നിലക്കലില്‍ വന്‍ സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമം

Wednesday October 17th, 2018

പത്തനംതിട്ട: നിലയ്ക്കലില്‍ വന്‍ സംഘര്‍ഷം. ഏഴ് മാധ്യമപ്രവര്‍ത്തകര്‍ക്ക് സമരക്കാരുടെ ആക്രമണത്തില്‍ പരുക്ക്. പമ്പയിലേക്ക് പോകാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തകര്‍ത്തു. റിപ്പബ്ലിക് ടിവി, ഇന്ത്യാ ടുഡേ, സിഎന്‍എന്‍, ന്യൂസ് 18 സംഘങ്ങള്‍ക്കുനേരെ ആക്രമണം. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉപകരണങ്ങള്‍ തകര്‍ത്തു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസിനും പൊലീസ് വാഹനത്തിനും നേരെ കല്ലേറ്. നിലയ്ക്കല്‍ പ്രക്ഷോഭകരുടെ നിയന്ത്രണത്തിലായി. പൊലീസ് എണ്ണത്തില്‍ കുറവായത് ക്ഷീണമായി.

അക്രമം തുടര്‍ന്നാല്‍ നിലയ്ക്കലില്‍ പൊലീസ് നടപടിക്ക് സാധ്യതയുണ്ട്. മൂന്നൂറ് പൊലീസുകാരെക്കൂടി ഉടന്‍ പമ്പയില്‍ വിന്യസിക്കും. നിലയ്ക്കലിലും പമ്പയിലും കമാന്‍ഡോ ബറ്റാലിയനുകള്‍ എത്തും. സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് മറച്ച ബാനര്‍ മാറ്റി. പമ്പയില്‍ പ്രതിഷേധം നടത്തുന്നവരാണ് ബോര്‍ഡിന്റെ മറ നീക്കിയത്. നേരത്തെ സമരപന്തല്‍ പൊളിച്ച് പൊലീസ് പ്രതിഷേധക്കാരെ വിരട്ടിയോടിച്ചെങ്കിലും ഇവര്‍ തിരിച്ചെത്തി പൊളിച്ച പന്തല്‍ പുനസ്ഥാപിച്ചു. റോഡിന് ഒരു വശം പൊലീസും ഒരു വശം സമരക്കാരും നിലയുറപ്പിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ കഴിഞ്ഞദിവസം രാത്രി കാര്‍ തടഞ്ഞ 8 പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുലര്‍ച്ചയോടെ കൂടുതല്‍ പൊലീസ് നിലയ്ക്കലിലെത്തി. വാഹനം തടഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് അവഗണിച്ച് രാവിലെ രണ്ടുപേര്‍ വാഹനം തടഞ്ഞതോടെ പൊലീസ് ഇടപെട്ടു. പ്രതിഷേധക്കാരെ വിരട്ടിയോടിച്ച് സമരപ്പന്തല്‍ പൊളിച്ചു നീക്കി.

ഐജി മനോജ് ഏബ്രഹാമടക്കമുള്ളവര്‍ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. എന്നാല്‍ ബിജെപി പ്രവര്‍ത്തകരും ഹിന്ദുഐക്യവേദി പ്രവര്‍ത്തകരും പത്തുമണിയോടെ നിലയ്ക്കലിലേക്ക് എത്തി. ഇതോടെ പൊലീസ് വിരട്ടിയോടിച്ച ആചാരസംരക്ഷണസമിതിക്കാരും തിരികെയെത്തി. പൊളിച്ചുനീക്കിയ പന്തല്‍ വീണ്ടും കെട്ടി. കൂടുതല്‍ പ്രതിഷേധക്കാരെത്തിയതോടെ പൊലീസ് കാഴ്ചക്കാരായി. അയ്യപ്പന്‍മാരുമായെത്തിയ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു. ബസിന് നേരെ കല്ലേറുമുണ്ടായി. ബസ് പരിശോധിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരെ മാറ്റി ബസ് കടത്തിവിട്ടു. എന്നാല്‍ പൊലീസ് നില്‍ക്കുന്നതിന് മീറ്ററുകള്‍ക്കപ്പുറത്ത്. വനിതാമാധ്യമപ്രവര്‍ത്തകയുടെ വാഹനം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. നിലയ്ക്കലില്‍ പാതയുടെ ഒരു വശത്ത് പൊലീസും മറുവശത്ത് സമരക്കാരും നിലയുറപ്പിച്ചിരിക്കുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം