കോവിഡ് 19; ഗൾഫിൽ മരിച്ച മലയാളികൾ 195 ആയി

സൗദി അറേബ്യയിൽ 1484 പേരുൾപ്പെടെ ഗൾഫിൽ രണ്ടായിരത്തിലേറെ പേർ കോവിഡ് ബാധയെ തുടർന്ന് അത്യാസന്ന നിലയിലാണ്

Sunday June 7th, 2020

ദുബയ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്നലെ എട്ട് മലയാളികള്‍ മരിച്ചു. സൌദിയിലും കുവൈത്തിലും മൂന്ന് വീതം മലയാളികളും യുഎഇയിലും ബഹ്റൈനിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 195 ആയി.

ലാബ് ടെക്നീഷ്യയായി ജോലി ചെയ്തിരുന്ന പത്തനംതിട്ട എലന്തൂര്‍ സ്വദേശിനി ജൂലി ഷിജുവാണ് സൌദിയിലെ ദമ്മാമില്‍ മരിച്ചത്. 41 വയസ്സ് പ്രായമായിരുന്നു. പത്തനംതിട്ട കൊടുമണ്‍ സ്വദേശി 55 കാരനായ ഹരികുമാര്‍ കരുണാകരന്‍ പിള്ളയും ദമ്മാമില്‍ മരിച്ചു. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി ചികില്‍സയിലായിരുന്നു. ഹാഇലിലാണ് സൌദിയിലെ മൂന്നാമത്തെ മരണം. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ 53 കാരന്‍ നസീറാണ് ഇവിടെ മരിച്ചത്. ഇതോടെ സൌദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 54 ആയി.

കുവൈത്തിലും മൂന്ന് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കുന്ദമംഗലം പൂവാട്ട്പറമ്പ് കുറ്റിക്കടവ് സ്വദേശി 39 കാരനായ നാല്കണ്ടത്തിൽ അജ്‍മൽ സത്താർ, തിരുവനന്തപുരം ആനയറ സ്വദേശി 61 കാരനായ ശ്രീകുമാര്‍ നായര്‍, കൊല്ലം പറവൂർ സ്വദേശി 42 കാരിയായ ഉഷാ മുരുകന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ കുവൈത്തിലെ മലയാളി മരണങ്ങള്‍ 37 ആയി.

ആലപ്പുഴ മാവേലിക്കര മാങ്കാംകുഴി ശ്രീകൃഷ്ണ നിലയത്തിൽ ദേവരാജനാണ് അജ്മാനിൽ മരിച്ചത്. 64 വയസ്സായിരുന്നു. ബഹ്റൈനിലും ആദ്യമായി മലയാളി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാലാ സ്വദേശി നൈനാൻ സി മാമൻ ആണ് മരിച്ചത്. ന്യൂമോണിയ ബാധിതനായാണ് ഇദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. 46 വയസ്സായിരുന്നു.

ഇന്നലെ മാത്രം കോവിഡ് ബാധിച്ച് ഗൾഫിൽ 49 പേരാണ് മരിച്ചത്. ഇതോടെ ഗൾഫിലെ കോവിഡ് ബാധിത മരണം 1352 ആയി. സൗദിയിലാണ് 34 മരണം. കുവൈത്തിൽ പത്തും ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ രണ്ടു വീതവും യു.എ.ഇയിൽ ഒരാളും ഇന്നലെ കോവിഡിനു കീഴടങ്ങി. 7,414 പേർക്കാണ് ഇന്നലെ മാത്രം ഗൾഫിൽ കോവിഡ് സ്ഥിരീകരിച്ചത്. സൗദി അറേബ്യയിൽ മരണസംഖ്യയും രോഗികളുടെ എണ്ണവും കുതിക്കുകയാണ്. ഇന്നലെ മാത്രം 34 മരണം. 3123 പുതിയ കേസുകൾ. ഇതോടെ സൗദിയിൽ മരണസംഖ്യ 676ഉം രോഗികളുടെ എണ്ണം ലക്ഷത്തിലേക്കും അടുക്കുകയാണ്. കുവൈത്തിൽ പത്തു മരണം റിപ്പോർട്ട് ചെയ്തതോടെ മൊത്തം മരണസംഖ്യ 254ൽ എത്തി. രോഗികളുടെ എണ്ണത്തിൽ പക്ഷെ, കുറവുണ്ട്. വെറും 487മാത്രം. ഖത്തറിൽ രണ്ടു മരണം. രോഗികളുടെ എണ്ണത്തിലും വർധനയുണ്ട്. 1700 ആണ് പുതിയ രോഗികളുടെ എണ്ണം. ഒമാനിലാണ് പുതിയ രോഗികളുടെ എണ്ണം ഗണ്യമായി ഉയർന്നത്, 930. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം ഒമാനിൽ പതിനാറായിരം കടന്നു. നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് വരുത്തിയ യു.എ.ഇയിൽ മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. ഒരു മരണവും 626 പുതിയ കേസുകളും മാത്രമാണ് പിന്നിട്ട ഇരുപത്തിനാലു മണിക്കൂറിൽ യു.എ.ഇയുടെ ബാക്കിപത്രം. ഇരുപത് ലക്ഷം ടെസ്റ്റുകൾ പൂർത്തീകരിച്ച യു.എ.ഇ എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കാനുള്ള നീക്കത്തിലാണ്. മലയാളി ഉൾപ്പെടെ രണ്ട് മരണം റിപ്പോർട്ട് ചെയ്ത ബഹ്റൈനിൽ 548 ആണ് പുതിയ കേസുകൾ. രോഗം ഭേദപ്പെട്ടവരുടെ എണ്ണം വീണ്ടും ഉയർന്നതാണ് സാന്ത്വനം നൽകുന്ന വാർത്ത. 1,68000 പേർക്കാണ് ഗൾഫിൽ ഇതിനകം പൂർണരോഗവിമുക്തി. അതേസമയം സൗദി അറേബ്യയിൽ 1484 പേരുൾപ്പെടെ ഗൾഫിൽ രണ്ടായിരത്തിലേറെ പേർ കോവിഡ് ബാധയെ തുടർന്ന് അത്യാസന്ന നിലയിലാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം