന്റെ ധാരണ. എന്നാല്‍ അനുമതിക്ക് കാത്തുനില്‍ക്കാതെ ഫെബ്രുവരി 20ന് യോഗം ചേര്‍ന്നതായും ഭൂമി കൈമാറാന്‍ പ്രധാനിയായ ഒരാള്‍ക്ക് ചുമതല നല്‍കിയതായും വ്യാജ രേഖയുണ്ടാക്കി. ജാമിയയുടെ ഒരു ഭാരവാഹിയുടെ തൃക്കരിപ്പൂര്‍ എട്ടാം വാര്‍ഡിലെ വീട്ടില്‍ വച്ചായിരുന്നു രഹസ്യമായി രജിസ്‌ട്രേഷന്‍. നടപടികള്‍ ക്രമപ്രകാരമാണെങ്കില്‍ എന്തിനാണ് വീട്ടില്‍വച്ചു രഹസ്യമായി രജിസ്‌ട്രേഷന്‍ ചെയ്തത് എന്ന ചോദ്യം പ്രസക്തമാണ്. ജനറല്‍ ബോഡി ചേരുകയോ മറ്റ് കമ്മിറ്റി ഭാരവാഹികളുടെ അറിവോ ഇല്ലാതെയായിരുന്നു കൈമാറ്റം. കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡില്‍ 6930 നമ്പറായി രജിസ്റ്റര്‍ ചെയ്തതാണ് ഈ സ്ഥാപനം. മുഴുവന്‍ വസ്തുക്കളും വഖഫ് നിയമപ്രകാരം വഖഫായി പരിഗണിക്കപ്പെടും. ആറ് കോടി വിലമതിക്കുന്ന ഭൂമിക്കും കെട്ടിടത്തിനുമായി വെറും 30 ലക്ഷം രൂപയാണ് രേഖയില്‍ കാണിച്ചിരിക്കുന്നത്. സംഭവം പുറത്തായതോടെ അണികളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പരാതിക്കാരനായ താജുദ്ധീന്‍ ദാരിമിയെ പിന്തുണച്ച് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് നേതാക്കളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം