കെ എം ഷാജിക്കെതിരെ കോഴ ആരോപണം; ലീഗ് നേതാവിനെ പുറത്താക്കി

Monday September 18th, 2017

കോഴിക്കോട്: അഴീക്കോട് എംഎല്‍എ കെഎം ഷാജി 25 ലക്ഷം രൂപ കോഴ കൈപറ്റിയെന്ന പരാതിയുന്നയിച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. അഴീക്കോട് പഞ്ചായത്തിലെ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റായ നൗഷാദ് പൂതപ്പാറയെയാണ് പുറത്താക്കിയത്. തന്നെ പുറത്താക്കിയ കാര്യം ചന്ദ്രികയിലൂടെയാണ് അറിഞ്ഞതെന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും നൗഷാദ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. പുറത്താക്കാനുള്ള കാരണം എന്താണെന്ന് അറിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ്‌കുമാറിനൊപ്പം ചേര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിയെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയതാണ് പുറത്താക്കാന്‍ കാരണമെന്നാണ് തനിക്ക് വിവരമെന്നും അദ്ദേഹം പറഞ്ഞു.

അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് കെ എം ഷാജി 25 ലക്ഷം രൂപ കൈപറ്റിയെന്നാണ് ആരോപണം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹയര്‍സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കുന്നതിനു ശുപാര്‍ശ ചെയ്യുന്നതിനായി ലീഗ് പൂതപ്പാറ ശാഖാ കമ്മിറ്റിയെ അഴീക്കോട് ഹൈസ്‌കൂള്‍ അധികൃതര്‍ സമീപിച്ചിരുന്നു. പ്ലസ്ടു അനുവദിക്കുകയാണെങ്കില്‍ പൂതപ്പാറ ലീഗ് ഓഫിസ് കെട്ടിടനിര്‍മാണത്തിനായി ഒരു തസ്തികയ്ക്കു സമാനമായ തുക നല്‍കാമെന്നും ഹൈസ്‌കൂള്‍ മാനേജ്‌മെന്റ് ഉറപ്പുനല്‍കിയിരുന്നുവത്രെ. മണ്ഡലം ലീഗ് പ്രസിഡന്റ് ടി സൈഫുദ്ദീന്‍, പ്രഫ. കെ മഹ്മൂദ്, സി കെ മുസ്തഫ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം.
ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്‍ദേശപ്രകാരം വിഷയം കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയ കെ വി മുഹമ്മദ് കുഞ്ഞിയോട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഇതോടെ 2014ല്‍ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിച്ചു. ഇതിനു പിന്നാലെ വാഗ്ദാനപ്രകാരമുള്ള 25 ലക്ഷം രൂപ പ്രാദേശിക കമ്മിറ്റിക്കു നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായി. എന്നാല്‍, തുക തന്നോട് ചര്‍ച്ച ചെയ്തശേഷം നല്‍കിയാല്‍ മതിയെന്ന് കെ എം ഷാജി എംഎല്‍എ മാനേജരോട് നിര്‍ദേശിച്ചു. ഇതോടെ പണം നല്‍കാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ മാനേജര്‍ തങ്ങളെ അറിയിച്ചതായി പൂതപ്പാറ പഞ്ചായത്ത് കമ്മിറ്റിക്ക് ലഭിച്ച പരാതിയില്‍ ആരോപിക്കുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം