മീ ടു; നടന്‍ അര്‍ജുനെതിരെ നടി ശ്രുതി ഹരിഹരന്‍

Monday October 22nd, 2018

ബംഗളൂരു: നടി സംഗീത ഭട്ടിന് പിന്നാലെ കന്നട സിനിമാലോകത്ത് വീണ്ടും മീ ടു വെളിപ്പെടുത്തല്‍. താന്‍ പലപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കന്നട നടിയും മലയാളിയുമായ ശ്രുതി ഹരിഹരന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചിട്ടുണ്ടെന്നുമാണ് ശ്രുതിയുടെ തുറന്നു പറച്ചില്‍. നേരത്തെ തന്നെ സാന്‍ഡല്‍വുഡിലെ(കന്നട സിനിമ) കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ശ്രുതി ആരോപണം ഉന്നയിച്ചിരുന്നു. വിസ്മയ എന്ന ദ്വിഭാഷ ചിത്രത്തിനിടെയാണ് അര്‍ജുന്‍ സര്‍ജ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്നും റിഹേഴ്‌സലിനിടെ സമ്മതമില്ലാതെ അര്‍ജുന്‍ തന്റെ പിന്‍ഭാഗത്ത് കൈകൊണ്ട് സ്പര്‍ശിച്ച് ദേഹത്തേക്ക് വലിച്ചടുപ്പിക്കുകയായിരുന്നുവെന്നും ശ്രുതി വെളിപ്പെടുത്തി. ഇതുകൂടാതെ ജോലിക്കുശേഷം അര്‍ജുന്‍ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. താരമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രിവിലേജ് ഇനി ആര്‍ക്കു നേരെയും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ല. അതുകൊണ്ടാണ് തന്റെ അനുഭവം തുറന്നുപറയുന്നത്.

ഇതിനിടെ, ശ്രുതി ഹരിഹരന്റെ വെളിപ്പെടുത്തലിന് പിന്നാലെ മറ്റൊരു സ്ത്രീയും നടനെതിരെ ആരോപണവുമായി രംഗത്തെത്തി. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്ത്രീയാണ് ബംഗളൂരുവില്‍ മാധ്യമങ്ങളോട് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. 15വര്‍ഷം മുമ്പ് അര്‍ജുന്‍ സര്‍ജ അഭിനയിച്ച അര്‍ജുനുഡു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രത്തില്‍ വിദ്യാര്‍ഥികള്‍ ഒന്നിച്ചുള്ള രംഗത്തിലാണ് ഇവര്‍ അഭിനയിച്ചത്. തന്നോട് മുറിയിലേക്ക് വരാന്‍ അര്‍ജുന്‍ ആവശ്യപ്പെട്ടുവെന്നും അപമര്യാദയായി പെരുമാറിയെന്നും ഇവര്‍ ആരോപിച്ചു.

അതെ സമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ച നടി ശ്രുതി ഹരിഹരനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്ന് നടന്‍ അര്‍ജുന്‍ വ്യക്തമാക്കി. ഓരോ സീനും നന്നാക്കുന്നതിനായി താന്‍ ഒപ്പം അഭിനയിക്കുന്നവരുമായി സംസാരിക്കാറുണ്ട്. സ്ത്രീകളെ തെറ്റായി സ്പര്‍ശിക്കാനായി സിനിമ പ്രഫഷനെ ഉപയോഗിക്കാനുള്ള മോശം മാനസികാവസ്ഥ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെയും മീ ടു വെളിപ്പെടുത്തല്‍ പുറത്തുവന്നു. ബംഗളൂരു സ്വദേശിനിയായ ബി.ജെ.പി മഹിള മോര്‍ച്ച അംഗം മാധുരി മുദ്ദോല്‍ ആണ് ബി.ജെ.പി നേതാക്കളുടെ പേരുപറയാതെ ഫേസ്ബുക്കിലൂടെ മീ ടു വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍ ബി.ജെ.പി മന്ത്രി ആഡംബര ഹോട്ടലിലേക്ക് കാപ്പി കുടിക്കാന്‍ ക്ഷണിച്ചുവെന്നും തനിക്കുവേണ്ടി ഹോട്ടലില്‍ മുറിയെടുത്തുതരാമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. തിരിച്ചുപോകാന്‍ ഒരുങ്ങിയപ്പോള്‍ 500 രൂപ നോട്ടുകള്‍ അടങ്ങിയ കെട്ട് മന്ത്രി ബാഗില്‍ ഇടുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. മന്ത്രിയെ കൂടാതെ മറ്റൊരു ബി.ജെ.പി നേതാവും തന്നോട് ഇത്തരത്തില്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍, വെളിപ്പെടുത്തല്‍ വാര്‍ത്തയായതോടെ മാധുരി പോസ്റ്റ് നീക്കം ചെയ്തു.
ഇതിനിടെ ആരോപണവിധേയനായ മന്ത്രി ഇപ്പോഴത്തെ കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡയാണെന്ന ആരോപണങ്ങളെ അദ്ദേഹം നിഷേധിച്ചു. അവര്‍ മഹിള മോര്‍ച്ചയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ മന്ത്രി ആയിരുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നുവെന്നും, ഇത്തരം ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം