എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി

Wednesday May 20th, 2020

തിരുവനന്തപുരം: മെയ് മാസം നടത്താനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം നടത്തും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍വകലാശാല പരീക്ഷകളും മാറ്റും. ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താവുന്ന വിധത്തില്‍ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം വരും. അതിന് ശേഷം പുതുക്കിയ തിയതി പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിയ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം തന്നെ നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സാമൂഹിക അകലം പാലിച്ച് പരീക്ഷ എഴുതാനാകുമോ എന്നെല്ലാമുള്ള ഒട്ടേറെ ആശങ്കകള്‍ നിലവിലുണ്ടായിരുന്നെങ്കിലും പരീക്ഷ നടത്തിപ്പ് തീരുമാനവുമായി മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്.

ലോക്ക് ഡൗണ്‍ ഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുതെന്ന കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സമയബന്ധിതമായി തന്നെ പരീക്ഷ നടത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ തീരുമാനമാണ് ഇപ്പോള്‍ പുനപരിശോധനക്ക് വിധേയമാക്കുന്നത്. പതിമൂന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക അകലം പാലിച്ച് പരീക്ഷ എഴുതാനാകുമോ, പല ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും ഒക്കെ പെട്ട് പോയവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുമോ, അധ്യാപകര്‍ക്ക് എത്താന്‍ കഴിയുമോ, വാഹന സൗകര്യം അടക്കമുള്ള നടപടികളെങ്ങനെ തുടങ്ങി നിരവധി ആശങ്കകള്‍ ആണ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നത്. പ്രതിപക്ഷം അടക്കം ആവശ്യപ്പെട്ടിട്ടും മുടങ്ങിയ പരീക്ഷകള്‍ നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്തി മുന്നോട്ട് പോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. മെയ് 26 മുതല്‍ പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് പോകുകയായിരുന്നു. ഒരാശങ്കയും വേണ്ടെന്നും പരീക്ഷ നടത്തിപ്പ് തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ ചില സംഘടനകളും രക്ഷിതാക്കളും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയുമായിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം തിരുത്തിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം