ദിലീപിന് ജാമ്യമില്ല; കാവ്യയുമായുള്ള ബന്ധം തിരിച്ചടിയായി

Tuesday August 29th, 2017

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ഇതു രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി വ്യക്തമാക്കി. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണ്. കുറ്റപത്രം തയാറായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്നും കോടതി നിരീക്ഷിച്ചു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ഒറിജിനല്‍ മെമ്മറി കാര്‍ഡും കണ്ടെത്തണം. നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചെന്ന പ്രതികളുടെ നിലപാട് അവിശ്വസനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധിപറഞ്ഞത്. സ്വന്തം പേരില്‍ 28 കേസുകള്‍ നിലവിലുള്ള കൊടുംകുറ്റവാളിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേര്‍ത്തിരിക്കുന്നതെന്നായിരുന്നു ദിലീപിന്റെ വാദം. സിനിമാ സെറ്റിലും താരസംഘടനയുടെ റിഹേഴ്‌സല്‍ ക്യാംപിലും പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയെന്ന വാദം തെറ്റാണെന്നും ദിലീപ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ പ്രോസിക്യൂഷന്‍, കാക്കനാട് ജയിലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനോടാണ് ദിലീപിന്റെ പങ്ക് പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയതെന്ന് കോടതിയെ അറിയിച്ചു. പോലീസുകാരന്റെ ഫോണില്‍നിന്ന് നടി കാവ്യ മാധവന്റെ കടയിലേക്ക് വിളിച്ചതായും സുനിയുടെ മൊഴിയുണ്ട്. ദിലീപ് കിങ് ലയറാണെന്നും വാദത്തിനിടെ പ്രോസിക്യൂഷന്‍ നിലപാടെടുത്തിരുന്നു. ദിലീപിനെതിരായ തെളിവുകള്‍ കഴിഞ്ഞ ദിവസം മുദ്രവച്ച കവറില്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രണ്ടാംഭാര്യയും നടിയുമായ കാവ്യമാധവനുമായി പള്‍സര്‍ സുനിക്കുള്ള ബന്ധവും ദിലീപിന് വിനയായിട്ടുണ്ടെന്നാണ് സൂചന. കേസില്‍ അന്വേഷണസംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും.

അതെ സമയം, ദിലീപ് ജയിലിലായിട്ട് 50 ദിവസം പിന്നിട്ടിരിക്കുകയാണ്. ജാമ്യം തേടി സുപ്രീംകോടതിയിലേക്ക് പോവുകയാണ് ഇനി ദിലീപിനു മുന്‍പിലുള്ള ഏക വഴി. ഇതുസംബന്ധിച്ച ഒരുക്കങ്ങള്‍ നടത്തുന്നതായും സൂചനയുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം