മീ ടു കാംപയിന്‍; അലന്‍സിയറിനെതിരെ നടി ദിവ്യ ഗോപിനാഥ്

Tuesday October 16th, 2018
2

കോഴിക്കോട്: നടന്‍ അലന്‍സിയറിനെതിരായ മീ ടൂ ആരോപണം ഉന്നയിച്ചത് താനെന്ന് നടി ദിവ്യ ഗോപിനാഥ്. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അലന്‍സിയറിനെതിരായ ആരോപണം സ്ഥിരീകരിച്ച് ദിവ്യ രംഗത്തെത്തിയത്.

അലന്‍സിയര്‍ മറ്റൊരു സെറ്റില്‍വെച്ച് സിനിമയിലെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ വിവരം ആഭാസം എന്ന ചിത്രത്തിന്റെ സംവിധായകന്‍ അറിയാന്‍ൃ ഇടയായി. ഇതേതുടര്‍ന്ന് തനിക്കെതിരെ സംസാരം ഉണ്ടാകുകയും അപമാനം നേരിട്ട സാഹചര്യത്തില്‍ അലന്‍സിയറെ വിളിച്ചപ്പോള്‍ അദ്ദേഹം തെറ്റ് ഏറ്റുപറഞ്ഞ് പൊട്ടിക്കരഞ്ഞു ക്ഷമ ചോദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രായത്തെ കരുതി അന്ന് ഞാന്‍ ക്ഷമാപണം വിശ്വസിച്ചെന്നും ദിവ്യ വ്യക്തമാക്കുന്നു.

മറ്റ് പല സെറ്റുകളില്‍ വെച്ച് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അലന്‍സിയറില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി തനിക്ക് അറിയാന്‍ കഴിഞ്ഞു. മാനസികനിലയുടെ പ്രശ്‌നം കൊണ്ടല്ല ഇയാള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്ന് എനിക്ക് മനസിലായ സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് കുറിപ്പെഴുതിയത്. മീ ടൂ കാമ്പയിനിലൂടെ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ തനിക്ക് നേരിട്ട മോശം അനുഭവങ്ങള്‍ തുറന്നു പറയാനുള്ള ഉചിതമായ സമയമെന്ന് തീരുമാനിച്ചു.

അലന്‍സിയറിന്റെ വ്യക്തി ജീവിതമോ സിനിമ അഭിനയമോ തകര്‍ക്കാന്‍ ഉദ്ദേശമില്ല. എനിക്കുണ്ടായ മനോവിഷമങ്ങള്‍ എന്തെന്ന് അലന്‍സിയറെ അറിക്കണമെന്ന് ഉണ്ടായിരുന്നു. മുഖംമൂടിവെച്ചുള്ള ഇയാളുടെ പെരുമാറ്റം പുറത്തു കൊണ്ടുവരേണ്ടതാണ്. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറിയും കെ.പി.എ.സി ലളിതയും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് പീഡനങ്ങള്‍ എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടെന്നാണ്. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്.

അലന്‍സിയര്‍ അംഗമായ അഭിനേതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയാല്‍ വിലപ്പോവില്ലെന്ന് അറിയാവുന്നത് കൊണ്ട് അതിന് മുതിര്‍ന്നില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ സംഘടന ഇരയോടും കുറ്റാരോപിതനോടും സ്വീകരിക്കുന്ന നിലപാട് എല്ലാവര്‍ക്കും അറിവുള്ളതാണ്. അതിനാല്‍ സിനിമയിലെ തുടക്കകാരിയും സംഘടനയില്‍ അംഗവുമല്ലാത്ത താന്‍ പരാതിപ്പെട്ടാല്‍ പരിഹാരം ഉണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം.

ഡബ്ല്യൂ.സി.സിയോട് തനിക്കുണ്ടായ അനുഭവം പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ജസ്റ്റിസ് ഹേമ കമീഷന്‍ മുമ്പാകെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി. തന്നെ നേരില്‍ വിളിച്ച് വിവരങ്ങള്‍ മനസിലാക്കാമെന്ന് ജസ്റ്റിസ് ഹേമ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ദിവ്യ ഗോപിനാഥ് പറയുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അടക്കമുള്ളവരില്‍ നിന്ന് മോശം പെരുമാറ്റങ്ങള്‍ ഉണ്ടെന്നത് സത്യമാണ്. എന്റെ അച്ഛനോടും അമ്മയോടും എല്ലാ വിവരങ്ങളും പറഞ്ഞ ശേഷമാണ് നേരില്‍ ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്. ഫേസ്ബുക്കില്‍ മോശം കമിന്റിട്ട് ഒതുക്കാമെന്ന് ആരും നോക്കേണ്ടെന്നും ദിവ്യ ഗോപിനാഥ് വീഡിയോയില്‍ വ്യക്തമാക്കുന്നു.

പുതുമുഖ സംവിധായകന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ ഏഴു തവണ അലന്‍സിയറില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായെന്നാണ് ദിവ്യ ഗോപിനാഥ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഒരിക്കല്‍ മുറിയിലേക്ക് അനുവാദമില്ലാതെ കയറുകയും കിടക്കയില്‍ കിടക്കാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റൊരിക്കല്‍ സഹതാരത്തൊടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ മറ്റൊരു പ്രമുഖ താരം സ്ത്രീകളോട് മോശമായി പെരുമാറുന്നത് വിവരിച്ച് തന്റെ ശരീരത്തിലേക്ക് നോക്കിയെന്നും ദിവ്യ ഗോപിനാഥ് കുറിപ്പില്‍ വിശദീകരിച്ചിരുന്നു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം