കോഴിക്കോട്: കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള യാത്രാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. കോവിഡ് ഭീതിയെ തുടര്‍ന്ന് ലോകം നിശ്ചലമായതിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും വിസാ കാലാവധി കഴിഞ്ഞവരുമാണ് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായവരില്‍ വലിയൊരു ഭാഗം. ഗര്‍ഭിണികള്‍, വയോധികര്‍, രോഗികള്‍ ഉള്‍പ്പെടെയുള്ളവരും നാട്ടിലെത്തുന്നതിന് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഹാരത്തിനു പോലും വകയില്ലാതെ മുറികളില്‍ കഴിഞ്ഞിരുന്നവരാണ് അവരില്‍ ഭൂരിഭാഗവും. കോവിഡ് രോഗവ്യാപനം തടയുന്നതിനുള്ള മാനദണ്ഡമനുസരിച്ചുള്ള വര്‍ധിച്ച വിമാനക്കൂലി നല്കാന് തൊഴിലും വരുമാനവും നിലച്ചുപോയ പ്രവാസികള്‍ക്കാവില്ല. ആയതിനാല്‍ ഇത്തരത്തില്‍ പ്രതിസന്ധിയിലായ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള യാത്രാ ചെലവ് ഏറ്റെടുത്ത് അവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് മജീദ് ഫൈസി അഭ്യര്‍ത്ഥിച്ചു.
പ്രവാസികളുടെ യാത്രാ ചിലവ് സംസ്ഥാന സർക്കാർ വഹിക്കണം; മജീദ് ഫൈസി
Thursday May 7th, 2020