കൊല്ലപ്പെട്ട സുചിത്രയെ കുഴിച്ചുമൂടാന്‍ പ്രതി കാല്‍പാദങ്ങള്‍ മുറിച്ചുമാറ്റി

Thursday April 30th, 2020

പാലക്കാട്: പാലക്കാട്ട് കൊല്ലപ്പെട്ട കൊല്ലം സ്വദേശിനി സുചിത്രയുടെ മൃതദേഹം പ്രതി പ്രശാന്ത് പെട്രോളൊഴിച്ച് കത്തിക്കാനും ശ്രമിച്ചു. ഇതിന് കഴിയാതായപ്പോള്‍ കാല്‍മുട്ട് വരെയും പാദങ്ങളും മുറിച്ച് വേര്‍പ്പെടുത്തി വീടിന്റെ മതിലിനോടു ചേര്‍ന്ന ചതുപ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. പുലര്‍ച്ച കൊല്ലത്തെ ഭാര്യവീട്ടിലേക്ക് പോയ പ്രശാന്ത്, ഏപ്രില്‍ രണ്ടിന് അച്ഛനെയും അമ്മയെയും കൂട്ടി വീണ്ടും പാലക്കാട്ടെത്തി. ഇവരെ വീട്ടിലാക്കി വീണ്ടും കൊല്ലത്തേക്ക് മടങ്ങി. സൈബര്‍ സെല്‍ സഹായത്തോടെ സുചിത്രയുടെ മൊബൈല്‍ കാള്‍ പിന്തുടര്‍ന്നാണ് കൊല്ലം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ജോസി ചെറിയാന്‍, ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കേസിന്റെ ചുരുളഴിച്ചത്. പാലക്കാട് തഹസില്‍ദാര്‍ കെ.എം. മണികണ്ഠന്‍, സീനിയര്‍ പൊലീസ് സര്‍ജന്‍ പി.ബി. ഗുജ്‌റാള്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. വൈകീട്ട് പാലക്കാട് ജില്ല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മാര്‍ച്ച് 17ന് എറണാകുളത്ത് ബ്യൂട്ടിഷ്യന്‍ ട്രെയിനിങ്ങിനെന്ന് പറഞ്ഞ് കൊല്ലത്തെ സ്ഥാപനത്തില്‍നിന്ന് പോയ സുചിത്ര തുടര്‍ന്ന് രണ്ടുദിവസം വീട്ടിലേക്ക് വിളിച്ചിരുന്നു. 20നും വിവരമില്ലാതായതോടെയാണ് പിതാവ് ശിവദാസന്‍ പിള്ള പരാതി നല്‍കിയത്. സുചിത്ര വിവാഹബന്ധം വേര്‍പെടുത്തിയതാണ്.

സുചിത്രയുടെ മൃതദേഹം വീടിനു പിറകില്‍ നിന്നു കണ്ടെടുക്കുന്നു

ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതെറ്റിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രശാന്ത്, ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കത്തിക്കരിഞ്ഞ നിലയിലാണ് സുചിത്രയുടെ കാലുകളും പാദങ്ങളും കുഴിയില്‍നിന്ന് എടുത്തത്. കൊലക്കുപയോഗിച്ച സാമഗ്രികളില്‍ ചിലത് പൊലീസ് കണ്ടെടുത്തു. അടുത്തദിവസം സ്ഥലത്ത് കൂടുതല്‍ പരിശോധന നടത്തും കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണെങ്കിലും പ്രശാന്ത് പത്തുവര്‍ഷമായി പാലക്കാട്ടാണ് താമസം. ചെമ്പൈ സംഗീത കോളജില്‍ എം.എ മ്യൂസിക് പൂര്‍ത്തിയാക്കിയ ഇയാള്‍ കൊട്ടശ്ശേരിയില്‍ സംഗീതാധ്യാപകനായി ജോലി ചെയ്യുകയാണ്. മറ്റ് ചില കേന്ദ്രങ്ങളിലും സംഗീത ക്ലാസുകളും എടുക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ വിവാഹിതനായത്. കഴിഞ്ഞ മേയിലാണ് കുടുംബവുമായി മണലി ഹൗസിങ് കോളനിയിലെ ശ്രീരാംനഗറില്‍ വാടകവീടെടുത്തത്. മാസങ്ങളോളം മാതാപിതാക്കളും കൂടെയുണ്ടായിരുന്നു. നഗരത്തില്‍ പ്രശാന്തിന് ശിഷ്യരായി നിരവധി കുട്ടികളുണ്ട്. സൗമ്യ പ്രകൃതക്കാരനായിരുന്ന ഇയാള്‍, മിതഭാഷിയായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. മാര്‍ച്ച് 17ന് രാത്രി സുചിത്രയുമായി പ്രശാന്ത് എത്തിയിട്ടും വീട്ടില്‍ ആളനക്കമുള്ളതായി തോന്നിയിരുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. വീടിന്റെ ജനലുകളും അടുക്കള ഭാഗവുമെല്ലാം അടച്ചുപൂട്ടിയ നിലയിലായിരുന്നു. വീട്ടിനുള്ളില്‍ കൊല നടക്കുകയും പിന്നീട് മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തിട്ടും പരിസരത്ത് ആര്‍ക്കും ഒന്നും അറിയാന്‍ കഴിഞ്ഞില്ല. കുഴിയെടുത്ത ഭാഗത്തെ പുല്‍ക്കാടുകള്‍ക്ക് പ്രശാന്ത് തീയിട്ടിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം