ചണ്ഡീഗഡ്: സെപ്റ്റംബര്‍ വരെ ഇന്ത്യയില്‍ കൊറോണവ്യാപനം തുടരുമെന്നും അത്രയും കാലം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ തുടരുക അസാധ്യമാണെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. വൈറസ് വ്യാപനത്തെ കുറിച്ച് വിദഗ്ധര്‍ നല്കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മെയ് മൂന്ന് വരെയാണ് നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വൈറസ് വ്യാപനത്തിന്റെ സാധ്യത സെപ്റ്റംബര്‍ വരെ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ അനുയോജ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആശുപത്രി വികസനത്തിനും വൈറോളജി ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിക്കുന്നതിനുമായി 729 കോടി രൂപ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും അമരീന്ദര്‍ സിങ് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സംയുക്തപ്രതികരണം ലഭിക്കുന്നത് വരെ കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിനായി കാത്തിരിക്കുമെന്നും അമരീന്ദര്‍ വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് 184 പേര്‍ക്കാണ് പഞ്ചാബില്‍ കോവിഡ്19 ബാധിച്ചത്. ഇതില്‍ 14 പേര് രോഗവിമുക്തരായി. 13പേര് മരിച്ചു. ആരോഗ്യകുടുംബക്ഷേമവകുപ്പ് പുറത്തുവിട്ട കണക്കാണിത്. 18 ജില്ലകളില്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.