ഡോ. ഹാദിയ; എറണാകുളം മഹാരാജാസിനു മുമ്പില്‍ വിദ്യാര്‍ഥി പ്രതിഷേധം

Friday September 15th, 2017

കൊച്ചി: ഡോ.ഹാദിയക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തില്‍ പ്രതിഷേധിച്ച് മഹാരാജാസ് കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥി സമൂഹം ഒത്തുചേര്‍ന്നു. മനുഷ്യാവകാശം മൗലികാവകാശം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എറണാകുളം നഗരത്തിന്റെ വിവിധഭാഗങ്ങളിലുള്ള കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഹാദിയക്കായി ഒത്തുചേര്‍ന്നത്.
കേരളത്തിന് തൊടാന്‍ ധൈര്യമില്ലാത്ത ഒരു കേസായിട്ടാണ് ഹാദിയ കേസ് നിലനില്‍ക്കുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്ത് സാമൂഹ്യപ്രവര്‍ത്തക മൃദുല ഭവാനി പറഞ്ഞു. കേരളത്തില്‍ ആദ്യമായിട്ട് ഒരു വിദ്യാര്‍ഥി കൂട്ടായ്മ ഹാദിയക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ സമരമാണിതെന്നും ഹാദിയക്ക് വേണ്ടി ധൈര്യത്തോടെ ശബ്ദമുയര്‍ത്താനും സംസാരിക്കാനും വളരെ ചുരുക്കം ആളുകള്‍ മാത്രമേയുള്ളൂവെന്നതാണ് യാഥാര്‍ഥ്യമെന്നും അവര്‍ പറഞ്ഞു.
ഹാദിയയുടെ വീട് സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ പോലിസ് കേസ് ഇതുവരെ കോടതിയിലെത്തിയിട്ടില്ല. സംഭവങ്ങള്‍ക്ക് ശേഷം തന്റെ വീടൊഴിച്ച് ബാക്കിയുള്ള അഞ്ചു പേരുടെയും വീട്ടില്‍ പോലിസ് എത്തിയെന്നും അത് എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും മൃദുല ഭവാനി പറഞ്ഞു. തന്റെ കൂടെയുണ്ടായിരുന്ന ശബ്‌നയെ പോലിസ് ക്രൂരമായി പീഡിപ്പിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. ഹാദിയക്ക് തന്റെ സഹ ജീവികളോട് ആശയ വിനിമയം നടത്താനും തന്റെ വീടിന് പുറത്തുള്ള ശുദ്ധവായു ശ്വസിക്കാനും ലോകത്തോട് ബന്ധപ്പെടാനുമുള്ള എല്ലാ അവകാശങ്ങളും ക്രൂരമായി നിഷേധിക്കുകയാണ് ഭരണകൂടമെന്നും മൃദുല ഭവാനി പറഞ്ഞു.
ഹാദിയയുടെ വിഷയത്തില്‍ പ്രതീക്ഷ നല്‍കേണ്ട ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് സങ്കടം നല്‍കുന്നതാണെന്ന് തിരിച്ചറിയണമെന്നും കൂട്ടായ്മയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ പറഞ്ഞു. കാവിയണിഞ്ഞ പോലിസുകാര്‍ ഹാദിയയോട് ചെയ്ത് കൊണ്ടിരിക്കുന്നതെന്താണെന്ന് നാം ഓരോരുത്തരും തിരിച്ചറിയണമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഭരണഘടനപരമായ അവകാശലംഘനവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ് ഹാദിയ നേരിടുന്നതെന്നും മാതാപിതാക്കളുടെ കയ്യില്‍ നിന്നും ഹാദിയയെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് എറണാകുളം മഹാരാജാസ് കോളജിന് മുന്നില്‍ ഇത്തരമൊരു സമരവുമായി രംഗത്തുവന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഹാദിയയക്ക് പിന്തുണ പ്രഖ്യാപിച്ചും സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചും പ്ലക്കാര്‍ഡുകളുമേന്തി നൂറോളം വിദ്യാര്‍ഥികള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം