കഠിനകുളം പീഡനം: അഞ്ചു വയസുകാരനെ സാക്ഷിയാക്കും

പിതാവ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ അഞ്ചു വയസ്സുകാരൻ മൊഴി നൽകി. അമ്മയെ ഉപദ്രവിക്കുന്നത് താൻ കണ്ടെന്നും താൻ കരഞ്ഞപ്പോൾ തന്നെ തള്ളിയിട്ടെന്നുമാണ് അഞ്ച് വയസ്സുകാരൻ പോലീസിനോട് പറഞ്ഞത്.

Saturday June 6th, 2020

തിരുവനന്തപുരം: കഠിനകുളം പീഡനക്കേസില്‍ മാതാവിനെ ഉപദ്രവിക്കുന്നത് നേരിട്ടുകണ്ട അഞ്ചു വയസ്സുകാരനെ പ്രധാനസാക്ഷിയാക്കാന്‍ പോലിസ്. പിതാവ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ അഞ്ചു വയസ്സുകാരൻ മൊഴി നൽകി. അമ്മയെ ഉപദ്രവിക്കുന്നത് താൻ കണ്ടെന്നും താൻ കരഞ്ഞപ്പോൾ തന്നെ തള്ളിയിട്ടെന്നുമാണ് അഞ്ച് വയസ്സുകാരൻ പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ മനോജ് എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ പീഡന സംഘത്തിന് കൊണ്ടുകൊടുത്തത് ഇയാളാണെന്നാണ് പോലിസ് പറയുന്നത്. സംഭവത്തില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തേ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയാകും പ്രതികളെ ഹാജരാക്കുക.

ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള പ്രതികളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി നൗഫലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികള്‍ സഞ്ചരിച്ചിരുന്ന നൗഫലിന്റെ ഓട്ടോ കണ്ടെത്തിയിട്ടുണ്ട്. ഈ ഓട്ടോയിലാണ് യുവതിയെ പ്രതികള്‍ പീഡനം നടന്ന വീട്ടിലെത്തിച്ചത്. കേസിൽ ഭർത്താവ് ഉൾപ്പെടെ ഏഴ് പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ഭർത്താവിന് പുറമേ ചാന്നാങ്കര ആറ്റരുകത്ത് വീട്ടിൽ മൻസൂർ (40), ചാന്നാങ്കര പുതുവൽ പുരയിടത്തിൽ അക്ബർ ഷാ (20), ചാന്നാങ്കര അൻസി മൻസിലിൽ അർഷാദ് (35), പള്ളിപ്പുറം സിആർപിഎഫ് ജങ്ഷൻ പുതുവൽ പുത്തൻ വീട്ടിൽ നൗഫൽ ഷാ (27), പോത്തൻകോട് പാലോട്ടുകോണം കരിമരത്തിൽ വീട്ടിൽ അൻസാർ (33), വെട്ടുതുറ പുതുവൽ പുരയിടത്തിൽ രാജൻ സെബാസ്റ്റ്യൻ (62) എന്നിവരാണ് പിടിയിലായത്.

സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് യുവതി നല്‍കിയിരിക്കുന്ന മൊഴി. രാജന്‍ ഭര്‍ത്താവിന് തലേദിവസം പണം നല്‍കുന്നത് കണ്ടതായി യുവതി മൊഴി നല്‍കി. ഭർത്താവ് ലഹരിക്ക് അടിമയാണെന്നും നിരവധിതവണ വീട്ടിൽവെച്ച് മദ്യപിക്കാൻ നിർബന്ധിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി. പണം വാങ്ങി ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് പീഡിപ്പിക്കാന്‍ അവസരം ഒരുക്കിയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഇത് കൂടാതെ പ്രതികള്‍ക്കെതിരെ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്. മൊബൈല്‍ പിടിച്ചു വാങ്ങിയെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രധാന പ്രതി നൗഫലിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി.

യുവതിയെ പീഡിപ്പിച്ച കേസിന് പുറമേ സംഭവത്തിൽ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. അതിനാൽ കുട്ടിയുടെ മൊഴി കേസിൽ ഏറെ നിർണായകമാണെന്നാണ് പോലിസ് പറയുന്നത്. അതിനിടെ, സംഭവസ്ഥലത്ത് നിന്ന് യുവതിയുടെ ബാഗും ചെരിപ്പും ചുരിദാറിന്റെ ഷാളും പോലിസ് കണ്ടെടുത്തിട്ടുണ്ട്. യുവതിയുടെ ഭർത്താവാണ് പീഡനത്തിന് ഒത്താശചെയ്തത്. ബീച്ചിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് വ്യാഴാഴ്ച വൈകീട്ട് പോത്തൻകോട്ടെ വീട്ടിൽനിന്ന് യുവതിയെയും രണ്ടു മക്കളെയും കഠിനംകുളത്തെ രാജൻ സെബാസ്റ്റ്യന്റെ വീട്ടിലെത്തിച്ചത്. അവിടെവെച്ച് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു.

സംഘത്തിലെ ഒരാൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ മൂത്ത മകനെയുമെടുത്ത് യുവതി ഇറങ്ങിയോടി. ഇളയമകൻ നേരത്തേ ഭർത്താവിനൊപ്പം പുറത്തേക്ക് പോയിരുന്നു. പിറകേയെത്തിയവർ ഭർത്താവ് പ്രശ്നമുണ്ടാക്കുകയാണെന്നും തിരികെയെത്തണമെന്നും നിർബന്ധിച്ചു. അവിടെനിന്ന് യുവതിയെ ഇവർ ഓട്ടോയിൽക്കയറ്റി തൊട്ടടുത്ത കാട്ടിലെത്തിച്ച് പീഡിപ്പിച്ചു. മുഖത്തടിക്കുകയും ദേഹത്ത് പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന മകന്റെ മുന്നിൽവെച്ചാണ് യുവതി ക്രൂരമായ പീഡനത്തിനിരയായത്. ബോധം നഷ്ടപ്പെട്ട യുവതി മകന്റെ കരച്ചിൽകേട്ട് ഉണർന്നു. മകനെ വീട്ടിലാക്കണമെന്ന് പറഞ്ഞ് ഇവരുടെ വാഹനത്തിൽക്കയറാതെ റോഡിലേക്ക് ഓടി. വഴിയിൽക്കണ്ട കാറിന് കൈകാണിച്ച് അതിൽക്കയറുകയായിരുന്നു. അവരോട് സംഭവങ്ങൾ പറയുകയും പോത്തൻകോട്ടുള്ള വീട്ടിലെത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. യുവതിയെ വീട്ടിലെത്തിച്ചശേഷം കാർ യാത്രക്കാർ കഠിനംകുളം പോലിസിൽ അറിയിച്ചു. സംഭവത്തിനുശേഷം മകനുമായി വീട്ടിലെത്തിയ ഭർത്താവ് സംഭവത്തെക്കുറിച്ച് പോലിസിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. യുവതിയുടെ അമ്മയാണ് പോലിസിൽ പരാതി നൽകിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം