പടയോട്ട ചരിത്രത്തിന് സാക്ഷിയായി ഊരകം മല

By ടി മൊയ്തീന്‍കുട്ടി|Tuesday April 28th, 2020

ടി മൊയ്തീന്‍കുട്ടി

ബ്രിട്ടീഷ് സാമ്രാജ്യത്ത്വ അധിനിവേശത്തിനെതിരെ സമര പോരാട്ട ചരിത്രത്തിലേ സമര ചൂടിന്റെ ശേഷിപ്പുകളുടെയും സ്ഥല നാമങ്ങളുടെയും നേര്‍കാഴ്ചകളാണ് ഊരകം മല. ദേശ സ്‌നേഹികളായ മാപ്പിള യോദ്ധാക്കള്‍ ചരിത്രം രചിച്ച ചേറൂര്‍ പടയുടെ സ്ഥലമായ ചേറൂരിന്റെ ഭാഗങ്ങളില്‍ നിന്നാണ് ഊരകം മല തുടങ്ങുന്നത്. കലാപ സമയത്ത് മമ്പുറം സയ്യിദ് അലവി തങ്ങളും പോരാളികളും ഒളിത്താവളമാക്കിയിരുന്നത് ഊരകം മലയേയാണ്. തങ്ങള്‍ ഒളിവ് കാലത്ത് അംഗസ്‌നാനം ചെയ്യാന്‍ പാറയില്‍ അടിച്ച് രൂപപ്പെട്ട പാറ പിളര്‍പ്പിലൂടെ വെള്ളം ഒഴുകിയതായി പറയപ്പെടുന്ന തോണിക്കുഴി, മമ്പുറം തങ്ങള്‍ ഇക്കാലത്ത് നിസ്‌കരിച്ചിരുന്നുവെന്ന് പറയപ്പെടുന്ന അടയാളപ്പാറ എന്നിവയും ഈ മലയുടെ ഭാഗങ്ങളിലാണ്.
ബ്രിട്ടീഷുകാര്‍ വെടിയുതിര്‍ത്തപ്പോള്‍ യുദ്ധ തന്ത്രത്തിന്റെ ഭാഗമായി തങ്ങള്‍ വസ്ത്രം പാറകെട്ടിലിടുകയും തങ്ങളാണെന്ന് കരുതി ബ്രിട്ടീഷുകാര്‍ വസ്ത്രത്തിന് വെടിവെച്ച് പാറയില്‍ വെടിത്തുളകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഈ സ്ഥലത്തെ തുളപ്പാറ എന്ന് വിളിച്ചു. അധിനിവേശ പോരാട്ടത്തില്‍ ബ്രിട്ടീഷുകാര്‍ ഒളിത്താവളമാക്കിയിരുന്നത് ഒരു കുളത്തിലാണ്. ചേനക്കുളം എന്ന് വിളിക്കുന്ന ഈ സ്ഥലവും ഊരകം മലയുടെ ഭാഗമാണ്.
ടൂറിസം മാപ്പില്‍ ഇടം പിടിച്ച ഊരകം മലയിലേ ചെരുപ്പടിമലയുടെ പേരിലും മമ്പുറം സയ്യിദ് അലവി തങ്ങളുടെ കാലഘട്ടവുമായി ബന്ധമുള്ളതായി പഴമക്കാര്‍ പറയുന്നു. കാശ്മീര്‍ താഴ്‌വരയെ ഓര്‍മ്മിപ്പിക്കുന്ന ഊരകം മലയിലേ താഴ്‌വരയായ കിളിനക്കോട് കാശ്മീരിന്റെ പേരിലുമുണ്ട് ഏറെ കൗതുകം. കൃഷിയും വനങ്ങളും മാത്രമായിരുന്ന ഊരകം മലയുടെ ഭാഗങ്ങളെല്ലാം പ്രകൃതി ചൂഷണം കൊണ്ട് ഗര്‍ത്തങ്ങളായപ്പോള്‍ പോരാട്ട ചരിത്രത്തിന്റെ പല ഭാഗങ്ങളും വിളിപ്പേരില്‍ മാത്രമായി ഒതുങ്ങി. പേരിനോട് ചേര്‍ന്ന പല സ്മാരകങ്ങളും കരിങ്കല്‍ ഖനനത്തില്‍ മാഞ്ഞ് പോയി. എങ്കിലും കാര്‍ഷികവൃത്തിക്ക് പേരുകേട്ട ഈ മലയില്‍ വിയര്‍പ്പിനൊപ്പം പോരാട്ടത്തിന്റെയും ഗന്ധമുണ്ട്. ഇന്ന് അപ്രത്യക്ഷമായ പല സ്ഥല പേരുകളും കല്ലുകളും നിലനിന്നിരുന്ന സ്ഥലം എവിടെയെന്ന് തിരിച്ചറിയാന്‍ പോലും പുതിയ തലമുറക്ക് കഴിയുന്നില്ല.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം