അഭിപ്രായ സര്‍വെയില്‍ മജീദും രണ്ടത്താണിയും; വേങ്ങര ഉപതിരഞ്ഞെടുപ്പ് ലീഗിന് തലവേദനയാകുന്നു

By സ്വന്തം ലേഖകന്‍|Thursday September 7th, 2017

മലപ്പുറം: ആസന്നമായ വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് മണ്ഡലത്തില്‍ അഭിപ്രായ സര്‍വെ നടന്നതായി സൂചന. മുസ്ലിംലീഗ് കോളജ് അധ്യാപക സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് മണ്ഡലത്തില്‍ സര്‍വെ നടത്തിയത്.
മുന്‍ എം.പി ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് വേങ്ങര സിറ്റിങ് എം.എല്‍.എയായിരുന്ന പദവി കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ സീറ്റില്‍ നിന്ന് മത്സരിച്ചത്. ഈ സാഹചര്യത്തിലാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കുഞ്ഞാലിക്കുട്ടി ലോകസഭയിലേക്ക് മല്‍സരിച്ചതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യം പുകഞ്ഞിരുന്നു. മണ്ഡലത്തില്‍ നിന്ന് പിന്‍മാറിയത് ഏറെ ക്ഷീണമുണ്ടാക്കുമെന്ന തരത്തിലാണ് പാര്‍ട്ടിയിലെ പല ഘടകങ്ങളും ഇതിനോട് പ്രതികരിച്ചിരുന്നത്. ഇതെ തുടര്‍ന്നാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ വിജയസാധ്യതയെക്കുറിച്ചു പഠിക്കാന്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം അധ്യാപക സംഘടന സര്‍വെ നടത്തിയത്.

മണ്ഡലത്തിലെ ആറു പഞ്ചായത്തുകലിലെയും ജനപ്രതിനിധികള്‍, മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങി എഴുനൂറോളം പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വെ നടത്തിയത്. കെ പി എ മജീദ്, അഡ്വ. കെ എന്‍.എ ഖാദര്‍, സി പി ബാവഹാജി എന്നിവരാണ് സര്‍വെ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ കെ പി എ മജീദ്, പാര്‍ട്ടി വക്താവും മുന്‍ എം.എല്‍.എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി എന്നിവര്‍ക്കാണ് സര്‍വെയില്‍ മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. പട്ടികയില്‍ ഇല്ലാതിരുന്നിട്ടും അബ്ദുറഹിമാന്‍ രണ്ടത്താണിക്കു ലഭിച്ച പിന്തുണയും ശ്രദ്ധേയമാണ്. സര്‍വെയില്‍ പങ്കെടുത്തവരുടെ നിര്‍ദേശ പ്രകാരം രണ്ടത്താണിയുടെ പേര് പിന്നീട് ചേര്‍ക്കുകയായിരുന്നു. സര്‍വെ ചോദ്യാവലിയില്‍ പതിനേഴാമതായി ചേര്‍ത്തിരുന്ന മുകളില്‍ പറഞ്ഞവരല്ലാത്ത സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കാമെന്ന ചോദ്യത്തിന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനുമായ പി കെ അസ്ലു എന്നിവരുടെ പേരുകളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലും ഇപ്രകാരം സര്‍വെ നടത്തിയാണ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മുസ്ലിംലീഗ് അന്തിമ തീരുമാനമെടുത്തിരുന്നത്. ലീഗ് അനുകൂല സ്കൂള്‍ അധ്യാപക സംഘടനയായ കെ.എസ്.ടി.യുവും സര്‍വെ നടത്താനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. അതെ സമയം, സ്ഥാനാര്‍ഥിത്വം തങ്ങള്‍ക്കു വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന യൂത്ത്‌ലീഗിന് സര്‍വെഫലം തിരിച്ചടിയായിരിക്കുകയാണ്. പി കെ ഫിറോസിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് യൂത്ത്‌ലീഗിന്റെ ആവശ്യം. സര്‍വെഫലത്തില്‍ പി കെ ഫിറോസ് നാലാമനായതോടെ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടുമോയെന്ന ആശങ്കയിലാണ് യൂത്ത്‌ലീഗ് നേതൃത്വം. അതെ സമയം, പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ക്ക് അനഭിമതരായവര്‍ക്ക് സര്‍വെയില്‍ മുന്‍ഗണന ലഭിച്ചതോടെ സര്‍വെ തള്ളിപ്പറഞ്ഞിരിക്കുയാണ് നേതൃത്വം. സര്‍വെക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് മുതിര്‍ന്ന നേതാവും എം.പിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഇതെക്കുറിച്ച് പ്രതികരിച്ചത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം