വീട്ടമ്മയുടെ കൊലപാതകം; പോലിസ് അന്വേഷണം കാണാതായ കാര്‍ കേന്ദ്രീകരിച്ച്

ഗ്യാസ് ലീക്ക് ചെയ്യുന്നതായി റോഡിലൂടെ പോയ ചിലര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സാണ് ആദ്യമെത്തിയത്. മുന്‍ വാതില്‍ പൊളിച്ച് അകത്തു പ്രവേശിച്ചപ്പോള്‍ സ്വീകരണ മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഷീബയുടെ മൃതദേഹം. തൊട്ടടുത്ത് മര്‍ദ്ദനമേറ്റ് അവശനായ നിലയിലായിരുന്നു ഭര്‍ത്താവ് സാലി.

Tuesday June 2nd, 2020
കൊല്ലപ്പെട്ട ഷീബ

കോട്ടയം: താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് കാര്‍ വീട്ടില്‍ നിന്ന് കൊണ്ട് പോയത്. അക്രമി രാവിലെ വീട്ടിലെത്തിയിരുന്നതായി പൊലീസ് പറയുന്നു. കാര്‍ വീട്ടുമുറ്റത്ത് നിന്ന് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ കാറില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും ദൃശ്യങ്ങളില്‍ കാണാം. രാവിലെ 10 മണിക്ക് മുമ്പായിട്ടാണ് കാറ് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുള്ളത്. വീട്ടിലെ ഗ്യാസ് ലീക്ക് ചെയ്ത മണം പുറത്തേക്ക് വന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. കവര്‍ച്ചാശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വീട്ടമ്മയെ കൊലപ്പെടുത്തിയ അക്രമി സംഘം ഭര്‍ത്താവിനെയും അതിക്രൂരമായി ആക്രമിച്ചിരുന്നു. ഭാര്യയുടെ മൃതദേഹത്തിനരികെ പരുക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന ഭര്‍ത്താവിനെ എട്ടു മണിക്കൂറിനു ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മന്‍സില്‍ വീട്ടില്‍ മുഹമ്മദ് സാലിക്കിന്റെ ഭാര്യ ഷീബയാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് സാലിക്ക് ഗുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ കൊലപാതകം വിവരം പുറത്തറിഞ്ഞത്. ഗ്യാസ് ലീക്ക് ചെയ്യുന്നതായി റോഡിലൂടെ പോയ ചിലര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സാണ് ആദ്യമെത്തിയത്. മുന്‍ വാതില്‍ പൊളിച്ച് അകത്തു പ്രവേശിച്ചപ്പോള്‍ സ്വീകരണ മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഷീബയുടെ മൃതദേഹം. തൊട്ടടുത്ത് മര്‍ദ്ദനമേറ്റ് അവശനായ നിലയിലായിരുന്നു ഭര്‍ത്താവ് സാലി. ഇരുവരുടെയും തലയ്‌ക്കേറ്റ പരിക്ക് ടീപ്പോയ് കൊണ്ട് അടിച്ചതാകാമെന്നാണു പൊലീസ് കരുതുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ല. ഇരുവരുടെയും കൈകാലുകള്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. ഇവരെ വൈദ്യുത ഷോക്ക് ഏല്‍പ്പിച്ചതായി സംശയമുണ്ട്. കസേരയും ടീപ്പോയും തകര്‍ത്തിരുന്നു. അലമാര കുത്തിത്തുറക്കാന്‍ ശ്രമം നടത്തി. സാധനങ്ങള്‍ വലിച്ചു പുറത്തിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ നിന്ന് എന്തൊക്കെ മോഷണം പോയെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. കാറ് മോഷണം പോയത് സിസിടിവിയില്‍ നിന്ന് വ്യക്തമാണ്. പണവും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. ബന്ധുക്കള്‍ വന്ന് കണക്കെടുപ്പു നടത്തിയാലേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ. മകള്‍ വിദേശത്തായതിനാല്‍ വര്‍ഷങ്ങളായി സാലിയും ഷീബയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. അതുകൊണ്ടുതന്നെ കൊല്ലപ്പെട്ട ഷീബയും മുഹമ്മദ് സാലിക്കും ഒറ്റയ്ക്കാണ് താമസമെന്ന് അറിയാവുന്നവരാകും അക്രമികള്‍ എന്നാണ് പൊലീസ് പറയുന്നത്. വീട്ടിലേക്ക് കയറുന്ന വാതിലിനോടു ചേര്‍ന്നു തന്നെയാണ് ഷീബയുടെ മൃതദേഹം കണ്ടത്. വാതില്‍ തുറന്നയുടന്‍ അക്രമി സംഘം ഇവരെ കീഴ്‌പ്പെടുത്തിയിരിക്കാമെന്നു പൊലീസ് പറയുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം